ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സോഹോ ഓഫീസ് സ്യൂട്ട് ഉപയോഗിക്കാന്‍ നിര്‍ദേശിച്ച് വിദ്യാഭ്യാസ മന്ത്രാലയം
വിദേശ സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കുന്നത് കുറച്ച് പ്രാദേശിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് തീരുമാനത്തിന് പിന്നിൽ

തിരുവനന്തപുരം : 61തദ്ദേശീയമായി വികസിപ്പിക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണം എന്ന വാദം സര്‍ക്കാര്‍ തലത്തില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഓദ്യോഗിക ആവശ്യങ്ങള്‍ക്ക് സോഹോ ഓഫീസ് സ്യൂട്ട് ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സന്ദേശങ്ങള്‍ കൈമാറാന്‍ തദ്ദേശീയ മെസേജിങ് ആപ്പായ അറട്ടൈ (Arattai) ഉപയോഗിക്കണം എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ ആത്മനിര്‍ഭര്‍ ഭാരത് കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്നതാണ് പുതിയ നിര്‍ദേശം.ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് പുതിയ നയത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. വിദേശ സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കുന്നത് കുറച്ച് പ്രാദേശിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് തീരുമാനത്തിന് പിന്നിലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സന്ദേശങ്ങള്‍ അയക്കാന്‍ മാത്രമല്ല ഡോക്യുമെന്റ്‌സ്, സ്‌പ്രെഡ്ഷീറ്റ്, പ്രസന്റേഷന്‍ എന്നിവ ഉണ്ടാക്കാനും മാറ്റങ്ങള്‍ വരുത്താനും സോഹോയെ ആശ്രയിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്.
1996-ല്‍ ചെന്നൈയില്‍ തുടക്കമിട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് സോഹോ. വിവിധങ്ങളായ ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ സോഹോ വാഗ്ദാനം ചെയ്യുന്നുണ്ട്. 2021-ലാണ് സോഹോ അറട്ടൈ എന്ന മെസേജിങ് ആപ്പ് അവതരിപ്പിച്ചത്. ഇന്ത്യക്കാര്‍ക്കിടയില്‍ ഇതിനോടകം തന്നെ വലിയ പ്രചാരം അറട്ടൈക്ക് ലഭിച്ചിട്ടുണ്ട്. ആപ്പ് സ്റ്റോറുകളില്‍ വാട്‌സാപ്പിനെ മറികടന്ന് അറട്ടൈ ഒന്നാമത് എത്തിയതായി എക്‌സിലൂടെ കമ്പനി അറിയിച്ചിരുന്നു.
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററി(NIC)ന്റെ മെയില്‍ പ്ലാറ്റ്‌ഫോമുമായി സോഹോ ബന്ധിപ്പിച്ചത് കാരണം ആപ്പുകള്‍ പ്രത്യകമായി ഇന്‍സ്റ്റാള്‍, ലോഗിന്‍ ചെയ്യേണ്ട ആവശ്യമില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് തദ്ദേശീയ ആപ്പുകളെ സ്വീകരിക്കുന്നതിനെ മികച്ച തീരുമാനമായിട്ടാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കാണുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഈ നീക്കം പരസ്പര സഹകരണം മെച്ചപ്പെടുത്തുകയും വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും കരുതുന്നു.
സര്‍ക്കാറിലെ പല വകുപ്പുകളും ഇതിനോടകം തദ്ദേശീയ ആപ്പുകളോടുള്ള താല്‍പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. കേന്ദ്ര ഐ.ടി, വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് ഔദ്യോഗിക കാര്യങ്ങള്‍ക്ക് സോഹോയുടെ കീഴിലുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.