വെള്ളായണി കാര്‍ഷിക കോളേജില്‍ കാര്‍ഷിക, ഭക്ഷ്യ, അനുബന്ധ വ്യവസായ ഇന്‍കുബേറ്റർ 'കെ-അഗ്‌ടെക് ലോഞ്ച്പാഡ്'; 14-ന് ഉദ്ഘാടനം
കര്‍ഷകര്‍, കാര്‍ഷികസംരംഭകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഇന്‍കുബേറ്റര്‍.

തിരുവനന്തപുരം : കാര്‍ഷികമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേഷന്‍ പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കാന്‍ വെള്ളായണി കാര്‍ഷിക കോളേജില്‍ ഇന്‍കുബേറ്റര്‍ സ്ഥാപിക്കുന്നു. കാര്‍ഷിക സര്‍വകലാശാല, നബാര്‍ഡ്, ഓസ്ട്രേലിയയിലെ വെസ്റ്റേണ്‍ സിഡ്‌നി സര്‍വകലാശാല എന്നിവ ചേര്‍ന്നാണ് 'കെ അഗ്‌ടെക് ലോഞ്ച്പാഡ്' എന്നപേരില്‍ കാര്‍ഷിക, ഭക്ഷ്യ, അനുബന്ധ വ്യവസായ ഇന്‍കുബേറ്ററിനു തുടക്കമിടുന്നത്.
വെള്ളായണി കാര്‍ഷിക കോളേജ് ഡീന്‍ ഡോ. റോയ് സ്റ്റീഫന്റെയും പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ കോളേജിലെ കാര്‍ഷിക വിജ്ഞാന വിഭാഗം മേധാവി ഡോ. അലന്‍ തോമസിന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതി 14-ന് രാവിലെ 11-ന് മന്ത്രി ഉദ്ഘാടനം ചെയ്യും.
നബാര്‍ഡിന്റെ സാമ്പത്തിക സഹായവും കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗത്തിന്റെ പങ്കാളിത്തവും പ്രയോജനപ്പെടുത്തിയാണിത് നടപ്പാക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. കര്‍ഷകര്‍, കാര്‍ഷികസംരംഭകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഇന്‍കുബേറ്റര്‍. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍വകലാശാലയുടെ പദ്ധതിക്ക് അടങ്കല്‍ തുകയായ 15 കോടിയോളം രൂപ നബാര്‍ഡിന്റെ ഗ്രാന്റായി ലഭിക്കുന്നത്.