സ്വയംപര്യാപ്തതയോടെ ബഹിരാകാശ ലക്ഷ്യങ്ങൾ പിന്തുടരുന്നതിലാണ് ഇന്ത്യയുടെ വിജയത്തിലേക്കുള്ള പാത നിലനിൽക്കുന്നത്: പ്രധാനമന്ത്രി
ഭാവി ദൗത്യങ്ങൾക്ക് നേതൃത്വം നൽകാൻ സജ്ജരായ 40–50 ബഹിരാകാശയാത്രികരുടെ ഒരു സംഘത്തെ ഇന്ത്യ സൃഷ്ടിക്കേണ്ടതുണ്ട്: പ്രധാനമന്ത്രി ബഹിരാകാശ നിലയം, ഗഗൻയാൻ എന്നീ രണ്ട് തന്ത്രപരമായ ദൗത്യങ്ങളാണ് ഇപ്പോൾ ഇന്ത്യക്കുള്ളത്: പ്രധാനമന്ത്രി ബഹിരാകാശയാത്രികൻ ശുക്ലയുടെ യാത്ര ഇന്ത്യയുടെ ബഹിരാകാശ അഭിലാഷങ്ങളിലെ ആദ്യപടി മാത്രമാണ്: പ്രധാനമന്ത്രി

ന്യൂഡൽഹി : 2025 ആഗസ്ത് 19
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ ന്യൂഡൽഹിയിൽ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ലയുമായി സംവദിച്ചു. ബഹിരാകാശ യാത്രയുടെ പരിവർത്തനാത്മക അനുഭവത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഇത്രയും പ്രധാനപ്പെട്ട ഒരു യാത്ര നടത്തിയ ശേഷം, ഒരാൾക്ക് മാറ്റം അനുഭവപ്പെടുമെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, ബഹിരാകാശയാത്രികർ ഈ പരിവർത്തനത്തെ എങ്ങനെ കാണുന്നുവെന്നും അനുഭവിക്കുന്നുവെന്നും ആരാഞ്ഞു. പ്രധാനമന്ത്രിയോട് പ്രതികരിച്ച ശുഭാൻഷു ശുക്ല, ബഹിരാകാശത്തെ പരിസ്ഥിതി വ്യത്യസ്തമാണെന്നും ഗുരുത്വാകർഷണത്തിന്റെ അഭാവം ഒരു പ്രധാന ഘടകമാണെന്നും പ്രസ്താവിച്ചു.
യാത്രയ്ക്കിടെ ഇരിപ്പിട ക്രമീകരണം അതേപടി തുടരുമോ എന്ന് പ്രധാനമന്ത്രി ചോദിച്ചു. "അതെ സർ, അത് അങ്ങനെ തന്നെ തുടരുന്നു" എന്ന് പറഞ്ഞുകൊണ്ട് ശുക്ല അക്കാര്യം സ്ഥിരീകരിച്ചു. ബഹിരാകാശയാത്രികർ 23-24 മണിക്കൂർ ഒരേ സജ്ജീകരണത്തിൽ ചെലവഴിക്കേണ്ടതുണ്ടെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. ഇത് സ്ഥിരീകരിച്ചു കൊണ്ട്, ബഹിരാകാശത്ത് എത്തിയാൽ ബഹിരാകാശയാത്രികർക്ക് അവരുടെ സീറ്റിൽ നിന്നും മാറി കാപ്സ്യൂളിനുള്ളിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുമെന്ന് ശുക്ല കൂട്ടിച്ചേർത്തു.
ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ലയുമായുള്ള ആശയവിനിമയം തുടർന്നു കൊണ്ട്, ബഹിരാകാശ യാത്രയുടെ ശാരീരികവും മാനസികവുമായ ആഘാതങ്ങൾ പരിശോധിച്ച പ്രധാനമന്ത്രി, കാപ്സ്യൂളിൽ മതിയായ ഇടമുണ്ടോ എന്ന് അന്വേഷിച്ചു. വളരെ വിശാലമല്ലെങ്കിലും കുറച്ച് സ്ഥലം ലഭ്യമാണെന്ന് ശുഭാൻഷു ശുക്ല മറുപടി നൽകി. ഒരു യുദ്ധവിമാനത്തിന്റെ കോക്ക്പിറ്റിനേക്കാൾ സുഖകരമായി കാപ്സ്യൂൾ തോന്നിയതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. "അതിലും മികച്ചതാണ് സർ" എന്ന് ശുക്ല സ്ഥിരീകരിച്ചു.
കൂടാതെ, ബഹിരാകാശത്ത് എത്തുമ്പോൾ സംഭവിക്കുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ച് ശ്രീ മോദിയോട് വിശദീകരിച്ചു. ഹൃദയമിടിപ്പ് ഗണ്യമായി കുറയുമെന്നും ശരീരം നിരവധി ക്രമീകരണങ്ങൾക്ക് വിധേയമാകുമെന്നും ശുക്ല എടുത്തുപറഞ്ഞു. എന്നിരുന്നാലും, നാലോ അഞ്ചോ ദിവസത്തിനുള്ളിൽ, ശരീരം ബഹിരാകാശ പരിതസ്ഥിതിയിൽ പൊരുത്തപ്പെടുകയും സാധാരണ നിലയിലാകുകയും ചെയ്യുന്നു. ഭൂമിയിലേക്ക് മടങ്ങുമ്പോൾ ശരീരത്തിൽ വീണ്ടും അതേ മാറ്റങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് ശുക്ല വിശദീകരിച്ചു. ശാരീരിക ക്ഷമതയുടെ അളവ് എത്രതന്നെയായാലും, തുടക്കത്തിൽ നടത്തം ബുദ്ധിമുട്ടായിരിക്കും. സൗഖ്യം തോന്നിയെങ്കിലും, ആദ്യ ചുവടുകൾ വയ്ക്കുമ്പോൾ തന്നെ ഇടറിവീണുവെന്നും മറ്റുള്ളവരുടെ പിന്തുണ വേണ്ടി വന്നുവെന്നും പറഞ്ഞ് അദ്ദേഹം തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ചു. നടക്കാൻ അറിയാമെങ്കിലും, പുതിയ പരിസ്ഥിതിയെ പുനഃക്രമീകരിക്കാനും മനസ്സിലാക്കാനും തലച്ചോറിന് സമയമെടുക്കും. ബഹിരാകാശ യാത്രയ്ക്ക് ശാരീരിക പരിശീലനം മാത്രമല്ല, മാനസികാവസ്ഥ അനുകൂലമാക്കേണ്ടതും ആവശ്യമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ശരീരത്തിനും പേശികൾക്കും ശക്തിയുണ്ടെങ്കിലും, നടക്കാനും പുതിയ പരിസ്ഥിതി മനസ്സിലാക്കാനും സാധാരണ രീതിയിൽ പ്രവർത്തിക്കാനുമുള്ള ശ്രമങ്ങൾ പുനഃക്രമീകരിക്കാനും തലച്ചോറിന് റീവയറിംഗ് ആവശ്യമാണെന്ന് ശുക്ല സ്ഥിരീകരിച്ചു.
ബഹിരാകാശ ദൗത്യങ്ങളുടെ ദൈർഘ്യത്തെക്കുറിച്ചുള്ള പര്യവേക്ഷണത്തെക്കുറിച്ച് ചർച്ച ചെയ്യവേ, ബഹിരാകാശയാത്രികർ ഇതുവരെ ചെലവഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ കാലയളവിനെക്കുറിച്ച് ശ്രീ മോദി അന്വേഷിച്ചു. നിലവിൽ വ്യക്തികൾ തുടർച്ചയായി എട്ട് മാസം വരെ ബഹിരാകാശത്ത് കഴിയുന്നുണ്ടെന്ന് ശുഭാൻഷു ശുക്ല അറിയിച്ചു, ഇത് ഇപ്പോഴത്തെ ദൗത്യത്തോടെ ആരംഭിച്ച ഒരു നാഴികക്കല്ലാണ്. തന്റെ ദൗത്യത്തിനിടെ ശുക്ല കണ്ടുമുട്ടിയ ബഹിരാകാശയാത്രികരെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചു. അവരിൽ ചിലർ ഡിസംബറിൽ തിരിച്ചെത്തുമെന്ന് ശുക്ല സ്ഥിരീകരിച്ചു.
ബഹിരാകാശ നിലയത്തിൽ ചെറുപയറും ഉലുവച്ചെടിയും വളർത്തുന്നതിനെക്കുറിച്ചുള്ള ശുക്ലയുടെ പരീക്ഷണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ മോദി ഉൾക്കാഴ്ചകൾ തേടി. ചില വികസനങ്ങളെക്കുറിച്ച് പലർക്കും അറിയില്ലായിരുന്നുവെന്ന് ശുക്ല ആശ്ചര്യം പ്രകടിപ്പിച്ചു. പരിമിതമായ സ്ഥലവും വസ്തുക്കൾ കൊണ്ടുപോകാനുളള ചെലവും കാരണം ബഹിരാകാശ നിലയങ്ങളിൽ ഭക്ഷണം ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കുറഞ്ഞ സ്ഥലത്ത് പരമാവധി കലോറിയും പോഷകാഹാരവും പായ്ക്ക് ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിവിധ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നും ബഹിരാകാശത്ത് ചില ഭക്ഷണങ്ങൾ വളർത്തുന്നത് വളരെ ലളിതമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു ചെറിയ പാത്രം, അൽപ്പം വെള്ളം തുടങ്ങിയ കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ച്, എട്ട് ദിവസത്തിനുള്ളിൽ മുളകൾ ഉയർന്നുവരാൻ തുടങ്ങി - സ്റ്റേഷനിൽ ശുക്ല വ്യക്തിപരമായി കണ്ട ഒരു പരീക്ഷണമാണിത്. ഇന്ത്യയുടെ അതുല്യമായ കാർഷിക കണ്ടുപിടുത്തങ്ങൾ ഇപ്പോൾ മൈക്രോഗ്രാവിറ്റി ഗവേഷണ വേദികളിൽ എത്തുന്നുണ്ടെന്ന് ശുക്ല ഊന്നിപ്പറഞ്ഞു. ഭക്ഷ്യസുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിൽ ഈ പരീക്ഷണങ്ങളുടെ സാധ്യതകളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹിരാകാശയാത്രികർക്ക് മാത്രമല്ല, ഭൂമിയിലെ ദുർബലരായ ജനവിഭാഗങ്ങൾക്കും ഇത് ഉപകാരപ്രദമാകും.
ഒരു ഇന്ത്യൻ ബഹിരാകാശയാത്രികനെ കണ്ടുമുട്ടിയപ്പോൾ അന്താരാഷ്ട്ര ബഹിരാകാശയാത്രികർ എങ്ങനെ പ്രതികരിച്ചുവെന്ന് പ്രധാനമന്ത്രി ചോദിച്ചു. കഴിഞ്ഞ ഒരു വർഷമായി, താൻ എവിടെ പോയാലും ആളുകൾ തന്നെ കാണുന്നതിൽ ആത്മാർത്ഥമായി സന്തോഷിക്കുകയും ആവേശഭരിതരാകുകയും ചെയ്തുവെന്ന് ശുക്ല പങ്കുവെച്ചു. ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളെക്കുറിച്ച് അവർ പതിവായി ചോദിക്കുമായിരുന്നു, അവർ രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച് നല്ല ധാരണയുളളവരുമാണ്. ഗഗൻയാൻ ദൗത്യത്തെക്കുറിച്ച് പലരും പ്രത്യേകിച്ചും ആവേശഭരിതരായിരുന്നു, അതിന്റെ സമയക്രമത്തെക്കുറിച്ച് അന്വേഷിച്ചു. വിക്ഷേപണത്തിലേക്ക് ക്ഷണിക്കപ്പെടാനും ഇന്ത്യയുടെ ബഹിരാകാശ പേടകത്തിൽ സഞ്ചരിക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ച് ശുക്ലയുടെ പര്യവേക്ഷണ സഹഅംഗങ്ങൾ അഭ്യർത്ഥനാ കുറിപ്പുകൾ നൽകി.
മറ്റുള്ളവർ ശുക്ലയെ ഒരു പ്രതിഭയായി വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ശ്രീ മോദി ചോദിച്ചു. ആളുകൾ ദയാപൂർവമാണ് സംസാരിച്ചതെന്ന് ശുക്ല വിനയപൂർവ്വം മറുപടി നൽകി. ഇന്ത്യൻ വ്യോമസേനയിലും പിന്നീട് ബഹിരാകാശ പൈലറ്റായും നേടിയ കഠിന പരിശീലനമാണ് അവരുടെ അഭിനന്ദനത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക പഠനം വളരെ കുറവായിരിക്കുമെന്ന് തുടക്കത്തിൽ വിശ്വസിച്ചിരുന്ന ശുക്ല, ഈ മാർഗത്തിൽ മുന്നോട്ടുപോകുന്നതിന് വിപുലമായ പഠനം ആവശ്യമാണെന്ന് പിന്നീട് കണ്ടെത്തി. ഒരു ബഹിരാകാശ പൈലറ്റാകുക എന്നത് ഒരു എഞ്ചിനീയറിംഗ് വിഷയത്തിൽ പ്രാവീണ്യം നേടുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ കീഴിൽ വർഷങ്ങളോളം പരിശീലനം നേടിയ അദ്ദേഹത്തിന് ദൗത്യത്തിനായി നന്നായി സജ്ജനാണെന്ന് സ്വയം അനുഭവപ്പെട്ടു.
ബഹിരാകാശയാത്രികനായ ശുഭാൻഷു ശുക്ലയ്ക്ക് നേരത്തെ നൽകിയിരുന്ന "ഗൃഹപാഠത്തിന്റെ" പുരോഗതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവലോകനം ചെയ്തു. പുരോഗതി മികച്ചതാണെന്ന് ശുക്ല റിപ്പോർട്ട് ചെയ്തു. ആ ദൗത്യം തീർച്ചയായും കൽപ്പിതമായതും വളരെ പ്രധാനപ്പെട്ടതാണെന്നും സ്ഥിരീകരിച്ച അദ്ദേഹം, അവബോധം സൃഷ്ടിക്കുക എന്ന അർത്ഥോടെയായിരുന്നു തന്റെ യാത്രയെന്നും പറഞ്ഞു. ദൗത്യം വിജയിക്കുകയും സംഘം സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തെങ്കിലും, അത് അവസാനമല്ല, മറിച്ച് ഒരു തുടക്കം മാത്രമായിരുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് ആദ്യപടിയാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ആ വികാരം ഉൾക്കൊണ്ടു കൊണ്ട് "അതെ സർ, ഇത് ആദ്യപടിയാണ്" എന്ന് ശുക്ല പ്രതികരിച്ചു. കഴിയുന്നത്ര പഠിക്കുകയും ആ ഉൾക്കാഴ്ചകൾ തിരികെ എത്തിക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇത്തരം ദൗത്യങ്ങൾക്ക് സജ്ജരായ 40-50 പേർ വേണമെന്ന് നിർദ്ദേശിച്ച പ്രധാനമന്ത്രി, ഇന്ത്യയിൽ ബഹിരാകാശയാത്രികരുടെ ഒരു വലിയ സംഘം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. ഇതുവരെ വളരെ കുറച്ച് കുട്ടികൾ മാത്രമേ ബഹിരാകാശയാത്രികരാകാൻ തീരുമാനിച്ചിട്ടുള്ളൂ, പക്ഷേ ശുക്ലയുടെ യാത്ര കൂടുതൽ വിശ്വാസത്തിനും താൽപ്പര്യത്തിനും പ്രചോദനം നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
1984-ൽ രാകേഷ് ശർമ്മ ബഹിരാകാശത്തേക്ക് പോയപ്പോൾ, ഒരു ദേശീയ പദ്ധതിയുടെ അഭാവം കാരണം ഒരു ബഹിരാകാശയാത്രികനാകുക എന്ന ആശയം തനിക്ക് ഒരിക്കലും തോന്നിയില്ലെന്ന് ശുക്ല ഓർമ്മിച്ചു. എന്നിരുന്നാലും, തന്റെ സമീപകാല ദൗത്യത്തിൽ, മൂന്ന് തവണ അദ്ദേഹം കുട്ടികളുമായി സംവദിച്ചു - ഒരിക്കൽ ഒരു തത്സമയ പരിപാടിയിലൂടെയും രണ്ട് തവണ റേഡിയോ വഴിയും. ഈ പരിപാടികളിൽ ഓരോന്നിലും, കുറഞ്ഞത് ഒരു കുട്ടിയെങ്കിലും അദ്ദേഹത്തോട് ചോദിച്ചു, "സർ, എനിക്ക് എങ്ങനെ ഒരു ബഹിരാകാശയാത്രികനാകാൻ കഴിയും?". ഈ നേട്ടം രാജ്യത്തിന് ഒരു വലിയ വിജയമാണെന്ന് ബഹിരാകാശയാത്രികൻ ശുക്ല പ്രസ്താവിച്ചു, ഇന്നത്തെ ഇന്ത്യ ഇനി കേവലം സ്വപ്നം കാണേണ്ടതില്ല - ബഹിരാകാശ യാത്ര സാധ്യമാണെന്നും, സാധ്യതകൾ നിലവിലുണ്ടെന്നും, ഒരു ബഹിരാകാശയാത്രികനാകുക എന്നത് നേടിയെടുക്കാവുന്നതാണെന്നും അവർക്കറിയാം. "ബഹിരാകാശത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഒരു മികച്ച അവസരമായിരുന്നു, ഇപ്പോൾ കൂടുതൽ ആളുകളെ ഈ നാഴികക്കല്ല് എത്താൻ സഹായിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്", ശുക്ല കൂട്ടിച്ചേർത്തു.
ബഹിരാകാശ നിലയം, ഗഗൻയാൻ എന്നിങ്ങനെ ഇന്ത്യയ്ക്ക് ഇപ്പോൾ രണ്ട് പ്രധാന ദൗത്യങ്ങളുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു, വരാനിരിക്കുന്ന ഈ ശ്രമങ്ങളിൽ ശുക്ലയുടെ അനുഭവം വലിയ മൂല്യവത്തായിരിക്കുമെന്ന് എടുത്തുപറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഗവൺമെന്റിന്റെ സുസ്ഥിരമായ പ്രതിബദ്ധത കണക്കിലെടുക്കുമ്പോൾ, ഇത് രാജ്യത്തിന് ഒരു പ്രധാന അവസരമാണെന്ന് ശുക്ല അനുകൂലമായി പ്രതികരിച്ചു. ചന്ദ്രയാൻ-2 വിജയിക്കാത്തത് പോലുള്ള തിരിച്ചടികൾ ഉണ്ടായിരുന്നിട്ടും, സ്ഥിരമായ ബജറ്റിംഗിലൂടെ ഗവൺമെന്റ് ബഹിരാകാശ പദ്ധതിയെ പിന്തുണയ്ക്കുന്നത് തുടർന്നുവെന്നും ഇത് ചന്ദ്രയാൻ-3 ന്റെ വിജയത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരാജയങ്ങൾക്ക് ശേഷവും അത്തരം പിന്തുണ ആഗോളതലത്തിൽ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ കഴിവിനെയും സ്ഥാനത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയ്ക്ക് നേതൃപരമായ സ്ഥാനം നേടാൻ കഴിയുമെന്നും മറ്റ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഭാരതത്തിന്റെ നേതൃത്വത്തിലുള്ള ഒരു ബഹിരാകാശ നിലയം ഒരു ശക്തമായ ഉപകരണമാകുമെന്നും ശുക്ല പ്രസ്താവിച്ചു.
ബഹിരാകാശ രംഗത്തെ സ്വയംപര്യാപ്തതയെക്കുറിച്ച് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട്, ഗഗൻയാൻ, ബഹിരാകാശ നിലയം, ചന്ദ്രനിൽ ഇറങ്ങൽ എന്നീ പരസ്പര ബന്ധിതമായ ഘടകങ്ങളെക്കുറിച്ചുള്ള ദർശനം ഒരു വിശാലവും അഭിലാഷപൂർണ്ണവുമായ സ്വപ്നത്തെ രൂപപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സ്വാശ്രയത്വത്തോടെ ഈ ലക്ഷ്യങ്ങൾ പിന്തുടരുകയാണെങ്കിൽ അവ വിജയിക്കുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പിച്ചു പറഞ്ഞു.