പൈനാപ്പിള്‍ ഇല കൊണ്ട് കന്നുകാലികള്‍ക്ക് പോഷകസമൃദ്ധമായ പാരമ്പര്യേതര തീറ്റയൊരുക്കി എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം,പോഷകസമൃദ്ധം, പാലുത്പാദനം ഒന്നരലിറ്റർവരെ കൂടും, പാൽക്കൊഴുപ്പും
പൈനാപ്പിള്‍ ഇലകള്‍ കൊണ്ടുള്ള തീറ്റ, പാലുത്പാദനം 1 മുതല്‍ 1.5 ലിറ്റര്‍ വരെയും പാല്‍കൊഴുപ്പ് 0.3 മുതല്‍ 0.5 ശതമാനം വരെയും വര്‍ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍.

കൊച്ചി : പൈനാപ്പിള്‍ ഇല കൊണ്ട് കന്നുകാലികള്‍ക്ക് പോഷകസമൃദ്ധമായ കാലിത്തീറ്റയൊരുക്കി എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം (കെ.വി.കെ.). വൈക്കോലിനും പച്ചപ്പുല്ലിനുമൊപ്പം നല്‍കാവുന്ന പാരമ്പര്യേതര തീറ്റയായാണ് ഇത് അവതരിപ്പിക്കുന്നത്. പൈനാപ്പിള്‍ ഇലകള്‍ കൊണ്ടുള്ള തീറ്റ, പാലുത്പാദനം 1 മുതല്‍ 1.5 ലിറ്റര്‍ വരെയും പാല്‍കൊഴുപ്പ് 0.3 മുതല്‍ 0.5 ശതമാനം വരെയും വര്‍ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍.
പൈനാപ്പിള്‍ ഇലകള്‍ ചെറുകഷണങ്ങളാക്കിയാണ് സംസ്‌കരിച്ചെടുക്കുക. നൂറുകിലോയ്ക്ക് രണ്ട് കിലോ എന്ന തോതില്‍ ശര്‍ക്കരയും അരക്കിലോ ഉപ്പും ചേര്‍ക്കും. ശേഷം പ്ലാസ്റ്റിക് ഡ്രമ്മുകളില്‍ വായുസഞ്ചാരം കടക്കാത്ത രീതിയില്‍ പായ്ക്ക് ചെയ്യും. 60 ദിവസം വരെ ഇത്തരത്തില്‍ സൂക്ഷിച്ച ശേഷം കന്നുകാലികള്‍ക്ക് നല്‍കാം. ഒരു വര്‍ഷം വരെ ഇത് സൂക്ഷിക്കാം. പ്രതിദിനം 10-15 കിലോഗ്രാം പൈനാപ്പിള്‍ സൈലേജ്, അഞ്ച് കിലോ പുല്ല്, രണ്ട് കിലോ വൈക്കോല്‍, സാന്ദ്രീകൃത തീറ്റ എന്നിവ മിശ്രിതമായി നല്‍കുകയാണ് വേണ്ടത്.
ഇലകള്‍ നുറുക്കുന്ന യന്ത്രവും ഒരു ചെറു ഹൈഡ്രോളിക് മെഷീനും ഉണ്ടെങ്കില്‍ ഒരു സംരംഭവുമാക്കാം. സംസ്‌കരിച്ചെടുത്ത പൈനാപ്പിള്‍ ഇലകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ആവശ്യമായ യന്ത്രസാമഗ്രികള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കെ.വി.കെ. ലഭ്യമാവുന്ന എല്ലാത്തരം കാര്‍ഷിക ഉത്പന്നങ്ങളും എങ്ങനെ കന്നുകാലികളുടെ തീറ്റയില്‍ ഉള്‍പ്പെടുത്താം എന്ന പരീക്ഷണവും ഇവിടെ പുരോഗമിക്കുന്നുണ്ട്.
ജില്ലയില്‍ മാത്രം പന്ത്രണ്ടായിരത്തിലധികം ഏക്കര്‍ പൈനാപ്പിള്‍ കൃഷിയുണ്ട്. ഏക്കറൊന്നിന് 15,000 കിലോ ഇല കിട്ടും. എന്നാല്‍, വിളവെടുപ്പ് ഒന്നിച്ച് വരുന്നതും 7-10 ദിവസം വരെ മാത്രമേ പൈനാപ്പിള്‍ ഇലകള്‍ സൂക്ഷിക്കാനാകൂ എന്നതും പോരായ്മയാണ്. എറണാകുളം കെ.വി.കെ.യിലെ മൃഗസംരക്ഷണ വിദഗ്ധ ഡോ. സ്മിത ശിവദാസന്‍, കെ.വി.കെ. മേധാവി ഡോ. ഷിനോജ് സുബ്രഹ്‌മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇതിന് പരിഹാരമായി പൈനാപ്പിള്‍ ഇല സംസ്‌കരിച്ച് സൂക്ഷിക്കാമെന്ന് കണ്ടെത്തിയത്.