കളക്‌ട്രേറ്റിൽ 'വ്യോമാക്രമണം'; സുരക്ഷാ കോട്ടകെട്ടി കോട്ടയം

സിവിൽ ഡിഫൻസ് മോക്ഡ്രിൽ നടത്തി

May 7, 2025
കളക്‌ട്രേറ്റിൽ 'വ്യോമാക്രമണം'; സുരക്ഷാ കോട്ടകെട്ടി കോട്ടയം
civil diffence mock drill kottayam

കോട്ടയം: ബുധനാഴ്ച വൈകിട്ട് കോട്ടയം കളക്‌ട്രേറ്റിൽ 'വ്യോമാക്രമണം'. നാലുമണിയായപ്പോൾ അപായസൈറണുകൾ തുർച്ചയായി മൂന്നുവട്ടം മുഴങ്ങി. മിനിട്ടുകൾക്കുള്ളിൽ ഫയർ എൻജിൻ കുതിച്ചെത്തി എമർജൻസി എക്‌സിറ്റിന്റെ ഭാഗത്ത് ആളിപ്പടർന്ന തീയണച്ചു. തുടർന്ന് 'ആക്രമണത്തിൽ തകർന്ന' ഒന്നാംനിലയിലെ ഓഫീസിൽ കുടുങ്ങിക്കിടന്നവരെ ഏണിയും വടവും ഉപയോഗിച്ചും എമർജൻസി എക്‌സിറ്റിലൂടെയും രക്ഷിച്ച് പുറത്തെത്തിച്ചു. സൈറൺ മുഴങ്ങിയ ഉടൻ ഓഫീസുകളിലെ ലൈറ്റടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഓഫാക്കി ഓഫീസ് മുറികൾ അടച്ച് താഴത്തെ നിലയിലെ സുരക്ഷാമുറികളിലേക്ക് ജീവനക്കാർ മാറി. അരമണിക്കൂർ കൊണ്ട് രക്ഷാപ്രവർത്തനം പൂർത്തിയാക്കി ഓൾ ക്ലിയർ സൈറൺ മുഴങ്ങിയതോടെ എല്ലാവരും തിരികെ ഓഫീസുകളിലേയ്ക്കു പോയി.
കേന്ദ്രസർക്കാരിന്റെ നിർദേശത്തെത്തുടർന്ന് രാജ്യവ്യാപകമായി നടത്തിയ സിവിൽ ഡിഫൻസ് മോക്ഡ്രില്ലിന്റെ ഭാഗമായിട്ടാണ് കളക്‌ട്രേറ്റിൽ വ്യോമാക്രമണവും തുടർന്നുള്ള രക്ഷാപ്രവർത്തനവും സ്ജ്ജമാക്കിയത്.
 ദുരന്തനിവാരണ അതോറിട്ടിയുടെ സൈറണുകൾ സ്ഥാപിച്ചിട്ടുള്ള കോട്ടയം താലൂക്കോഫീസ് അടക്കമുള്ള അഞ്ചുസ്ഥലങ്ങളിലും ജില്ലയിലെ നഗരസഭകളിലും സിവിൽ ഡിഫൻസിന്റെ ഭാഗമായി വൈകിട്ട് നാലുമണി മുതൽ നാലരവരെയുള്ള സമയത്ത് മോക്ഡ്രിൽ നടത്തി.
 അഗ്നിരക്ഷാസേന, പോലീസ്, ആരോഗ്യവകുപ്പ്് എന്നിവരുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് സേന, ആപ്്തമിത്ര എന്നിവരുടെ പങ്കാളിത്തത്തോടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് കളക്‌ട്രേറ്റിൽ മോക്ഡ്രിൽ സജ്ജമാക്കിയത്
രക്ഷാപ്രവർത്തത്തനിന്റെ ഭാഗമായി ഒൻപതുപേരെയാണ് പുറത്തെത്തിച്ചത്. ഇതിൽ ഗുരുതര പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയതും ബാക്കിയുള്ളവർക്ക് തൽസമയം പ്രഥമശുശ്രൂക്ഷ നൽകിയതും മോക്ഡ്രില്ലിന്റെ ഭാഗമായി.
57 സിവിൽ ഡിഫൻസ് -ആപ്ത മിത്രസേനാംഗങ്ങളും 30 അഗ്നിരക്ഷാ ഉദ്യോഗസ്ഥരുമാണ് മോക്ഡ്രില്ലിൽ പങ്കാളിയായത്. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, അഡീഷണൽ ജില്ലാ മജിസ്ട്രറ്റ് എസ്. ശ്രീജിത്ത്്, സബ് കളക്ടർ ഡി. രഞ്ജിത്ത്, ഡിവൈഎസ്പി കെ.ജി. അനീഷ്, ജില്ലാ ഫയർ ഓഫീസർ റെജി വി. കുര്യാക്കോസ്്, അഗ്നിരക്ഷാസേന ചങ്ങനാശേരി സ്‌റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് രവീന്ദ്രൻ എന്നിവർ മോക്ഡ്രില്ലിനു നേതൃത്വം നൽകി.


ഫോട്ടോക്യാപ്ഷൻ: രാജ്യവ്യാപകമായി നടത്തിയ സിവിൽ ഡിഫൻസ് മോക്ഡ്രില്ലിന്റെ ഭാഗമായി കളക്‌ട്രേറ്റിൽ  ഒരുക്കിയ മോക്ഡ്രിൽ. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.