എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്‌ട്രപതി

ന്യൂദല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ സി.പി. രാധാകൃഷ്ണന്‍ 15ാമത് ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ സുദര്‍ശന്‍ റെഡ്ഡിയെയാണ് പരാജയപ്പെടുത്തിയത്.
സി.പി. രാധാകൃഷ്മന് 452 വോട്ടുകള്‍ കിട്ടിയപ്പോള്‍ ഇന്ത്യാ മുന്നണിയുടെ സുദര്‍ശന്‍ റെഡ്ഡിക്ക് ലഭിച്ചത് 300 വോട്ടുകള്‍ മാത്രമാണ്.
തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന റിട്ടേണിംഗ് ഓഫീസര്‍ പി.സി. മോദി ഉപരാഷ്‌ട്രപതിയായി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപിക്കുകയായിരുന്നു. ഇക്കാര്യം പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും പി.സി. മോദി അറിയിച്ചു.
മഹാരാഷ്‌ട്ര ഗവര്‍ണ്ണറായിരുന്ന സി.പി. രാധാകൃഷ്ണനെയാണ് എന്‍ഡിഎ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ തെരഞ്ഞെടുത്തത്. മറ്റു പിന്നാക്ക വിഭാഗമായ ഗൗണ്ടര്‍ കൊംഗു വെള്ളാളര്‍ സമുദായത്തില്‍പ്പെട്ട വ്യക്തിയാണ് തമിഴ്നാട്ടില്‍ നിന്നുള്ള സി.പി. രാധാകൃഷ്ണന്‍. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ച് മണിവരെ തുടര്‍ന്നു.
അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ സമൂഹത്തിനായും പാവങ്ങളേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും ശക്തിപ്പെടുത്താനായും സമര്‍പ്പിക്കപ്പെട്ട ഒന്നാണെന്ന് പ്രധാനമന്ത്രി മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു.