വേവ്സ് XR ക്രിയേറ്റർ ഹാക്കത്തോൺ മത്സരം : വിജയികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാർട്ട് അപ്പ് LumeXR പുരസ്കാര വിജയികൾ

ചോദിച്ച് ചോദിച്ചല്ല.. ഇനി കണ്ടറിഞ്ഞ് പോകാം: വിനോദ സഞ്ചാരത്തിന് പുതിയ മാനം നൽകി LumeXR

Apr 10, 2025
വേവ്സ് XR ക്രിയേറ്റർ ഹാക്കത്തോൺ മത്സരം : വിജയികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാർട്ട് അപ്പ് LumeXR പുരസ്കാര വിജയികൾ
LumeXR

തിരുവനന്തപുരം : 2025  ഏപ്രിൽ 09

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന ആ​ഗോള ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) യുടെ ഭാ​ഗമായി  നടത്തിയ  XR ക്രിയേറ്റർ ഹാക്കത്തോൺ മത്സര വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് പ്രമേയങ്ങളിൽ നിന്നായി അഞ്ച് വിജയികളെയാണ് തെരഞ്ഞെടുത്തത്. ഇമ്മേഴ്‌സീവ് ടൂറിസം പ്രമേയത്തിൽ തിരുവനന്തപുരം ആസ്ഥാനമായുള്ള സ്റ്റാർട്ട് അപ്പായ ലൂംഎക്സ്ആർ വിജയികളായി. സാവിയോ മനീഫർ (ലീഡ് യൂണിറ്റി ഡെവലപ്പർ), അവിനാഷ് അശോക് (സ്പേഷ്യൽ ഡിസൈനർ), മിഥുൻ സജീവൻ (യൂണിറ്റി ഡെവലപ്പർ), വിഷ്ണു വിഎസ് (3D ജനറലിസ്റ്റ്) എന്നിവർ അടങ്ങിയ സംഘമാണ് നേട്ടം സ്വന്തമാക്കിയത്. വിനോദ സഞ്ചാരത്തിനും, യാത്രാനുഭവത്തിനും പുതിയ രൂപം പകർന്നു നൽകുന്നതാണ് എക്സ്ആർ ക്രിയേറ്റർ ഹാക്കത്തോണിനായി (എക്സ്ആർസിഎച്ച്) ലൂംഎക്സ്ആർ വികസിപ്പിച്ചെടുത്ത ട്രാവൽ ​ഗൈഡ്. വീടിന്റെ സുഖസൗകര്യങ്ങളിൽ നിന്നുകൊണ്ടുതന്നെ, ഉപയോക്താക്കൾക്ക് ഒന്നിലധികം സ്ഥലങ്ങൾ വെർച്വലായി കാണാൻ കഴിയും. യാത്രക്കാരെ സംവേദനാത്മകമായി ലക്ഷ്യസ്ഥാനങ്ങൾ മുൻകൂട്ടി കാണാനും, യാത്രാ ആസൂത്രണം കാര്യക്ഷമവും മികച്ചതുമാക്കുന്നതിനും സംരംഭം സഹായിക്കും. അതേസമയം തന്നെ പുതുയു​ഗ മാർക്കറ്റിംഗ് തന്ത്രങ്ങൾക്കും ഇതിലൂടെ അവസരം തുറക്കുന്നു. അനുദിനം ഡിജിറ്റൽ പരിവർത്തനത്തിന് വിധേയമാകുന്ന ലോകത്ത് യാത്രാ, ടൂറിസം മേഖലയിലെ ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ, ടൂറിസം ബോർഡുകൾ എന്നിവയ്ക്കും ഇത്തരം ഇമ്മേഴ്‌സീവ് അനുഭവ സംരംഭങ്ങൾ ഏറെ പ്രയോജനകരമാകും. ഇന്ത്യലുടനീളമുള്ള 2,200-ലധികം പങ്കാളികളിൽ നിന്നാണ്  വിജയികളെ കണ്ടെത്തിയത്. ആരോഗ്യ സംരക്ഷണം- ശാരീരിക ക്ഷമത & ക്ഷേമം, വിദ്യാഭ്യാസ പരിവർത്തനം, ഇമ്മേഴ്‌സീവ് ടൂറിസം, ഡിജിറ്റൽ മീഡിയ & വിനോദം, ഇ-കൊമേഴ്‌സ്, റീട്ടെയിൽ പരിവർത്തനം എന്നിവയായിരുന്നു മത്സരത്തിനായുള്ള പ്രമേയങ്ങൾ. അ‍ഞ്ച് ലക്ഷം രൂപ ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുന്നത്. വിജയികൾക്ക് പ്രീമിയം ഉൽപ്പന്നങ്ങൾ, MIT റിയാലിറ്റി ഹാക്ക്, AWE ഏഷ്യ തുടങ്ങിയ പ്രമുഖ ആഗോള XR പരിപാടികളിൽ പങ്കെ‌ടുക്കാനായി സ്പോൺസർ ചെയ്ത യാത്രകൾ, അവരുടെ ആശയങ്ങൾ ജീവസുറ്റതാക്കാനുള്ള നിക്ഷേപ അവസരങ്ങൾ എന്നിവ ലഭിക്കും.

പശ്ചാത്തലം

സമ്പന്നമായ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യവും കഥപറച്ചിൽ സാങ്കേതിക വിദ്യകളുടെ ചരിത്രപരമായ പൈതൃകവും ഉപയോഗിച്ച്, ആഗോള മാധ്യമ, വിനോദ മേഖലയിൽ ലോകനേതൃതത്തിലേക്ക് മുന്നേറുകയാണ് ഇന്ത്യ. 2025 മെയ് 1 മുതൽ മെയ് 4 വരെ വിനോദ തലസ്ഥാനമായ മുംബൈയിൽ ആരംഭിക്കുന്ന ആ​ഗോള ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) ആ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്.
ലോകത്തിന് മുന്നിൽ രാജ്യത്തിൻ്റെ സോഫ്റ്റ് പവറും കഴിവുകളും ഉപയോഗിച്ച് മാധ്യമ & വിനോദ വ്യവസായത്തിലെ ഒരു നേതാവായി സ്വയം പ്രദർശിപ്പിക്കാൻ WAVES ഉച്ചകോടി ഇന്ത്യയെ സഹായിക്കും. ലോകത്തിലെ മിക്ക രാജ്യങ്ങളിൽ നിന്നുമുള്ള സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുക എന്നതാണ് ഉച്ചകോടിയുടെ ഭാ​ഗമായി നടക്കുന്ന ഗ്ലോബൽ മീഡിയ ഡയലോഗിന്റെ ലക്ഷ്യം. വ്യവസായ പ്രമുഖരുമായി വട്ടമേശ സമ്മേളനവും ഉച്ചകോടിയിൽ നടക്കും. ആഗോള മാധ്യമ സംഭാഷണത്തിന്റെ ഫലമായി വേവ്സ് ഉച്ചകോടിയിൽ ഒരു പ്രഖ്യാപനം ഉണ്ടാകും. ഇത് ആഗോള മാധ്യമ, വിനോദ സാഹോദര്യത്തിന് M&E മേഖലയിൽ വേൾഡ് എന്റർടൈൻമെന്റ് ഫോറം പോലുള്ള ഒരു പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനുള്ള ഒരു മാർഗരേഖയായി വർത്തിക്കും.



യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ ഒരു പ്രിവ്യൂ കൺമുന്നിൽ എത്തിയാലോ? വിദൂരതയിലുള്ള ഏത് സ്ഥലത്തെക്കു‌റിച്ചും നാം നിൽക്കുന്നിടത്ത് നിന്ന് കണ്ട് മനസ്സിലാക്കാം. അവിടുത്തെ ഭൂമിശാസ്ത്രവും ഭക്ഷണ രീതികളും, സംസ്കാരവും അറിയുന്നത് ഏത് യാത്രയ്ക്കും ഒരു മുതൽക്കൂട്ടാണ്. കുടുബത്തിനൊപ്പമോ, ഒറ്റയ്ക്കോ എങ്ങനെയുള്ള യാത്രാ തയ്യാറെടുപ്പുകൾക്കും ഇത് ഏറെ സഹായകരമാകും. വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന സംരംഭമാണ്  തിരുവനന്തപുരം ആസ്ഥാനമായ നൂതന സ്റ്റാർട്ടപ്പായ LumeXR ൻ്റെ  ഇമ്മേർസീവ് സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള ട്രാവൽ ​ഗൈഡ്. ആ​ഗോള ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടിയിലെ വേവ്സ് XR ക്രിയേറ്റർ ഹാക്കത്തോൺ മത്സരത്തിൽ സംഘം അവതരിപ്പിച്ച  ഈ നൂതനാശയം പുരസ്കാരത്തിനർഹമായിരുക്കുകയാണ്. മുംബൈയിൽ ഐടിബി ഇന്ത്യ ട്രാവൽ കൺവെൻഷനിൽ പങ്കെടുത്തപ്പോഴാണ് ഇത്തരം ഒരു ആശയം ഉണ്ടായതെന്ന് ടീം ലീഡർ സാവിയോ മനീഫർ പറയുന്നു. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി എങ്ങനെ സ്ഥലങ്ങൾ പരിചയപ്പെടുത്താം എന്ന ചിന്തയിൽ നിന്നാണ് നാലം​ഗ സംഘം ഇമ്മേർസീവ് സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള ട്രാവൽ ​ഗൈഡ് അവതരിപ്പിക്കുന്നത്. സാവിയോ മനീഫർ (ലീഡ് യൂണിറ്റി ഡെവലപ്പർ), അവിനാഷ് അശോക് (സ്പേഷ്യൽ ഡിസൈനർ), മിഥുൻ സജീവൻ (യൂണിറ്റി ഡെവലപ്പർ), വിഷ്ണു വിഎസ് (3D ജനറലിസ്റ്റ്) എന്നിവർ അടങ്ങിയ സംഘമാണ് ട്രാവൽ ​ഗൈഡിന് പിന്നിൽ.

പനോരമിക് വ്യൂ, ഫോട്ടോ റിയലിസ്റ്റിക് 3ഡി സ്കാൻ, 3ഡി ഇൻ്ററാക്ട്ടീവ് ടെറൈൻ, ഫോട്ടോഗ്രാമെട്രി എന്നിവ ഈ ട്രാവൽ ​ഗൈഡിൻ്റെ സവിശേഷതയാണ്. ഇന്ത്യൻ വിനോദസഞ്ചാര മേഖലയെ ആ​ഗോള വേദിയിൽ അവതരിപ്പിക്കുന്നതിനും, ലോക സഞ്ചാരികളെ ആകർഷിക്കുന്നതിനും ഇത്തരം നൂതന സംരംഭങ്ങൾ ഏറെ പ്രയോജനകരമാണ്. യാത്രാനുഭവങ്ങളെ പരിവർത്തനം ചെയ്യുന്ന ലൂംഎക്സ്ആർ ടെക്‌നോളജി കമ്പനിയായ ടെറിഫിക് മൈൻഡ്‌സിന് കീഴിലാണുള്ളത്.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.