റബ്ബര്‍ കയറ്റുമതി നടന്നില്ല; സഹായപദ്ധതി അവസാനിപ്പിക്കാന്‍ ബോര്‍ഡ്
ജൂണ്‍ 30-ന് ശേഷം പദ്ധതി തുടരേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
കോട്ടയം : റബ്ബര്‍ കയറ്റുമതിക്കുള്ള സഹായപദ്ധതി റബ്ബര്‍ബോര്‍ഡ് തുടരില്ല. മാര്‍ച്ച് 15-ന് പ്രഖ്യാപിച്ച പദ്ധതിപ്രകാരം ഒരു കിലോഗ്രാം ഷീറ്റ് കയറ്റുമതി ചെയ്യുന്നതിന് അഞ്ചുരൂപയാണ് ഏജന്‍സികള്‍ക്ക് ബോര്‍ഡ് സഹായം പറഞ്ഞിരുന്നത്.40 ടണ്‍ വരെ കയറ്റുമതിചെയ്യുന്നവര്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെയും കിട്ടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കയറ്റുമതി ദീര്‍ഘനാളായി ഇല്ലാതിരുന്നതിനാല്‍ വിദേശ ഏജന്‍സികളെ കണ്ടെത്താനോ ചരക്ക് ശേഖരിക്കാനോ കയറ്റുമതി ലൈസന്‍സികള്‍ താത്പര്യം കാട്ടിയില്ല. ജൂണ്‍ 30-ന് പദ്ധതിയുടെ കാലാവധി തീരും.ആഭ്യന്തരവിപണിയില്‍ ആര്‍.എസ്.എസ്. നാലിന് കിലോഗ്രാമിന് 150 രൂപ വരെയായിനിന്നിരുന്ന സ്ഥിതിക്ക് മെച്ചമുണ്ടാക്കാന്‍ ഈ പ്രഖ്യാപനംകൊണ്ട് കഴിഞ്ഞെന്ന് റബ്ബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എം.വസന്തഗേശന്‍ പറഞ്ഞു. കയറ്റുമതി കാര്യമായി നടന്നില്ല. പക്ഷേ, ചരക്കെടുപ്പിന് സംരംഭകരെ പ്രേരിപ്പിക്കാനായി. ജൂണ്‍ 30-ന് ശേഷം പദ്ധതി തുടരേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.അതേസമയം, ഈ അവസരം സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രയോജനപ്പെടുത്തിയില്ലെന്നാണ് ഉത്പാദകസംഘങ്ങളുടെ വിലയിരുത്തല്‍. വലിയ ഉത്പാദകരായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കയറ്റുമതി ലൈസന്‍സ് നേടി സംഭരിക്കാന്‍ ഇറങ്ങിയാല്‍ത്തന്നെ വില 200 കടന്നേനേയെന്ന് ജനറല്‍സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു. 2001-ല്‍ ഈ വിഷയത്തില്‍ കണ്ട ആവേശം സര്‍ക്കാര്‍ കാട്ടിയില്ല. അന്ന് 20,000 ടണ്‍ കയറ്റുമതി ചെയ്യാനായി. റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനായിരുന്നു ചുമതല.