ജനുവരി 4 രജിസ്‌ട്രേഷൻ ദിനമായി ആചരിക്കും

Nov 7, 2025
ജനുവരി 4 രജിസ്‌ട്രേഷൻ ദിനമായി ആചരിക്കും
REGISTRATION DAY

post

സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിൽ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ളതാണ് രജിസ്‌ട്രേഷൻ വകുപ്പ്. 1865ൽ കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിലാണ് രാജ്യത്ത് തന്നെ ആദ്യത്തെ രജിസ്‌ട്രേഷൻ സംവിധാനം നിലവിൽ വന്നത്. ബ്രിട്ടീഷ് ഇന്ത്യയിൽ അവിടുത്തെ കറുപ്പത്തോട്ടങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടായിരുന്നു അത്. ഇന്ന് സംസ്ഥാനത്തിന്റെ വരുമാന ശ്രോതസ്സുകളിൽ പ്രധാനപ്പെട്ട രണ്ടു വകുപ്പുകളിൽ ഒന്ന് രജിസ്‌ട്രേഷൻ വകുപ്പാണ്.

 ''രജിസ്‌ട്രേഷൻ വകുപ്പും കാലത്തിനൊപ്പം'' എന്ന മുഖസന്ദേശവുമായി വകുപ്പ് ആധുനികവൽക്കരണത്തിന്റെ പാതയിലാണ്. ആധുനിക വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കഴിഞ്ഞ ഒമ്പതര വർഷക്കാലത്തിനിടയിൽ അടിസ്ഥാന സൗകര്യ വികസനത്തിലും സേവനമേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കി.  പഴയ കെട്ടിടങ്ങൾ പുതുക്കി പണിയുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കി. മിക്കതും ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. മുഴുവൻ ഓഫീസുകളും സർക്കാർ കെട്ടിടങ്ങളായി മാറിയ ആദ്യ ജില്ലയായി കാസർഗോഡ് മാറി.

സേവന മേഖലയിലും ഈ കാലത്ത് ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പാക്കി. ഒരു ജില്ലയിലെ ആധാരം ജില്ലക്കകത്ത് ഏത് സബ്ബ് രജിസ്റ്റാർ ഓഫീസിലും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം, മുദ്രപത്രങ്ങൾക്ക് സമ്പൂർണ്ണ ഇ-സ്റ്റാമ്പിങ്, രജിസ്‌ട്രേഷനുള്ള തീയതിയും സമയവും മുൻകൂട്ടി നിശ്ചയിക്കാനുള്ള സൗകര്യം, ഗഹാനുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം, ആധാര പകർപ്പുകളും ബാധ്യതാ സർട്ടിഫിക്കറ്റുകളും ഓൺലൈനായി ലഭ്യമാക്കൽ, ഓൺലൈനായി തന്നെ പോക്ക് വരവ് വിവരങ്ങൾ റവന്യൂ വകുപ്പിന് കൈമാറുന്നതിനുള്ള സൗകര്യം, ക്യാഷ് ലെസ് ഓഫീസുകൾ, പഴയ രേഖകളുടെ ഡിജിറ്റൈസേഷൻ എന്നിവയും നടപ്പാക്കി.

നേരത്തെ സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ഥ നിയമങ്ങളായിരുന്നു നിലനിന്നിരുന്നത്. ഇതിന് പകരം ''കേരള സംഘങ്ങൾ രജിസ്‌ട്രേഷൻ ബില്ല്'' എന്ന ഏകീകൃത നിയമം കഴിഞ്ഞ നിയമസഭ പാസാക്കി. തെരഞ്ഞെടുത്ത സബ് രജിസ്റ്റർ ഓഫീസുകളെ ISO നിലവാരത്തിലാക്കാൻ നടപടി സ്വീകരിച്ചുവരുന്നു.  ആധുനികവൽക്കരണത്തിന്റെ ഭാഗമായി കൂടുതൽ പദ്ധതികൾ ആവിഷ്‌കരിച്ചു വരികയാണ്. സമഗ്രമായ വികസന കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് ''വിഷൻ 2031'' എന്ന വിപുലമായ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിലെ വിവരങ്ങൾ ക്രോഡീകരിച്ച് വൈകാതെ മുഖ്യമന്ത്രി മുമ്പാകെ സമർപ്പിക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ 1865ൽ ആരംഭിച്ച ഈ സംവിധാന പ്രകാരം ആദ്യ രജിസ്‌ട്രേഷൻ നടന്നത് ജനുവരി 4 നാണ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അത് പരിഗണിച്ച് ഇനി മുതൽ എല്ലാ വർഷവും ജനുവരി 4 രജിസ്‌ട്രേഷൻ ദിനമായി ആചരിക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആദ്യ ദിനാചരണം 2026 ജനുവരി 4 ന് അഞ്ചരക്കണ്ടിയിൽ വെച്ച് തന്നെ നടത്തണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്.

അതോടൊപ്പം തന്നെ ഓരോ ജില്ലയിലെയും മെച്ചപ്പെട്ട സേവനം കാഴ്ചവെക്കുന്ന സബ്ബ് രജിസ്റ്റാറാഫീസുകളെ കണ്ടെത്തി അനുമോദിക്കും. മികച്ച ജില്ലാ രജിസ്റ്റാറാഫീസുകൾ, ചിട്ടി ഓഫീസുകൾ, ഡി. ഐ. ജി ഓഫീസുകൾ എന്നിവയെ കണ്ടെത്തി അവാർഡുകൾ സമ്മാനിക്കും.  ഈ അനുമോദനവും രജിസ്‌ട്രേഷൻ ദിനാചരണത്തിനോടൊപ്പം സംഘടിപ്പിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.