പെൺകുട്ടികൾക്ക് മികച്ച സ്‌കോളർഷിപ്പുകൾ
പെൺകുട്ടികൾക്ക് മികച്ച സ്‌കോളർഷിപ്പുകൾ
രാജ്യത്തുടനീളം അക്കാഡമിക്, ഗവേഷണ മേഖലയിൽ വനിതാ പ്രാതിനിധ്യം വർദ്ധിച്ചുവരുന്നു. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, ഗവേഷണ, രാഷ്ട്രീയ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. പെൺകുട്ടികളിലെ ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി രാജ്യത്ത് നിരവധി സ്‌കോളർഷിപ്, ഫെലോഷിപ്പ് പ്രോഗ്രാമുകളുണ്ട്.
* ഇൻസ്പയർ ഷീ സ്‌കോളർഷിപ് :- ശാസ്ത്ര സാങ്കേതിക മേഖലകളിൽ ദേശീയ സ്ഥാപനങ്ങളിലും, സർവകലാശാലകളിലും ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം. ഐസർ, നൈസർ, ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്, ഐ.ഐ.ടികൾ എന്നിവിടങ്ങളിൽ ഉപരിപഠനം നടത്തുന്നവരും സ്‌കോളർഷിപ്പിന് അർഹരാണ്. www.online-inspire.gov.in
* എ.ഐ.സി.ടി.ഇ പ്രഗതി സ്‌കോളർഷിപ്:- എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽ ഡിപ്ലോമ, ബിരുദ പ്രോഗ്രാമിന് പഠിക്കുന്ന വിദ്യാർത്ഥിനികൾ അർഹരാണ്.
* ഇന്ദിരാഗാന്ധി സ്‌കോളർഷിപ്:- ബിരുദാനന്തര പഠനത്തിനുള്ള സ്‌കോളർഷിപ്പ് ഒറ്റ പെൺകുട്ടിയുള്ള കുടുംബത്തിൽപ്പെട്ടവർക്കാണ് ലഭിക്കുക.
* സി.ബി.എസ്.ഇ മെരിറ്റ് സ്‌കോളർഷിപ്:- 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന ഒറ്റ പെൺകുട്ടിയുള്ള കുടുംബത്തിലുള്ളവർക്കാണ് അർഹത.
* വുമൺ സയന്റിസ്റ്റ് സ്‌കീം- ബി:- ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന 27 മുതൽ 57 വരെ പ്രായ പരിധിയിലുള്ളവർക്ക്. ഡിപ്പാർട്‌മെന്റ് ഒഫ് സയൻസ് & ടെക്‌നോളോജിയാണ് സ്‌കോളർഷിപ് അനുവദിക്കുന്നത്.
യു.ജി.സി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്:- ഡോക്ടറൽ ഗവേഷണം പൂർത്തിയാക്കിയ വനിതാ ശാസ്ത്രജ്ഞർ അർഹരാണ്. www.pdfw.ugc.ac.in
* അമൃത ഓൺലൈൻ സ്‌കോളർഷിപ്:- അമൃത സർവകലാശാലയിൽ അമൃത AHEAD പ്രോഗ്രാമിലൂടെ ഓൺലൈൻ പഠനം നടത്തുന്ന വിദ്യാർത്ഥിനികൾ അർഹരാണ്. www.amrita.edu
* അകാൻഷ സ്‌കോളർഷിപ്:- രാജ്യത്ത് സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ പഠിക്കുന്ന പെൺകുട്ടികൾ അർഹരാണ്.
* കല്പന സ്‌കോളർഷിപ്:- സ്‌പേസ് ടെക്‌നോളജിയിൽ ഉപരിപഠനം നടത്തുന്ന പെൺകുട്ടികൾക്ക് കല്പന സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ രണ്ടു വർഷത്തിനകം ബി.ടെക് / എം.ടെക്/ പി.എച്ച്.ഡി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. www.kalpanafellowship.com