ശബരിമല തീര്‍ഥാടനം: ആകെ വരുമാനം 210 കോടി രൂപ:ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍

Dec 17, 2025
ശബരിമല തീര്‍ഥാടനം: ആകെ വരുമാനം  210 കോടി രൂപ:ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍
k jayakumar ias
ശബരിമല തീര്ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്ഡ് പ്രസിഡന്റ് കെ. ജയകുമാര് അറിയിച്ചു. ഇതില് 106 കോടി രൂപ അരവണ വില്പ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. മുന്വര്ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില് വലിയ വര്ധനയാണ് ഉണ്ടായിരിക്കുന്നത്. വലിയ പ്രശ്‌നമില്ലാതെ സുഗമദര്ശനം സാധ്യമായ തീര്ഥാടന കാലമാണിത്. ഭക്തരും മാധ്യമങ്ങളും സന്തോഷപ്രദമായ അനുഭവമായാണ് ഈ തീര്ഥാടനകാലത്തെ കാണുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്ഫറന്സ് ഹാളില് ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
*റീഫണ്ടിന് പ്രത്യേക കൗണ്ടര് ഇന്നു മുതല്*
താമസത്തിന് മുറിയെടുക്കുന്നവര്ക്ക് മുന്കൂറായി നല്കുന്ന നിക്ഷേപ തുക തിരികെ ലഭിക്കുന്നില്ലെന്ന് പരാതിക്ക് പരിഹാരമായി തുക തിരിച്ച് നല്കുന്നതിന് പ്രത്യേക കൗണ്ടര് തുറക്കുമെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പറഞ്ഞു. കൗണ്ടറിലെ തിരക്ക് കാരണം പലര്ക്കും തുക മടക്കി വാങ്ങാന് കഴിയാതെ വന്നിരുന്നു. ഇതേ തുടര്ന്ന് പരാതി ഉയര്ന്നിരുന്നു. ഈ സാഹചര്യത്തിലാണ് റീഫണ്ട് കൗണ്ടര് തുറക്കുന്നത്.
അക്കൊമൊഡേഷന് ഓഫീസിലാണ് കൗണ്ടര് പ്രവര്ത്തിക്കുക. അര്ഹതപ്പെട്ട മുഴുവന് തുകയും ഭക്തര്ക്ക് തിരികെ നല്കുന്നതിനുള്ള ക്രമീകരണമാണ് ഏര്പ്പെടുത്തുന്നത്. 500 മുറികളാണ് താമസത്തിനായി വിട്ടുനല്കുന്നത്. സോഫ്റ്റ് വെയറി ഇതിനുള്ള മാറ്റങ്ങളും ഏര്പ്പെടുത്തും. ഓണ്ലൈനായും ഓഫ്‌ലൈനായും മുറി ബുക്ക് ചെയ്യുമ്പോള് മുന്കൂര് നിക്ഷേപമായി നല്കുന്ന തുക തിരികെ നല്കും. ഓണ്ലൈനില് ബുക്ക് ചെയ്യുമ്പോള് നല്കുന്ന തുക തിരികെ അക്കൗണ്ടിലേക്ക് നല്കുന്നതിന് സോഫ്റ്റ്‌വെയറില് മാറ്റം വരുത്തും.
*അരവണ നിയന്ത്രണം തുടരും*
ഒരാള്ക്ക് 20 ടിന് അരവണ നല്കുന്ന തീരുമാനം തുടരുമെന്ന് പ്രസിഡന്റ് അറിയിച്ചു. എല്ലാവര്ക്കും അരവണ ലഭ്യമാക്കുന്നതിനാണ് ഇത്തരമൊരു ക്രമീകരണം ഏര്പ്പെടുത്തിയിരിക്കുന്നത്. ഇത് അയ്യപ്പന്മാര്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നുന്നില്ല. മണ്ഡലപൂജയ്ക്ക് ശേഷം 27 ന് നട അടച്ചാല് മൂന്നു ദിവസം കഴിഞ്ഞാണ് തുറക്കുക. ഈ സമയത്ത് കൂടുതല് അരവണ ഉത്പാദിപ്പിച്ച് കരുതല്ശേഖരം വര്ധിപ്പിക്കാനാകും.
തീര്ഥാടനകാലത്തിന്റെ ആദ്യ ആഴ്ചയില് അരവണ വില്പ്പനയില് പ്രത്യേകിച്ച് നിയന്ത്രണങ്ങളില്ലായിരുന്നു. 45 ലക്ഷം അരവണ കരുതല് ശേഖരവുമായാണ് ഈ വര്ഷത്തെ തീര്ഥാടന കാലം ആരംഭിച്ചത്. എന്നാല് അഭൂതപൂര്വ്വമായ അരവണ വില്പ്പനയാണ് ഉണ്ടായത്. 3.5 ലക്ഷം ടിന് അരവണ വില്പ്പനയാണ് ഒരു ദിവസം പ്രതീക്ഷിച്ചതെങ്കിലും ശരാശരി നാലര ലക്ഷം അരവണയാണ് വിറ്റത്. ഇത് കരുതല് ശേഖരം പെട്ടെന്ന് ശോഷിപ്പിക്കുന്നതിന് കാരണമായി. നിലവില്. പത്ത് ലക്ഷത്തിലധികം അരവണ ടിന്നുകള് കരുതല് ശേഖരമായുണ്ട്. മണ്ഡല പൂജ അടുക്കുന്ന സാഹചര്യത്തിലുണ്ടാകാവുന്ന ഭക്തരുടെ എണ്ണത്തിലെ വര്ധന കണക്കിലെടുത്താണ് നിലവിലെ ക്രമീകരണം. അരവണ ഉത്പാദനം ഇതില് വര്ധിപ്പിക്കാന് ഇന്നത്തെ സാഹചര്യത്തില് സാധ്യമല്ല. ഇപ്പോള് മൂന്നു ലക്ഷം അരവണയാണ് ഉത്പാദിപ്പിക്കുന്നത്. ഒരു ലക്ഷം കരുതല് ശേഖരത്തില് നിന്നുമെടുക്കുന്നു.
*26 ന് മന്ത്രിയുടെ നേതൃത്വത്തില് അവലോകനയോഗം*
27 ന് നടക്കുന്ന മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില് ചാര്ത്തുന്നതിനുള്ള തങ്ക അങ്കി 23 ന് പുറപ്പെടും. അന്നേ ദിവസം ദേവസ്വം വകുപ്പ് മന്ത്രി വി.എന്. വാസവന്റെ നേതൃത്വത്തില് അവലോകന യോഗം ചേരും. മകരവിളക്കിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള് യോഗത്തില് വിലയിരുത്തും. മകരവിളക്കിനെത്തുന്ന ഭക്തരുടെ പെരുമാറ്റ രീതികളും ശീലങ്ങളും വ്യത്യസ്തമാണ്. കാട്ടില് തമ്പടിക്കുക, പര്ണശാല കെട്ടുക തുടങ്ങിയവയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള് വിലയിരുത്തും. മകരവിളക്ക് ദര്ശിക്കുന്നതിന് പ്രത്യേക സ്ഥലങ്ങള് ഭക്തര് തിരഞ്ഞെടുക്കുന്ന സാഹചര്യത്തില് അപകടങ്ങള് സംഭവിക്കാതിരിക്കാനുള്ള മുന്കരുതലുകള് സ്വീകരിക്കേണ്ടതുണ്ട്. ഭക്തരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള് ഏര്പ്പെടുത്തേണ്ടതുണ്ട്. അപകടകരമായ സ്ഥലങ്ങളില് നിന്ന് ജ്യോതി ദര്ശിക്കുന്ന സാഹചര്യം ഭക്തര് ഒഴിവാക്കണം.
മകരവിളക്കിനോടനുബന്ധിച്ച് കാനന പാത വഴി വരുന്നവര്ക്ക് കൂടുതല് സൗകര്യങ്ങളേര്പ്പെടുത്തും. സ്‌പോട്ട് ബുക്കിംഗ് കുറച്ചു എന്നു കേട്ട് പലരും സത്രം പുല്ലുമേട് വഴി തിരഞ്ഞെടുക്കുന്നുണ്ട്. ദുര്ഘടമായ പാതയിലൂടെ പ്രായാധിക്യമുള്ളവര്, അസുഖമുള്ളവര് തുടങ്ങിയവര് ഏറെ ദൂരം നടന്നു വരുന്ന സാഹചര്യമുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും തെലുങ്കാനയിലും ഉള്ള ഭക്തര്ക്ക് ഇത് സംബന്ധിച്ച് കൂടുതല് അവബോധം നല്കണം. ആരോഗ്യപ്രശ്‌നമുള്ളവര് ഈ പാത തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണം. കാനന പാത വഴി വരുന്നവര്ക്ക് പ്രത്യേക പാസ് ഏര്പ്പെടുത്തുന്നതിന് പോലീസുമായും വനം വകുപ്പുമായും ധാരണയിലെത്തിയിട്ടുണ്ട്.
*കേരളീയ ഊണ് 21 മുതല്*
അന്നദാനവുമായി ബന്ധപ്പെട്ട് കേരളീയ രീതിയില് പപ്പടം, പഴം, പായസം തുടങ്ങിയ വിഭവങ്ങളുമായി ഊണ് നല്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള് പരിഹരിച്ചുവരികയാണ്. 21 മുതല് കേരളീയ ഊണ് പ്രാബല്യത്തില് വരുത്താനാണ് ശ്രമിക്കുന്നത്. അന്നദാനമണ്ഡപത്തിലെത്തി അടുക്കള സന്ദര്ശിച്ച് സ്ഥിതിഗതികള് വിലയിരുത്തിയിരുന്നു. ആവശ്യത്തിന് സാധനങ്ങള് ശേഖരിച്ചിട്ടുണ്ട്.
*സ്‌പോട്ട് ബുക്കിംഗില് കടുംപിടിത്തമില്ല*
സ്‌പോട്ട് ബുക്കിംഗുമായി ബന്ധപ്പെട്ട് കടുംപിടിത്തമില്ലെന്ന് പ്രസിഡന്റ് അറിയിച്ചു. കോടതി അതിനുള്ള സ്വാതന്ത്യം അനുവദിച്ചിട്ടുണ്ട്. സ്‌പോട്ട് ബുക്കിംഗ് സാഹചര്യം അനുസരിച്ച് റിലാക്‌സ് ചെയ്യാന് കോടതി അനുവദിച്ചിട്ടുണ്ട്. ഭക്തരുടെ വരവ് അനുസരിച്ച് ഇക്കാര്യത്തില് തീരുമാനമെടുക്കും. നിലവില് നിശ്ചയിച്ചിട്ടുള്ള സ്‌പോട്ട് ബുക്കിംഗ് പരിധിയായ 5000 തുടരും. ഇപ്പോള് അധികം ക്യൂ നില്ക്കാതെ ഭക്തര്ക്ക് ദര്ശനം സാധ്യമാകുന്നുണ്ട്. കാനനപാത വഴിയെത്തുന്നവരുടെ എണ്ണം വര്ധിച്ചിട്ടുണ്ട്. ഇത് നിയന്ത്രിക്കുന്നതിന് പോലീസുമായി ചര്ച്ച നടത്തുന്നുണ്ട്. എരുമേലി - അഴുത കാനന പാത വഴി വരുന്നവര്ക്ക് പ്രത്യേക പാസ് നല്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പുമായും സംസാരിച്ചിട്ടുണ്ട്. പരമാവധി ഭക്തര്ക്ക് ദര്ശനം സാധ്യമാക്കും. ഭക്തര്ക്ക് പ്രയാസമുണ്ടാക്കാത്ത വിധത്തില് ദര്ശനം ക്രമീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
*സാങ്കേതികവിദ്യാ മികവില് അധിഷ്ഠിതമായ തീര്ഥാടനകാലം ലക്ഷ്യം*
അടുത്ത വര്ഷത്തെ തീര്ഥാടനകാലം സുഗമമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള് ആരംഭിച്ചതായി പ്രസിഡന്റ് അറിയിച്ചു. ശബരിമല മാസ്റ്റര് പ്ലാന് സംബന്ധിച്ച് വിശദമായ യോഗം ദേവസ്വം ആസ്ഥാനത്ത് ഇന്ന് (18) ചേരും. അടുത്ത ഒരു വര്ഷത്തിനകം പൂര്ത്തീകരിക്കാന് കഴിയുന്ന പദ്ധതികള് മുന്ഗണനാക്രമത്തില് വിലയിരുത്തും. 2026-27 വര്ഷം നടപ്പാക്കാനാകുന്ന പദ്ധതികള് പരിശോധിക്കും. മുന്ഗണന നിശ്ചയിച്ച് പദ്ധതികള് പൂര്ത്തീകരിക്കും. കേന്ദ്രസര്ക്കാര് ഫണ്ട്, സ്‌പോണ്സര്ഷിപ്പ് തുടങ്ങിയവ വഴി പദ്ധതി തുക കണ്ടെത്തും. ശബരിമല മാസ്റ്റര് പ്ലാന് പദ്ധതിയില് മറ്റൊരു അരവണ പ്ലാന്റ് നിര്മ്മിച്ചാല് നാലു മുതല് അഞ്ച് ലക്ഷം വരെ പ്രതിദിനം അരവണ ഉത്പാദിപ്പിക്കാന് കഴിയും.
മണ്ഡലകാല ഉത്സവ നടത്തിപ്പില് സാങ്കേതികവിദ്യയുടെ കൂടുതലായി ഉപയോഗപ്പെടുത്താനാണ് ശ്രമം. ഇതിനായുള്ള സാങ്കേതിക മാസ്റ്റര് പ്ലാന് തയാറാക്കും. കോടതി തന്നെ ഇതുസംബന്ധിച്ച് നിര്ദേശം നല്കിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തീര്ഥാടനം സുഗമമാക്കുന്നതിനുള്ള സാധ്യത ചര്ച്ച ചെയ്യും. നിലയ്ക്കലില് നിന്ന് പുറപ്പെടുന്നവര് എത്ര നേരം കൊണ്ട് പമ്പയിലെത്തും എത്ര നേരം ക്യൂവില് നില്ക്കേണ്ടി വരും തുടങ്ങിയവയെല്ലാം നിര്മ്മിത ബുദ്ധിയും ജിപിഎസ് സംവിധാനവും ഉപയോഗിച്ച് നിര്ണയിക്കാനാകും. ഇത്തരം സാധ്യതകളാണ് പരിശോധിക്കുന്നത്. ശാസ്ത്രീയ മാര്ഗങ്ങള് അവലംബിച്ചുള്ള നവീകരണമാണ് ശബരിമലയില് നടപ്പാക്കുകയെന്നും പ്രസിഡന്റ് പറഞ്ഞു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.