ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നാവികസേനയുടെ പങ്ക് നിര്‍ണായകം: രാഷ്ട്രപതി

Dec 3, 2025
ബ്ലൂ  എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍  നാവികസേനയുടെ പങ്ക് നിര്‍ണായകം: രാഷ്ട്രപതി
PRESIDENT OF INDA


തിരുവനന്തപുരം :സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന നിര്‍ണായ പങ്ക് വഹിക്കുന്നതായും രാഷ്ട്രപതി ദ്രൗപതി മുര്‍മു. കടല്‍ വഴികള്‍ സുരക്ഷിതമാക്കിയും സമുദ്ര വിഭവങ്ങള്‍ സംരക്ഷിച്ചും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞും സമുദ്ര ഗവേഷണത്തെ പിന്തുണച്ചും   നാവികസേന രാജ്യത്തിന് കരുത്തേകുന്നതായും രാഷ്ട്രപതി പറഞ്ഞു. ശംഖുമുഖത്ത് നടന്ന നാവികസേനാ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി  പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ഇന്ത്യന്‍ മഹാസമുദ്ര മേഖല വളരെ തന്ത്രപ്രധാനമാണ്. ആഗോള ഊര്‍ജ വിതരണത്തിനും വ്യാപാരത്തിനുമുള്ള ഒരു മാര്‍ഗമാണിത്. ഇന്ത്യ ഇതിന്റെ കേന്ദ്രസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഈ മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതില്‍ നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്. നമ്മുടെ അയല്‍ക്കാര്‍ക്ക് സഹായം എത്തിച്ചും സമുദ്ര  അവബോധം പ്രോത്സാഹിപ്പിച്ചും അന്താരാഷ്ട്ര സമുദ്ര സമൂഹത്തിന് സുരക്ഷ ഉറപ്പാക്കിയും നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, വിശാലമായ ഇന്ത്യന്‍ മഹാസമുദ്രത്തിലുടനീളവും നാവിക സേന പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.


ആധുനികവല്‍ക്കരണവും പുതിയ സാങ്കേതികവിദ്യകളുടെ വികസനവും അവയുടെ പൊരുത്തപ്പെടുത്തലും ഏതൊരു സായുധ സേനയുടെയും പോരാട്ട സന്നദ്ധതയ്ക്ക് നിര്‍ണായകമാണ്. ഇന്ത്യയില്‍ തന്നെ സങ്കീര്‍ണമായ പ്ലാറ്റ്ഫോമുകള്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനുമുള്ള കഴിവ് നമ്മുടെ നാവികസേനക്കുണ്ട്.വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തും മറ്റു യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ഇതിനു ഉദാഹരണങ്ങളാണ്. ഇവ തദ്ദേശീയമായി വികസിപ്പിക്കുന്നതിലൂടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാകും.   തദ്ദേശീയ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യന്‍ നാവികസേന ഊര്‍ജം പകരുകയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

വിമാനത്താവളത്തില്‍ നിന്നും വേദിയിലെത്തിയ രാഷ്ട്രപതിക്ക്  എം എച്ച് 60 ആര്‍ ഹെലികോപ്റ്ററുകള്‍ സല്യൂട്ട് നല്‍കി. യുദ്ധക്കപ്പലുകളായ ഐഎന്‍എസ് ഇംഫാലും ഐഎന്‍എസ് ഉദയഗിരിയും ഐഎന്‍എസ് കമാലും ഐഎന്‍എസ് കൊല്‍ക്കത്തയും ചേര്‍ന്ന് രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തു. പാരച്യൂട്ടില്‍ പറന്നിറങ്ങിയ മറൈന്‍ കമാന്‍ഡോകൾ രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിച്ചു. സേനയുടെ  കരുത്തും പ്രവര്‍ത്തന മികവും വിളിച്ചോതുന്ന പോര്‍വിമാനങ്ങളുടേയും  പടക്കപ്പലുകളുടേയും അഭ്യാസ പ്രകടനങ്ങള്‍ രാഷ്ട്രപതി വീക്ഷിച്ചു. 

ഇന്ത്യയുടെ പടക്കപ്പലുകളായ  ഐഎന്‍എസ് ഇംഫാല്‍,  ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കമാല്‍, പായ്ക്കപ്പലുകളായ തരംഗിണിയും സുദര്‍ശിനിയും മിസൈല്‍ കില്ലര്‍ ബോട്ടുകളും അന്തര്‍വാഹിനിയും ഉള്‍പ്പെടെയുള്ള 19 നാവിക യുദ്ധ സംവിധാനങ്ങളാണ്  തീരക്കടലില്‍ വിസ്മയ കാഴ്ചയൊരുക്കിയത്. വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തില്‍നിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററില്‍നിന്നുള്ള എയര്‍ ലിഫ്റ്റിംഗും പാരാഗ്ലൈഡിംഗും ഉള്‍പ്പെടെയുള്ള അഭ്യാസ പ്രകടനങ്ങള്‍ സേനയുടെ ഉള്‍ക്കരുത്തും  നീക്കങ്ങളിലെ കൃത്യതയും വേഗതയും സാങ്കേതിക മികവും എടുത്തുകാട്ടി. യുദ്ധത്തിനും നിരീക്ഷണത്തിനുമുള്ള ലോങ് റേഞ്ച് ആന്റി സബ്മറൈന്‍ വിമാനമായ പി8ഐ, മിഗ്, ഹോക്‌സ്  വിമാനങ്ങളും ഹെലികോപ്റ്ററുകളും ചേര്‍ന്നാണ് ആകാശത്ത് ദൃശ്യവിസ്മയം ഒരുക്കിയത്.

 ആര്‍ത്തിരമ്പുന്ന കടല്‍പ്പരപ്പില്‍ സെര്‍ച്ച് ആന്‍ഡ് സീഷര്‍ ഓപ്പറേഷന്‍, ഹെലികോപ്റ്റര്‍ വഴി കമാന്‍ഡോകളെ ലക്ഷ്യസ്ഥാനത്ത് ഇറക്കുന്ന ഹെലികോപ്റ്റര്‍ ബോണ്‍ ഇന്‍സേര്‍ഷന്‍, രക്ഷാദൗത്യം എന്നിവയുടെ പ്രദര്‍ശനവും നടന്നു. സതേണ്‍ നേവല്‍ കമാന്‍ഡിന്റെ മ്യൂസിക്കല്‍ ബാന്‍ഡും കണ്ടിന്യൂയിറ്റി ഡ്രില്ലും സീ കേഡറ്റുകള്‍ അവതരിപ്പിച്ച ഹോണ്‍ ആന്‍ഡ് പൈപ്പ് ഡാന്‍സും  പരിപാടിയെ വ്യത്യസ്തമാക്കി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അനാവരണം ചെയ്യുന്ന കലാപരിപാടികളോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ക്ക്  പരിസമാപ്തിയായി തീരക്കടലില്‍ യുദ്ധക്കപ്പലുകള്‍ വൈദ്യുതി ദീപങ്ങളാല്‍ അലംകൃതമായി അണിനിരന്നു.

നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠി സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഠ്,  ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.