വിമുക്ത സേനാ ഉദ്യോഗസ്ഥരുടെ പരാതി പരിഹാര ഓഫീസ് - സ്പർശ് സർവീസ് സെന്റർ കോഴിക്കോട് പ്രവർത്തനമാരംഭിച്ചു

ഉദ്ഘാടനം ചെയ്തത് സംസ്ഥാനത്തെ 12-ാമത് സ്പർശ് സർവീസ് സെന്റർ
ഡിഫൻസ് പെൻഷൻകാരുടെയും ഡിഫൻസ് ഫാമിലി പെൻഷൻകാരുടെയും പരാതി പരിഹാര ഓഫീസായ സ്പർശ് സർവീസ് സെന്റർ ഇന്നലെ (2025 മെയ് 7) കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. ചെന്നൈയിലെ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് ശ്രീ ടി. ജയശീലൻ, കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വലകെട്ടു നിലം റോഡിലുള്ള വിമുക്ത ഭട ഭവനിൽ സ്പർശ് സർവീസ് സെന്റർ (എസ് എസ് സി) ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഇതോടെ കേരളത്തിൽ 12 സ്പർശ് സർവീസ് സെന്ററുകൾ സ്ഥാപിതമായെന്ന് ശ്രീ ടി. ജയശീലൻ പറഞ്ഞു. ഇടുക്കിയും മലപ്പുറവും ഒഴികെയുള്ള മറ്റ് 12 ജില്ലകളിലാണ് സ്പർശ് സർവീസ് സെന്ററുകൾ പ്രവർത്തിക്കുന്നത്. കോഴിക്കോടുള്ള പെൻഷൻകാർക്ക് മാത്രമല്ല, കോഴിക്കോടിനോട് ചേർന്നുള്ള സമീപ പ്രദേശത്തുള്ളവർക്കും എസ് എസ് സി കോഴിക്കോട് പ്രയോജനപ്പെടും.
പ്രതിരോധ പെൻഷൻകാരുടെയും പ്രതിരോധ കുടുംബ പെൻഷൻകാരുടെയും സംശയങ്ങൾക്കും പരാതികൾക്കും ഒറ്റത്തവണ പരിഹാരമായി പ്രവർത്തിക്കുന്ന ഒരു സമർപ്പിത ഓഫീസാണ് സ്പർശ് സർവീസ് സെന്റർ (എസ്‌എസ്‌സി). വാർഷിക തിരിച്ചറിയൽ, കുടുംബ പെൻഷൻ ആരംഭിക്കൽ, ആധാർ, മൊബൈൽ നമ്പർ, പാൻ നമ്പർ മുതലായവ പ്രൊഫൈലിൽ അപ്‌ഡേറ്റ് ചെയ്യൽ, സേവന അഭ്യർത്ഥന സമർപ്പിക്കൽ തുടങ്ങിയ എല്ലാ സേവനങ്ങളും ഇവിടെ സൗജന്യമായി ചെയ്യാം. കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, സ്കാനറുകൾ, ബയോമെട്രിക് ഉപകരണങ്ങൾ, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും എസ്‌എസ്‌സിയിൽ പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകുന്നേരം 6 വരെയാണ് ഓഫീസ് പ്രവർത്തിക്കുക.
തിരുവനന്തപുരം ഏരിയ അക്കൗണ്ട്സ് ഓഫീസ് (ആർമി) ഡെപ്യൂട്ടി കൺട്രോളർ ഐസി ശ്രീ വിഘ്നേഷ് കെ, ചെന്നൈ, ഐ ഡി എ എസ് അസിസ്റ്റന്റ് കൺട്രോളർ ശ്രീ ആർ. നാരായണ പ്രസാദ്, കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ്, ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.