വൈബ് ഫോര്‍ വൈല്‍നസ്: ആരോഗ്യ പരിശോധന ഇനി വിരല്‍ത്തുമ്പില്‍
ആരോഗ്യ വകുപ്പ് ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന്‍ ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും സമഗ്ര ഡിജിറ്റല്‍ ആരോഗ്യ പരിശോധന സൗകര്യം ഒരുക്കുന്നു. ജനങ്ങളില്‍ ആരോഗ്യബോധം വര്‍ധിപ്പിച്ച് സ്വയം വിലയിരുത്തലിലൂടെ സമയബന്ധിത ഇടപെടലുകള്‍ സാധ്യമാക്കി സമൂഹത്തിന്റെ സമഗ്ര ആരോഗ്യനില ഉയര്‍ത്തുകയാണ് ലക്ഷ്യം. ജീവിതശൈലി രോഗപ്രതിരോധത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അഞ്ച് മിനിറ്റില്‍ ഓരോ വ്യക്തികളുടെ ആരോഗ്യനില സ്വയം വിലയിരുത്താന്‍ health.kerala.care പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുന്നു. വ്യക്തിഗത ഡിജിറ്റല്‍ ഹെല്‍ത്ത് അസിസ്റ്റന്റായി രൂപകല്‍പന ചെയ്ത പോര്‍ട്ടലിലൂടെ വ്യക്തികള്‍ നല്‍കുന്ന ദിനചര്യയില്‍ നിന്നും ജീവിതശൈലീ രോഗങ്ങള്‍ തിരിച്ചറിഞ്ഞ് സാധ്യതകള്‍ വിലയിരുത്താന്‍ സഹായിക്കും. ഇതിലൂടെ സമയബന്ധിതമായ ആരോഗ്യപരിപാലന നടപടികള്‍ സ്വീകരിക്കാനും സാധിക്കും. പോര്‍ട്ടലിലൂടെ ശരീരഭാര സൂചിക (ബി.എം.ഐ) കണക്കാക്കി ആരോഗ്യ സൂചനകള്‍ മനസ്സിലാക്കി രക്തസമ്മര്‍ദ്ദ മൂല്യങ്ങള്‍ രേഖപ്പെടുത്തി സാധാരണ പരിധിയിലാണോ വിദഗ്ധ പരിശോധന ആവശ്യമായ അവസ്ഥയാണോ എന്ന് തിരിച്ചറിയാന്‍ കഴിയും. പോര്‍ട്ടലില്‍ ഫാസ്റ്റിങ്, പോസ്റ്റ് പ്രാന്‍ഡിയല്‍ ബ്ലഡ് ഷുഗര്‍ മൂല്യങ്ങള്‍ നല്‍കി പ്രമേഹത്തിന്റെ നിലവാരം, സാധ്യതകള്‍ സ്വയം വിലയിരുത്തി മുന്‍കരുതലുകള്‍ സ്വീകരിക്കാം.
ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതര രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന സ്‌ക്രീനിങ് ചോദ്യാവലികളും പോര്‍ട്ടലിന്റെ ഭാഗമാണ്. സമഗ്ര ആരോഗ്യ റിസ്‌ക് അസസ്‌മെന്റിലൂടെ അഞ്ച് മിനുട്ടിനകം ജീവിതശൈലീ രോഗസാധ്യതകള്‍ വിലയിരുത്തി, വ്യക്തിഗത ഭക്ഷണക്രമം, വ്യായാമ നിര്‍ദ്ദേശങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ സാധിക്കും. ആരോഗ്യ പരിശോധനയ്‌ക്കൊപ്പം ആരോഗ്യ രംഗത്ത് നടപ്പാക്കുന്ന വിവിധ സേവന സംവിധാനങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീടിന് സമീപമുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനോടൊപ്പം കേരള ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി നടപ്പാക്കുന്ന യൂണിക് ഹെല്‍ത്ത് ഐഡി (യു.എച്ച്.ഐ.ഡി) ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ചികിത്സക്ക് പുറമെ രോഗ പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കുന്ന ആരോഗ്യനയത്തിന്റെ ഭാഗമായാണ് ഡിജിറ്റല്‍ സംരംഭം നടപ്പാക്കുന്നത്.


