ചേതൻ കുമാർ മീണ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു

കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചുമതല കൈമാറി. കളക്ട്രേറ്റ് അങ്കണത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പുതിയ കളക്ടറ സ്വീകരിച്ചു.
2018 ബാച്ച് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ദോസ ജില്ലക്കാരനായ ചേതൻ കുമാർ മീണ. ഭാര്യ ഡോ. ശാലിനി മീണ, അച്ഛൻ പരേതനായ ഗിരിരാജ് മീണ, അമ്മ കൗസല്യ ദേവി.
പാലക്കാട് അസിസ്റ്റന്റ് കളക്ടർ ആയിട്ടായിരുന്നു തുടക്കം. തിരുവല്ല സബ് കളക്ടർ, നെടുമങ്ങാട് സബ് കളക്ടർ, എറണാകുളം ഡിസ്ട്രിക് ഡവലപ്മെന്റ് കമ്മിഷണർ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂഡൽഹി കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മിഷണറായിരിക്കേയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമനം.
ഫോട്ടോ. : ജില്ലാ കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റെടുക്കുന്നു. സ്ഥാനമൊഴിഞ്ഞ കളക്ടർ ജോൺ വി. സാമുവൽ, സബ് കളക്ടർ ആയുഷ് ഗോയൽ എന്നിവർ സമീപം.
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള കോട്ടയത്ത് സേവനമനുഷ്ഠിക്കാന്‍ അവസരം കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്ന് ജില്ലാ കളക്ടറായി ചുമതലയേറ്റ ചേതന്‍കുമാര്‍ മീണ പറഞ്ഞു. കോട്ടയത്തിന്റെ വികസനം സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി കര്‍മപദ്ധതി രൂപീകരിക്കും. വിനോദസഞ്ചാരമേഖലയ്ക്ക് ഏറെ പ്രാധാന്യമുണ്ടിവിടെ. അതുപോലെതന്നെ പ്രാധാന്യമുള്ള രാജസ്ഥാനില്‍നിന്ന് വരുന്ന തനിക്ക് രണ്ടിടത്തെയും ടൂറിസം രീതികളിലുള്ള വ്യത്യാസങ്ങളേക്കുറിച്ച് അറിയാം. രാജസ്ഥാനില്‍ നിന്ന് ധാരാളം ആളുകള്‍ വിനോദസഞ്ചാരത്തിനായി എത്തുന്ന സ്ഥലമാണ് കുമരകം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍. ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്കു മടങ്ങിയെത്തുമ്പോള്‍ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയ സന്തോഷമാണുള്ളതെന്നും ചേതന്‍കുമാര്‍ മീണ പറഞ്ഞു.