അമീബിക് മസ്തിഷ്കജ്വരത്തിന് തടയിടാൻ ജലപരിശോധനയുമായി സിഡബ്ല്യുആർഡിഎമ്മും ജല അതോറിറ്റിയും
വെള്ളത്തിലൂടെ പടരുന്ന ഈ അമീബയെ കണ്ടെത്താനുള്ള ജലപരിശോധന യാഥാർഥ്യമാക്കാനാണ് സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡിവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റും (സിഡബ്ല്യുആർഡിഎം) ജല അതോറിറ്റിയുടെ കോഴിക്കോട്ടെ ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലബോറട്ടറിയും ലക്ഷ്യമിടുന്നത്

കോഴിക്കോട് : സംസ്ഥാനത്ത് ആശങ്കയുയർത്തി വ്യാപിക്കുന്ന അമീബിക് മസ്തിഷ്കജ്വരത്തിന് തടയിടാൻ ശ്രമവുമായി സിഡബ്ല്യുആർഡിഎമ്മും ജല അതോറിറ്റിയും. വെള്ളത്തിലൂടെ പടരുന്ന ഈ അമീബയെ കണ്ടെത്താനുള്ള ജലപരിശോധന യാഥാർഥ്യമാക്കാനാണ് സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡിവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റും (സിഡബ്ല്യുആർഡിഎം) ജല അതോറിറ്റിയുടെ കോഴിക്കോട്ടെ ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലബോറട്ടറിയും ലക്ഷ്യമിടുന്നത്. ഇതിനുള്ള നടപടികൾ ഇരുസ്ഥാപനങ്ങളും തുടങ്ങിക്കഴിഞ്ഞു.വെള്ളത്തിൽ അമീബ എത്ര അളവിലുണ്ടായാൽ അപകടമാവും എന്നതുൾപ്പെടെയുള്ള പ്രോട്ടക്കോൾ സർക്കാർ നിശ്ചയിച്ചുനൽകേണ്ടതുണ്ട്.
വെള്ളത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പിസിആർ പരിശോധന ഒരുക്കാനാണ് സിഡബ്ല്യുആർഡിഎം ലക്ഷ്യമിടുന്നത്. ഇതിനുള്ള ഒരു പ്രോട്ടക്കോൾ തയ്യാറാക്കിനൽകണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനും അഡീഷണൽ ചീഫ് സെക്രട്ടറിക്കും സിഡബ്ല്യുആർഡിഎം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ കത്തയച്ചു. ഇതിനുപുറമേ സിഡബ്ല്യുആർഡിഎമ്മിൽനിന്നുള്ള വിദഗ്‌ധസംഘത്തിന് തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറി സന്ദർശിച്ച് പരിശോധനാരീതികൾ പഠിക്കാനുള്ള അനുമതിയും തേടിയിട്ടുണ്ട്.
ജലാശയങ്ങളിലും മറ്റും അമീബയുടെ സാന്നിധ്യമുണ്ടോ എന്നറിയാനുള്ള പരിശോധന നിലവിൽ തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ മാത്രമാണുള്ളത്. പരിശോധനയ്ക്കുള്ള പ്രധാന ഉപകരണമായ റിയൽ ടൈം പിസിആർ (ആർടി പിസിആർ) സിഡബ്ല്യുആർഡിഎമ്മിലുണ്ട്.എംജി സർവകലാശാലയുടെ നേതൃത്വത്തിലും അമീബയെ കണ്ടെത്താനുള്ള ജലപരിശോധ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. സർക്കാർ മുൻകൈയെടുത്ത് ഇത്തരം പരിശോധന ആരംഭിക്കാൻ താത്പര്യമുള്ള സ്ഥാപനങ്ങളുടെ ഒരു കൺസോർഷ്യം രൂപവത്കരിക്കുകയും അവർക്കാവശ്യമായ പ്രോട്ടക്കോൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുകയുംചെയ്താൽ രോഗപ്രതിരോധത്തിനും ബോധവത്കരണത്തിനും പരിശോധനാസമയം കുറയ്ക്കാനും ഏറെ സഹായകമാവുമെന്ന് ഡോ. മനോജ് പറഞ്ഞു.
ജല അതോറിറ്റിയുടെ കോഴിക്കോട്ടെ ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലബോറട്ടറിയിലും ഇതിനുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ട്. കുറച്ച് രാസവസ്തുക്കളും ചില ഉപകരണങ്ങളും ഉന്നതനിലവാരമുള്ള ഒരു മൈക്രോസ്കോപ്പുമുണ്ടായാൽ പരിശോധന ആരംഭിക്കാനാവും.ഇ-കോളി പോലെയും മറ്റും വെള്ളത്തിൽ അമീബയെ കണ്ടെത്തുക എളുപ്പമല്ല. 10 ലിറ്റർ വെള്ളമെങ്കിലും എടുത്ത് ഫിൽറ്റർചെയ്ത് സെൻട്രിഫ്യൂജ് ചെയ്ത് ഏകീകരിച്ചുവേണം പരിശോധന നടത്താനെന്നും അദ്ദേഹം പറഞ്ഞു.
വാട്ടർ അതോറിറ്റിക്ക് എല്ലാജില്ലയിലും ലബോറട്ടറികളുണ്ടെങ്കിലും കേരളത്തിൽ ആദ്യമായി കോഴിക്കോട്ടാണ് ഇത്തരമൊരു ശ്രമം നടത്താൻ ഒരുങ്ങുന്നത്.