ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. ഇന്ന് ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് തുടക്കമാവുക. സന്നിധാനത്ത് വലിയരീതിയിലുളള തീർഥാടക നിയന്ത്രണമുണ്ട്. വെർച്വൽ ക്യൂ വഴി 30000 പേർക്കും സ്പോട്ട്
ബുക്കിംഗ് വഴി 5000 പേർക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം.
രാവിലെ 11 മുതൽ പമ്പയിൽ നിന്ന് തീർഥാടകരെ കയറ്റിവിടില്ല. മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം
വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടിരുന്നു.
പരമ്പരാഗത പാതയിലൂടെ വിവിധ ക്ഷേത്രങ്ങളും കടന്ന് ഇന്ന് വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും.
മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമി. പന്തളം കൊട്ടാരത്തെ പ്രതിനിധീകരിച്ചുള്ള രാജപ്രതിനിധിയും യാത്രയെ അനുഗമിക്കുന്നുണ്ട്.
മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. സന്നിധാനത്തും പരിസരത്തും ഒരു
ലക്ഷത്തോളം ഭക്തര്‍ തമ്പടിച്ചിട്ടുണ്ട്. എരുമേലി കാനനപാത വഴി തീര്‍ഥാടകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് സര്‍വസജ്ജമാണ്.
തിരുമുറ്റത്തും ഫ്ലൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ഫോട്ടോ പതിച്ച തിരിച്ചറിയില്‍ പാസ് നല്‍കിയവര്‍ക്ക് മാത്രമേ ഈ സ്ഥലങ്ങളില്‍ നില്ക്കാന് കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാള്‍ക്ക് കൈമാറാന്‍ കഴിയില്ല. സുതാര്യമായ സംവിധാനമാണ് ഇക്കുറി ഏര്‍പ്പെുത്തിയിരിക്കുന്നത്.
മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങാന്‍ തീര്‍ഥാടകര്‍ തിരക്ക് കൂട്ടുന്ന പ്രവണതയുണ്ട്. തിരിച്ചിറങ്ങുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
മുന്‍വര്‍ഷങ്ങളില്‍ ഭക്തര്‍ക്ക് തങ്ങാന്‍ മുറി ലഭിക്കാത്ത പ്രശ്നമുണ്ടായിരുന്നു. ഈ വര്‍ഷം മുറി ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഭക്തരെ
ഒരു തരത്തിലുമുള്ള ചൂഷണത്തിന് വിധേയമാക്കുന്ന സാഹചര്യവും ശബരിമലയില്‍ ഉണ്ടാകില്ല.
അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തേയ്ക്കുള്ള ആസൂത്രണവും ഈ വര്‍ഷത്തെ അവലോകനവും നടത്തുന്നതിനായി എല്ലാ വകുപ്പുകളെയും വിളിച്ച് ചേര്‍ത്ത് ഫെബ്രുവരി ആറിന് യോഗം ചേരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.


