പാലക്കാട് ഐഐടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

അത്യാധുനിക ഗവേഷണ പാർക്കും നിലവിൽ വരും
പാലക്കാട് ഐഐടിയുടെ അക്കാദമിക, അടിസ്ഥാന സൗകര്യ വികസനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകി. ഐഐടി തിരുപ്പതി, ഐഐടി ഭിലായ്, ഐഐടി ജമ്മു, ഐഐടി ധാർവാഡ് എന്നിവയടക്കം അഞ്ച് പുതിയ ഐഐടികളുടെ ഘട്ടം ബി നിർമാണത്തിനാണ് അംഗീകാരം നൽകിയിട്ടുള്ളത്.
അടുത്ത നാലു വർഷക്കാലത്തേക്ക് അഞ്ച് ഐഐടികൾക്കുമായി 11,828.79 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുക, അതുവഴി വൈദഗ്ധ്യവും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ഫാക്കൽറ്റി, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, ഗവേഷകർ എന്നിവയുൾപ്പടെ പുതിയ തസ്തികകളും പാലക്കാട് ഐഐടിയിൽ സൃഷ്ടിക്കപ്പെടും. ക്യാമ്പസിന്റെ അടിസ്ഥാന സൗകര്യ വികാസത്തോടൊപ്പം പ്രാദേശിക സമ്പദ്വ്യവസ്ഥയെയും ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. വ്യവസായ-അക്കാദമിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി പാലക്കാട് ഐഐടി കേന്ദ്രീകരിച്ച് ഒരു അത്യാധുനിക ഗവേഷണ പാർക്കും നിലവിൽ വരും.
2015-16 ലാണ് പാലക്കാട് ഐഐടിയിൽ അക്കാദമിക സെഷൻ ആരംഭിച്ചത്. നിലവിൽ സ്ഥിരം ക്യാമ്പസ്സിലാണ് ഐഐടി പ്രവർത്തിക്കുന്നത്