വേനൽ, പാലുത്പാദനത്തിൽ പ്രതിദിനം 4 ലക്ഷം ലിറ്ററിന്റെ കുറവ്
മുൻ വർഷങ്ങളിൽ 14 -15 ലക്ഷം ലിറ്റർ പ്രതിദിന ഉത്പാദനം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ലഭിക്കുന്നത് 12.5 ലക്ഷം ലിറ്റർ പാലുമാത്രമാണ്.
പാലക്കാട്: പൊള്ളുന്ന വെയിലിൽ പാൽ ഉത്പാദനം വലിയ തോതിൽ കുറഞ്ഞതോടെ സംസ്ഥാനത്തെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. മുൻ വർഷങ്ങളിൽ 14 -15 ലക്ഷം ലിറ്റർ പ്രതിദിന ഉത്പാദനം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ലഭിക്കുന്നത് 12.5 ലക്ഷം ലിറ്റർ പാലുമാത്രമാണ്. സംസ്ഥാനത്തെ പ്രതിദിന ആവശ്യം ശരാശരി 17 ലക്ഷം ലിറ്ററാണ്. നാലു ലക്ഷത്തോളം ലിറ്ററിന്റെ കുറവുണ്ട്. ഇത് നികത്താൻ അയൽ സംസ്ഥാനമായ കർണാടക, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് ടാങ്കറിൽ പാലെത്തിക്കുകയാണ്.സാധാരണഗതിയിൽ മറ്റു മേഖലാ യൂണിയനുകളുടെ കുറവ് മലബാറിലെ ഉത്പാദനം കൊണ്ടു മറികടക്കുമെങ്കിലും ഇത്തവണ അവിടെയും ക്ഷീണമാണ്. പാലിനു ക്ഷാമം വരമ്പോഴും ആവശ്യം വർദ്ധിക്കുകയാണ്. റമസാൻ സീസണിൽ നല്ല വിറ്റുവരവായിരുന്നു. വിഷുദിനത്തിൽ 40 ലക്ഷത്തോളം ലിറ്റർ പാലാണു വിറ്റത്. ചായയെക്കാൾ കൂടുതൽ ശീതളപാനീയ വിപണിയിലാണു പാലിനു ചെലവ്. മറ്റു വിളകൾക്കു മോശമല്ലാത്ത വില ലഭിക്കുന്നതോടെ പലരും ക്ഷീരമേഖല ഉപേക്ഷിച്ചതാണ് ഉൽപാദനക്കുറവിന്റെ കാരണം. തീറ്റച്ചെലവു താങ്ങാനാകാത്തതു മൂലം ഫാമുകൾ പലതും പൂട്ടി. പശുക്കളുടെ എണ്ണത്തിലും വലിയ കുറവാണുള്ളത്.