യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ ഇന്റർ യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെന്ററിൽ ഗവേഷണം; അപേക്ഷ ക്ഷണിച്ചു
മെറ്റീരിയൽസ് സയൻസ്, ന്യൂക്ലിയർ ഫിസിക്സ്, ആക്സിലറേറ്റർ ഫിസിക്സ് എന്നീ മേഖലകളിലെ ആക്സിലറേറ്റർ അധിഷ്ഠിത പരീക്ഷണാത്മക ഗവേഷണത്തിനാണ് അവസരം

ന്യൂഡൽഹി : യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ (യുജിസി) സ്വയംഭരണ സ്ഥാപനമായ ന്യൂഡൽഹി, ഇന്റർ-യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെന്റർ (ഐയുഎസി) സ്ഥാപനത്തിലെ 2025-26 പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെറ്റീരിയൽസ് സയൻസ്, ന്യൂക്ലിയർ ഫിസിക്സ്, ആക്സിലറേറ്റർ ഫിസിക്സ് എന്നീ മേഖലകളിലെ ആക്സിലറേറ്റർ അധിഷ്ഠിത പരീക്ഷണാത്മക ഗവേഷണത്തിനാണ് അവസരം. യോഗ്യത.
55 ശതമാനം മാർക്കോടെ 2023-ലോ അതിനുശേഷമോ നേടിയ, ഫിസിക്സ്/അപ്ലൈഡ് ഫിസിക്സിലെ ബിരുദാനന്തര ബിരുദം (പ്ലസ്ടു കഴിഞ്ഞ് അഞ്ചുവർഷത്തെ പഠനത്തിലൂടെ നേടിയ ബിരുദം) വേണം ബാച്ച്‌ലർ തലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം. ഫിസിക്കൽ സയൻസസിൽ സിഎസ്ഐആർ-യുജിസി നെറ്റ്-ജെആർഎഫ് [ഡിസംബർ 2023 മുതൽ ഉള്ളത് ആകാം] യോഗ്യത നേടിയിരിക്കണം. അല്ലെങ്കിൽ മറ്റ് തത്തുല്യമായ ദേശീയതല പരീക്ഷകളിലൊന്നിൽ യോഗ്യത നേടിയിരിക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തീയതിയും സമയവും അറിയിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർ, ഫലംപ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പ്രവേശനം നേടണം. ഇവർക്ക് ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) പിഎച്ച്ഡിക്ക് രജിസ്റ്റർചെയ്യാം. പ്രവേശനം നേടി, യുജിസി മാനദണ്ഡമനുസരിച്ച് രണ്ട് സെമസ്റ്റർ കോഴ്സ് വർക്ക് പൂർത്തിയാക്കണം. ഹോസ്റ്റൽസൗകര്യം ഒരുക്കും.iuac.res.in വഴി ഓഗസ്റ്റ് ഏഴിന് രാത്രി 11.59-നകം അപേക്ഷിക്കണം. ബിരുദാനന്തരബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അവരുടെ പിജി അന്തിമഫലം അഭിമുഖത്തിന്റെ സമയത്ത് ലഭ്യമാകണം.