സംസ്ഥാന വനിതാ വികസന കോർപറേഷന് 300 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി

Nov 7, 2025
സംസ്ഥാന വനിതാ വികസന കോർപറേഷന് 300 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി
WOMENS DEVELOPMENT CORPORATION

സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ദേശീയ ധനകാര്യ കോർപറേഷനുകളിൽ നിന്നും വായ്പ്പയെടുക്കുന്നതിനായി 300 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരണ്ടി അനുവദിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. വനിതാ വികസന കോർപറേഷന് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് ഉണ്ടായിരുന്നത്. 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിവിധ വർഷങ്ങളിൽ 1155.56 കോടി രൂപയുടെ അധിക ഗ്യാരന്റി അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ 300 കോടി കൂടി അനുവദിച്ചിട്ടുള്ളത്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ (200 കോടി), ദേശിയ സഫായി കരം ചാരിസ് ധനകാര്യ കോർപറേഷൻ (100 കോടി) എന്നിവടങ്ങളിൽ നിന്നും വായ്പ്പ സ്വീകരിക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്.

സംസ്ഥാന വനിതാവികസന കോർപറേഷൻ സംസ്ഥാന സർക്കാരിന്റെയും ദേശിയ ധനകാര്യ കോർപറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്ക് ലളിതമായ വ്യവസ്ഥകളിൽ കുറഞ്ഞ പലിശക്ക് സ്വയംസംരംഭക വായ്പ്പകൾ കാലങ്ങളായി നൽകി വരുന്നു. ഇത്തരത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമായ ഉയർന്ന സർക്കാർ ഗ്യാരന്റി (1595.56 കോടി രൂപ) കോർപറേഷന്റെ പ്രവർത്തന മേഖലയിൽ നിർണായക മുന്നേറ്റമുണ്ടാക്കും.

സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 2024-25 സാമ്പത്തിക വർഷത്തിൽ 31,795 വനിതകൾക്ക് 334 കോടി രൂപ കോർപറേഷൻ വിതരണം ചെയ്തിരുന്നു. കൂടാതെ സർക്കാരിൽ നിന്നും ലഭ്യമായ അധിക ഗ്യാരന്റി പ്രയോജനപ്പെടുത്തി ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് നാളിതുവരെ 1,27,000 ഓളം വരുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വനിതാ വികസന കോർപറേഷന് സാധിച്ചു. കൂടാതെ ശുചീകരണ ജോലിയിൽ ഏർപ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 35,000 വനിതകൾക്ക് സ്വയം തൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്നതിനും വനിതാ വികസന കോർപറേഷന് സാധിച്ചു.

സർക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പ വിതരണത്തിലൂടെയും ഈ സർക്കാർ ഭരണത്തിൽ വന്ന ശേഷം 12 ലക്ഷത്തോളം വനിതകൾക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാൻ കോർപറേഷന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഇതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.