മുൻ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
മലപ്പുറം: മുസ്ലീംലീഗ് നേതാവും മുൻ തദ്ദേശവകുപ്പ് മന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. എഴുപത്തൊന്ന് വയസായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി മത്സരിച്ച് വിജയിച്ചത്.2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.
മുസ്ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂർ എം.എസ്.എം പോളിടെക്നിക് ഗവേർണിംഗ് ബോഡി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കെ.സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി 1953 ജനുവരി 15 ന് മലപ്പുറത്ത് ജനിച്ചു. ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. ഭാര്യ ജഹാനര. രണ്ട് പുത്രന്മാരും ഒരു പുത്രിയുമുണ്ട്.
വാഹനാപകടത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയായിരുന്നു. എങ്കിലും പ്രാദേശിക തലത്തിൽ ഇടപെടലുകൾ നടത്തിയിരുന്നു. മുഖ്യമന്ത്രി ഉൾപ്പടെയുളള നിരവധി പ്രമുഖർ കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു.
'മന്ത്രി എന്ന നിലയിലും നിയമസഭാംഗം എന്ന നിലയിലും ശ്രദ്ധേയമായ സാന്നിദ്ധ്യം പ്രകടമാക്കിയ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടി. നിയമസഭാ ചർച്ചകൾക്ക് സാമൂഹികമായ മാനത്തിനൊപ്പം സാഹിത്യപരമായ മാനം കൂടി ഉൾച്ചേർക്കുന്നതിൽ കുട്ടി അഹമ്മദ് കുട്ടി ശ്രദ്ധിച്ചു.തന്റെ നാടിന്റെയും താൻ പ്രതിനിധാനം ചെയ്ത ജനവിഭാഗത്തിന്റെയും താല്പര്യങ്ങൾക്ക് വേണ്ടി സഭയിൽ അദ്ദേഹം നിരന്തരം ശബ്ദം ഉയർത്തി. താൻ ഉൾക്കൊള്ളുന്ന സമുദായത്തിന്റെ താൽപര്യ സംരക്ഷണം സാധ്യമാകുന്നത് പൊതുതാൽപര്യ സംരക്ഷണത്തിലൂടെയാണ് എന്ന് വിശ്വസിച്ച മതനിരപേക്ഷ സ്വഭാവമുള്ള നേതാവായിരുന്നു അദ്ദേഹം.കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്' മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.