മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപനം നവംബർ എട്ടിന്
ചടങ്ങ് വല്ലാർപാടം ബസിലിക്കയിൽ

കൊച്ചി : കേരള സഭയിലെ ആദ്യ സന്ന്യാസിനിയും ഇന്ത്യയില്‍ ആദ്യമായി സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ (ടിഒസിഡി) യുടെ സ്ഥാപകയുമായ മദര്‍ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് മാര്‍പാപ്പ അനുമതി നല്‍കി. നവംബര്‍ എട്ടിന് 4.30-ന് വല്ലാര്‍പാടം ബസിലിക്കയില്‍ മലേഷ്യയിലെ പെനാങ് രൂപതയുടെ മെത്രാനായ കര്‍ദിനാള്‍ ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന മധ്യേ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും.ഇന്ത്യയുടെ അപ്പസ്തോലിക് ന്യുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ലയോപ്പോള്‍ഡ് ജിറേല്ലി, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ആഗോള കര്‍മലീത്ത സഭയുടെ ജനറല്‍ ഫാ. മിഗ്വല്‍ മാര്‍ക്ക്സ് കാലേ, പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. മാര്‍ക്കോ ചിയേസ തുടങ്ങി ഇന്ത്യക്കകത്തുനിന്നും വിദേശത്തുനിന്നുമുള്ള ഒട്ടേറെ കര്‍ദിനാള്‍മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സഹ കാര്‍മികരാകും.ടിഒസിഡി-സിടിസി സന്ന്യാസിനി സഭ സ്ഥാപക മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിക്ക് അര്‍ഹയാകുന്നതിന്റെ മുന്നൊരുക്കങ്ങള്‍ മദര്‍ ജനറല്‍ സിസ്റ്റര്‍ ഷാഹിലയുടെ നേതൃത്വത്തില്‍ നടന്നുവരുകയാണ്.
വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള സുപ്രധാന ഘട്ടമാണ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തുന്നത്. വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇവരെ അള്‍ത്താരയില്‍ വണങ്ങാം. മദര്‍ ഏലീശ്വ 1866-ഫെബ്രുവരി 13-നാണ് കൂനമ്മാവില്‍ സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപിച്ചത്. കേരളത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് സ്‌കൂളും ബോര്‍ഡിങ് ഭവനവും അനാഥമന്ദിരവും ആരംഭിക്കുക വഴി സ്ത്രീശാക്തീകരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. 24 വര്‍ഷങ്ങള്‍ക്കുശേഷം 1890 സെപ്റ്റംബര്‍ 17-ന് ടിഒസിഡി സന്ന്യാസിനി സഭ റീത്ത് അടിസ്ഥാനത്തില്‍ വിഭജിച്ച് കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ്, കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍ എന്നീ രണ്ട് സന്ന്യാസിനി സഭകള്‍ രൂപംകൊണ്ടു.