കമാൻഡ് ഏരിയ വികസനത്തിന്റെയും ജല പരിപാലനത്തിന്റെയും ആധുനികവൽക്കരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
2025-2026 കാലയളവിലേക്കുള്ള പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജനയുടെ ഉപപദ്ധതി

ന്യൂഡൽഹി : 2025 ഏപ്രിൽ 09
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം 2025-2026 കാലയളവിലേക്കുള്ള പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജന (പിഎംകെഎസ്‌വൈ) യുടെ ഉപപദ്ധതിയായി കമാൻഡ് ഏരിയ വികസനത്തിന്റെയും ജല പരിപാലനത്തിന്റെയും (എം-സിഎഡിഡബ്ല്യുഎം) ആധുനികവൽക്കരണത്തിന് അംഗീകാരം നൽകി. ഇതിനായി പ്രാരംഭമായി 1600 കോടി രൂപ ചെലവഴിക്കും.
നിലവിലുള്ള കനാലുകളിൽ നിന്നോ ഒരു നിശ്ചിത ക്ലസ്റ്ററിലെ മറ്റ് സ്രോതസ്സുകളിൽ നിന്നോ ജലസേചനത്തിന് ജലം വിതരണം ചെയ്യുന്നതിനായി ജലസേചന ജലവിതരണ ശൃംഖലയുടെ ആധുനികവൽക്കരണം ഈ പദ്ധതി ലക്ഷ്യമിടുന്നു. സ്ഥാപിത സ്രോതസ്സിൽ നിന്ന് ഫാം ഗേറ്റ് വരെ 1 ഹെക്ടർ വരെ ഭൂഗർഭ പ്രഷറൈസ്ഡ് പൈപ്പ് ജലസേചനത്തോടെ കർഷകർക്ക് സൂക്ഷ്മ ജലസേചനത്തിനായി ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ ഇത് സൃഷ്ടിക്കും. ജല അക്കൗണ്ടിംഗിനും ജല പരിപാലനത്തിനും SCADA, ഇന്റർനെറ്റ് ഓഫ് തിംഗ്സ് സാങ്കേതികവിദ്യ എന്നിവ ഉപയോഗപ്പെടുത്തും. ഇത് ഫാം തലത്തിൽ ജല ഉപയോഗ കാര്യക്ഷമത (WUE) വർദ്ധിപ്പിക്കുകയും കാർഷിക ഉൽപാദനവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുകയും അതുവഴി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യും.
ജലസേചന ആസ്തികൾ കൈകാര്യം ചെയ്യുന്നതിനായി ജല ഉപയോക്തൃ സൊസൈറ്റിക്ക് (WUS) ജലസേചന മാനേജ്മെന്റ് ട്രാൻസ്ഫർ (IMT) വഴി പദ്ധതികൾ സുസ്ഥിരമാക്കും. FPO അല്ലെങ്കിൽ PACS പോലുള്ള നിലവിലുള്ള സാമ്പത്തിക സ്ഥാപനങ്ങളുമായി അഞ്ച് വർഷത്തേക്ക് ബന്ധിപ്പിക്കുന്നതിന് ജല ഉപയോക്തൃ സൊസൈറ്റികൾക്ക് പിന്തുണ നൽകും. ആധുനിക ജലസേചന രീതി സ്വീകരിക്കുന്നതിന് യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുകയും ചെയ്യും.
സംസ്ഥാനങ്ങൾക്ക് ചാലഞ്ച് ഫണ്ടിംഗ് രീതിയിൽ രാജ്യത്തെ വിവിധ കാർഷിക കാലാവസ്ഥാ മേഖലകളിൽ പൈലറ്റ് പദ്ധതികൾ ഏറ്റെടുക്കുന്നതിനാണ് പ്രാരംഭ അനുമതി. ഈ പദ്ധതികളുടെ രൂപകൽപ്പനയിലും ഘടനയിലും ലഭിച്ച പഠനങ്ങളുടെ അടിസ്ഥാനത്തിൽ, 16-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ 2026 ഏപ്രിൽ മുതൽ കമാൻഡ് ഏരിയ വികസനത്തിനും ജല പരിപാലനത്തിനുമുള്ള ദേശീയ പദ്ധതി ആരംഭിക്കും.