ഉറങ്ങികിടന്ന 9 വയസ്സുകാരിയെ എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് മരണം വരെ കഠിന തടവ്

കാസർഗോഡ് ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ പടന്നക്കാട് വീട്ടിൽ ഉറങ്ങികിടന്ന ഒൻപതു വയസ്സുകാരിയെ പുലർച്ചെ എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് മരണം വരെ കഠിനതടവ്. കുടക് നപ്പോക് സ്വദേശി പി.എ .സലീമിനെയാണ് (40) ഹൊസ്ദുർഗ്ഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. പീഡിനത്തിനിരയായ കുട്ടിയിൽ നിന്നും കവർന്ന കമ്മൽ വിൽക്കാൻ സഹായിച്ച സഹോദരിയും കേസിലെ 2-ാം പ്രതിയുമായ കൂത്തുപറമ്പ് സ്വദേശിനി സുഹൈബയെ (21) തിങ്കളാഴ്ച കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. കേസിൽ ഇരുവരും കുറ്റകാരെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. 2024 മെയ് 15 ന് പുലർച്ചെയാണ് വീട്ടിൽ ഉറങ്ങികിടന്നിരുന്ന 9 വയസ്സുകാരിയെ പ്രതി പി.എ സലിം തട്ടികൊണ്ടുപോയി പീഡിപിച്ച ശേഷം കുട്ടിയുടെ സ്വർണ്ണ കമ്മൽ കവർന്ന് പെൻകുട്ടിയെ വഴിയിൽ ഉപക്ഷിക്കുകയായിരുന്നു. സംഭവം കഴിഞ്ഞ് 39 ദിവസത്തിന് ശേഷം 300 പേജുള്ള കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. 67 സാക്ഷി മൊഴികളും 42 ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയതായിരുന്നു കുറ്റപത്രം . 2024 മെയ് 15 ന് പുലർച്ചെ 3 മണിയോടെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ പാൽ കറക്കാനായി പുറത്ത് പോയ സമയത്താണ് സലീം വീടിനകത്ത് കയറിയത്. മുൻ വാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അര കിലോമീറ്റർ അകലെയുള്ള വയലിൽവെച്ച് പീഡിപിച്ച് കമ്മൽ ഊരിയെടുത്ത് കുട്ടിയെ വയലിൽ ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നു. പുലർച്ചെ പേടിച്ച് വിറച്ച പെൻകുട്ടി ഇരുട്ടിൽ തപ്പിതടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തി വിവരം പറയുകയായിരുന്നു. സംഭവ ശേഷം മഹാരാഷ്ട്രയിലും ബാംഗ്ലൂരിലും ഒടുവിൽ ആന്ധ്രപ്രദേശിലും എത്തിയ സലീമിനെ സംഭവം നടന്ന് ഒമ്പതാം ദിവസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി അറസ്റ്റിലായതിന്റെ 39-ാം ദിവസം അന്യേഷണ ഉദ്യോഗസ്ഥൻ അന്നത്തെ ഹൊസ്ദുർഗ്ഗ് ഇൻസ്പെക്ടർ എം.പി. ആസാദാണ് കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ വിചാരണ വളരെ വേഗത്തിലായിരുന്നു പൂർത്തിയാക്കിയത്. ഇന്ത്യ ശിക്ഷാ നിയമപ്രകാരവും പോക്സോ നിയമപ്രകാരവും ഉള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.