ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാദൗത്യം ‘ഗഗൻയാൻ’, ബഹിരാകാശ സാങ്കേതികവിദ്യയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യയുടെ പല ബഹിരാകാശ ദൗത്യങ്ങൾക്കും നേതൃത്വമേകുന്നതു വനിതാ ശാസ്ത്രജ്ഞർ: പ്രധാനമന്ത്രി
ഇന്ത്യയുടെ ബഹിരാകാശ കാഴ്ചപ്പാടു വേരൂന്നുന്നത് ‘വസുധൈവ കുടുംബകം’ എന്ന പുരാതന തത്വചിന്തയിൽ: പ്രധാനമന്ത്രി
ന്യൂഡൽഹി : 2025 മെയ് 07
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘ആഗോള ബഹിരാകാശ പര്യവേക്ഷണ സമ്മേളനം 2025’നെ (GLEX) അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള വിശിഷ്ട വ്യക്തികളെയും ശാസ്ത്രജ്ഞരെയും ബഹിരാകാശയാത്രികരെയും സ്വാഗതംചെയ്ത്, ഇന്ത്യയുടെ ശ്രദ്ധേയമായ ബഹിരാകാശ യാത്രയെ GLEX 2025-ൽ അദ്ദേഹം എടുത്തുകാട്ടി. “ബഹിരാകാശം വെറുമൊരു ലക്ഷ്യസ്ഥാനമല്ല; ജിജ്ഞാസയുടെയും ധൈര്യത്തിന്റെയും കൂട്ടായ പുരോഗതിയുടെയും പ്രഖ്യാപനംകൂടിയാണ്” – അദ്ദേഹം പറഞ്ഞു. 1963ൽ ചെറിയ റോക്കറ്റ് വിക്ഷേപിച്ചതുമുതൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ആദ്യമായി ഇറങ്ങിയ രാഷ്ട്രമാകുന്നതുവരെയുള്ള ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ ഈ മനോഭാവം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “വിക്ഷേപണഭാരങ്ങൾക്കുമപ്പുറം, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ വഹിക്കുന്നവയാണ് ഇന്ത്യയുടെ റോക്കറ്റുകൾ” – ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങൾ പ്രധാനപ്പെട്ട ശാസ്ത്രീയ നാഴികക്കല്ലുകളാണെന്നും മനുഷ്യമനോഭാവത്തിനു ഗുരുത്വാകർഷണത്തെ മറികടക്കാൻ കഴിയുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2014-ൽ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തിയ ഇന്ത്യയുടെ ചരിത്ര നേട്ടം അദ്ദേഹം അനുസ്മരിച്ചു. ചന്ദ്രയാൻ-1 ചന്ദ്രനിൽ ജലം കണ്ടെത്താൻ സഹായിച്ചുവെന്നും, ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിന്റെ ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ നൽകി എന്നും, ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള ധാരണ വർധിപ്പിച്ചെന്നും അദ്ദേഹം എടുത്തുപറഞ്ഞു. “ഇന്ത്യ കുറഞ്ഞ സമയത്തിനുള്ളിൽ ക്രയോജനിക് എൻജിനുകൾ വികസിപ്പിച്ചെടുത്തു. ഒറ്റ ദൗത്യത്തിൽ 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. ഇന്ത്യൻ വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് 34 രാജ്യങ്ങൾക്കായി 400-ലധികം ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു” - അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ബഹിരാകാശത്തു രണ്ടുപഗ്രഹങ്ങളുടെ ഡോക്കിങ് സാധ്യമാക്കിയ ഇന്ത്യയുടെ ഏറ്റവും പുതിയ നേട്ടം ബഹിരാകാശ പര്യവേക്ഷണത്തിലെ പ്രധാന ചുവടുവയ്പ്പാണെന്നു ശ്രീ മോദി വിശേഷിപ്പിച്ചു.
ഇന്ത്യയുടെ ബഹിരാകാശ യാത്ര മറ്റുള്ളവരുമായി മത്സരിക്കുന്നതിനല്ല; മറിച്ച്, ഒരുമിച്ചു കൂടുതൽ ഉയരങ്ങളിലെത്തുക എന്നതിനാണെന്നു ശ്രീ മോദി ആവർത്തിച്ചു. മാനവികതയുടെ പ്രയോജനത്തിനായി ബഹിരാകാശ പര്യവേക്ഷണം നടത്തുക എന്ന കൂട്ടായ ലക്ഷ്യത്തിന് അദ്ദേഹം ഊന്നൽ നൽകി. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായി ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത് അനുസ്മരിച്ച അദ്ദേഹം, പ്രാദേശിക സഹകരണത്തിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത എടുത്തുകാട്ടി. ഇന്ത്യ അധ്യക്ഷപദത്തിലിരിക്കെ അവതരിപ്പിച്ച ജി-20 ഉപഗ്രഹദൗത്യം ഗ്ലോബൽ സൗത്തിനു പ്രധാന സംഭാവനയായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ശാസ്ത്രീയ പര്യവേക്ഷണത്തിന്റെ അതിരുകൾ നിരന്തരം മറികടന്ന്, ഇന്ത്യ പുതിയ ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാദൗത്യം ‘ഗഗൻയാൻ’, ബഹിരാകാശ സാങ്കേതികവിദ്യയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നു”- അദ്ദേഹം ചൂണ്ടിക്കാട്ടി. വരുംആഴ്ചകളിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ISRO-NASA സംയുക്ത ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയിൽനിന്നുള്ള വ്യക്തി ബഹിരാകാശത്തേക്കു യാത്ര ചെയ്യുമെന്നു ശ്രീ മോദി പറഞ്ഞു. 2035 ആകുമ്പോഴേക്കും ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ അത്യാധുനിക ഗവേഷണത്തിനും അന്താരാഷ്ട്ര സഹകരണത്തിനും വഴിയൊരുക്കുമെന്ന്, ഇന്ത്യയുടെ ദീർഘകാല കാഴ്ചപ്പാടു വ്യക്തമാക്കി അദ്ദേഹം വിശദീകരിച്ചു. 2040 ആകുമ്പോഴേക്കും ഇന്ത്യൻ ബഹിരാകാശയാത്രികൻ ചന്ദ്രനിൽ പാദമുദ്രകൾ പതിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ചൊവ്വയും ശുക്രനും ഇന്ത്യയുടെ ഭാവി ബഹിരാകാശ അഭിലാഷങ്ങളിൽ പ്രധാന ലക്ഷ്യങ്ങളായി തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബഹിരാകാശം പര്യവേക്ഷണം മാത്രമല്ല, ശാക്തീകരണവുമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, ബഹിരാകാശ സാങ്കേതികവിദ്യ ഭരണവും ഉപജീവനമാർഗങ്ങളും മെച്ചപ്പെടുത്തുന്നതും തലമുറകളെ പ്രചോദിപ്പിക്കുന്നതും എങ്ങനെയെന്ന് എടുത്തുകാട്ടി. മത്സ്യത്തൊഴിലാളി മുന്നറിയിപ്പുകൾ, ഗതിശക്തി സംവിധാനം, റെയിൽവേ സുരക്ഷ, കാലാവസ്ഥ പ്രവചനം എന്നിവയിൽ ഉപഗ്രഹങ്ങൾ നൽകുന്ന സംഭാവനകൾ ചൂണ്ടിക്കാട്ടി, ഓരോ ഇന്ത്യക്കാരന്റെയും ക്ഷേമം ഉറപ്പാക്കുന്നതിൽ ഉപഗ്രഹങ്ങളുടെ നിർണായക പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ബഹിരാകാശ മേഖല സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും യുവമനസ്സുകൾക്കും തുറന്നുകൊടുത്ത്, നവീനാശയങ്ങൾ വളർത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ഇപ്പോൾ 250-ലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകൾ ഉണ്ടെന്നും അവ ഉപഗ്രഹ സാങ്കേതികവിദ്യ, പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ, ഇമേജിങ്, മറ്റു മുൻനിര മേഖലകൾ എന്നിവയിലെ പുരോഗതിക്കു സംഭാവന നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യയുടെ പല ബഹിരാകാശ ദൗത്യങ്ങൾക്കും നേതൃത്വമേകുന്നതു വനിതാ ശാസ്ത്രജ്ഞരാണ്” - അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.
“ഇന്ത്യയുടെ ബഹിരാകാശ കാഴ്ചപ്പാട് ‘വസുധൈവ കുടുംബകം’ എന്ന പുരാതന തത്വചിന്തയിൽ വേരൂന്നിയതാണ്” - ശ്രീ മോദി ആവർത്തിച്ചു. ഇന്ത്യയുടെ ബഹിരാകാശ യാത്ര സ്വന്തം വളർച്ചയെക്കുറിച്ചുള്ളതല്ലെന്നും, ആഗോള അറിവു വർധിപ്പിക്കുക, പൊതു വെല്ലുവിളികളെ അഭിസംബോധന ചെയ്യുക, ഭാവി തലമുറകളെ പ്രചോദിപ്പിക്കുക എന്നിവയ്ക്കു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് ഊന്നൽ നൽകിയ അദ്ദേഹം, ഒരുമിച്ചു സ്വപ്നം കാണുന്നതിനും ഒരുമിച്ചു കെട്ടിപ്പടുക്കുന്നതിനും നക്ഷത്രങ്ങളെ ഒരുമിച്ചു സമീപിക്കുന്നതിനുമാണു രാഷ്ട്രം നിലകൊള്ളുന്നതെന്ന് അഭിപ്രായപ്പെട്ടു. ശാസ്ത്രവും മെച്ചപ്പെട്ട ഭാവിക്കായുള്ള കൂട്ടായ അഭിലാഷവും നയിക്കുന്ന ബഹിരാകാശ പര്യവേക്ഷണത്തിൽ പുതിയ അധ്യായം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്താണ് അദ്ദേഹം ഉപസംഹരിച്ചത്.