വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ഭർത്താവിൽ നിന്ന് ജീവനാംശം തേടാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി
ജീവനാംശം ദാനമല്ലന്നും സ്ത്രീകളുടെ അവകാശമാണെന്നും ജസ്റ്റീസ് ബി.വി. നാഗരത്ന പറഞ്ഞു,
ന്യൂഡൽഹി: വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി. മുൻ ഭാര്യക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകാനുള്ള തെലുങ്കാന ഹൈക്കോടതിയുടെ നിർദേശത്തെ ചോദ്യം ചെയ്ത് മുസ്ലിം യുവാവ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി.മുസ്ലിം സ്ത്രീകളുടെ വിവാഹമോചന അവകാശങ്ങൾ സംരക്ഷിക്കൽ നിയമം, സിആർപിസി പോലെയുള്ള മതേതരമായ നിയമത്തിന് മേലെ നിലനിൽക്കില്ലെന്ന് യുവാവിന്റെ ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിന് ജോര്ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഉത്തരവ്. വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സെക്ഷൻ 125 ബാധകമാകുമെന്ന നിഗമനത്തോടെയാണ് ക്രിമിനൽ അപ്പീൽ തള്ളുന്നതെന്ന് ജസ്റ്റീസ് നാഗരത്ന പറഞ്ഞു.മുസ്ലിം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള 1986-ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ജീവനാംശം തീരുമാനിക്കേണ്ടതെന്ന വാദം സുപ്രീം കോടതി തള്ളി. ജീവനാംശം ദാനമല്ലന്നും സ്ത്രീകളുടെ അവകാശമാണെന്നും ജസ്റ്റീസ് ബി.വി. നാഗരത്ന പറഞ്ഞു,ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്നും ബെഞ്ച് വ്യക്തമാക്കി. ഭാര്യയെ പരിപാലിക്കുക എന്നത് ജീവകാരുണ്യമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ അവകാശമാണെന്നും കോടതി പറഞ്ഞു.സെക്ഷൻ 125 സിആർപിസി പ്രകാരം ഒരു മുസ്ലീം സ്ത്രീ വിവാഹമോചനം നേടിയാൽ, അവർക്ക് മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമം 2019-നെ ആശ്രയിക്കാമെന്നും കോടതി വിധിച്ചു.