രേഖ കൈവശം ഇല്ലാതിരുന്നതിന്റെ പേരിൽ ഇക്കുറി വോട്ട് ചെയ്യാനായില്ല പാറു മുത്തശ്ശിക്ക്
വോട്ടർ ഐഡി അടക്കം എല്ലാ രേഖകളും ഉണ്ടായിരുന്ന ഇവരുടെ വീടിന് തീപിടിച്ചപ്പോൾ രേഖകൾ നശിച്ചു പോയിരുന്നു
കളമശ്ശേരി: കാലമിത്രയും നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിരുന്ന പാറു മുത്തശ്ശിക്ക് തിരിച്ചറിയൽ രേഖ കൈവശം ഇല്ലാതിരുന്നതിന്റെ പേരിൽ ഇക്കുറി വോട്ട് ചെയ്യാനായില്ല. കളമശ്ശേരി പള്ളിലാംങ്കര ഗവ. എൽ.പി സ്കൂളിലെ 156 ാം ബൂത്തിലെ 830ാം നമ്പർ പട്ടികയിൽ ഉൾപ്പെട്ട പാറു(91) നാണ് മണിക്കൂറോളം കാത്തിരുന്ന് നിരാശയായി മടങ്ങേണ്ടി വന്നത്. വോട്ടർ ഐഡി അടക്കം എല്ലാ രേഖകളും ഉണ്ടായിരുന്ന ഇവരുടെ വീടിന് തീപിടിച്ചപ്പോൾ രേഖകൾ നശിച്ചു പോയിരുന്നു. എന്നാൽ, റേഷൻ കാർഡ് അടക്കം രേഖകൾ ബന്ധുക്കളുടെ കൈവശം ഉണ്ട്.ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വോട്ട് ചെയ്യാൻ അനുവാദം നൽകിയില്ല. ഉച്ചക്ക് രണ്ട് മണിയോടെയാണ് ഇവർ ബൂത്തിലെത്തിയത്. എല്ലാവർക്കും പരിചിതയായതിനാൽ വോട്ട് ചെയ്യാൻ രാഷ്ട്രീയ ഏജന്റുമാർ അനുമതി നൽകി. ഇതിനിടെ ഇവരുടെ ബന്ധുവുമായി പൊതുപ്രവർത്തകർ ബന്ധപ്പെട്ടെങ്കിലും വിജയിച്ചില്ല. പിന്നീട് വൈകീട്ട് 4.30 ഓടെ വോട്ട് ചെയ്യാനാകാതെ മടങ്ങുകയായിരുന്നു. പ്രായമായവരെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിക്കുന്നവരുടെ പട്ടികയിൽ ഇവരുടെ പേരും നൽകിയിരുന്നതായി യു.ഡി.എഫ് പ്രവർത്തകർ പറഞ്ഞു. എന്നാൽ, പട്ടിക നൽകിയവരിൽ ഒരാളുടെ വീട്ടിൽ മാത്രമാണ് ഉദ്യോഗസ്ഥർ എത്തിയതെന്ന പരാതിയും ഉയർന്നിരിക്കുകയാണ്.