സിബിഎസ്ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് 2025: അപേക്ഷകൾ ക്ഷണിച്ചു
അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 23

ന്യൂഡൽഹി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) 2025 അധ്യയന വർഷത്തേക്കുള്ള ഒറ്റ പെൺകുട്ടി (Single Girl Child Merit Scholarship) അപേക്ഷകൾ ക്ഷണിച്ചു.പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ വിജയിച്ച്, സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത സ്കൂളുകളിൽ പതിനൊന്നാം ക്ലാസിൽ പ്രവേശനം നേടുന്ന, അർഹരായ ഒറ്റ പെൺകുട്ടികളെ പിന്തുണയ്ക്കുന്നതിനാണ് സ്കോളർഷിപ്പ്. ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള സാമ്പത്തിക സഹായം നൽകിക്കൊണ്ട് പെൺകുട്ടികൾക്കിടയിൽ അക്കാദമിക് മികവിനെ പ്രോത്സാഹിപ്പിക്കാനും വിദ്യാഭ്യാസച്ചെലവ് കുറയ്ക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുന്നത്. 2025 ഒക്ടോബർ 23 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.
1. ഒറ്റ പെൺകുട്ടി: വിദ്യാർത്ഥി മാതാപിതാക്കളുടെ ഏകമകളായിരിക്കണം.
2. അക്കാദമിക് മികവ്: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.
3. പ്രവേശനം: സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളിൽ പതിനൊന്നാം ക്ലാസിൽ എൻറോൾ ചെയ്തിരിക്കണം.
4. ട്യൂഷൻ ഫീസ് പരിധി:
◦ ഇന്ത്യൻ വിദ്യാർത്ഥികൾക്ക്: പത്താം ക്ലാസിലെ ട്യൂഷൻ ഫീസ് പ്രതിമാസം ₹1,500 കവിയരുത്. .
◦ NRI അപേക്ഷകർക്ക് : ട്യൂഷൻ ഫീസ് പ്രതിമാസം ₹6,000 കവിയരുത്.
അപേക്ഷിക്കുന്നതിന് മുൻപ്, വിദ്യാർത്ഥികൾ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
cbseit.in എന്ന സിബിഎസ്ഇ സ്കോളർഷിപ്പ് പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ആവശ്യമായ രേഖകൾ:
പത്താം ക്ലാസ് മാർക്ക് ഷീറ്റിൻ്റെ ഔദ്യോഗിക പകർപ്പ്.
• വിദ്യാർത്ഥി ഒറ്റ പെൺകുട്ടിയാണെന്ന് പ്രഖ്യാപിക്കുന്ന, ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, എസ്‌ഡിഎം, എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, അല്ലെങ്കിൽ നോട്ടറി എന്നിവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ അഫിഡവിറ്റ്.
• നിലവിലെ സ്കൂളിലെ പ്രിൻസിപ്പലിൽ നിന്നുള്ള എൻറോൾമെൻ്റും ഫീസ് വിവരങ്ങളും സ്ഥിരീകരിക്കുന്ന സ്‌കൂൾ അണ്ടർടേക്കിങ്.
• ഫണ്ട് നേരിട്ട് കൈമാറ്റം ചെയ്യുന്നതിനായി വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ആധാർ കാർഡ്.
• ബാങ്ക് പാസ്ബുക്ക് അല്ലെങ്കിൽ കാൻസൽ ചെയ്ത ചെക്ക്.
• അധ്യയന വർഷത്തെ ട്യൂഷൻ ഫീസ് അടച്ചതിൻ്റെ ഫീസ് രസീത്.
• വിദ്യാർത്ഥിയുടെ പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ.
സമർപ്പിച്ച എല്ലാ അപേക്ഷകളും വിദ്യാർത്ഥി നിലവിൽ പഠിക്കുന്ന സ്കൂൾ വെരിഫൈ ചെയ്യണം.
പൂരിപ്പിക്കാത്തതോ ശരിയായ രീതിയിൽ വെരിഫൈ ചെയ്യാത്തതോ ആയ അപേക്ഷകൾ നിരസിക്കപ്പെടുകയും സ്കോളർഷിപ്പിനായി പരിഗണിക്കാതിരിക്കുകയും ചെയ്യും. സ്കോളർഷിപ്പ് തുക ട്യൂഷൻ ഫീസ് വഹിച്ചുകൊണ്ട് സാമ്പത്തിക സഹായം നൽകുന്നു. കൂടാതെ ഒരിക്കൽ സ്കോളർഷിപ്പ് റദ്ദാക്കുകയോ നിർത്തലാക്കുകയോ ചെയ്താൽ ഭാവി വർഷങ്ങളിൽ വിദ്യാർഥിക്ക് വീണ്ടും അപേക്ഷിക്കാൻ കഴിയില്ല.