രാജ്ഭവനുകള്‍ ഇനി ലോക്ഭവനുകള്‍, ആര്‍ക്കും കടന്നുചെല്ലാം; ബംഗാളും ആസാമും പേരുമാറ്റി
ന്യൂദല്‍ഹി: ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതികളായ രാജ്ഭവനുകള്‍ക്ക് മോദി സര്‍ക്കാര്‍ ജനകീയ മുഖം നല്കുന്നു. ഇതിന്റെ ഭാഗമായി അവയുടെ പേരുകള്‍ ലോക്ഭവന്‍ എന്നു മാറ്റിത്തുടങ്ങി. ബംഗാള്‍, ആസാം സംസ്ഥാനങ്ങളിലാണ് പേരുമാറ്റത്തിനു തുടക്കമിട്ടത്.
കേന്ദ്ര നിര്‍ദേശം പാലിച്ച് രാജ്ഭവന്റെ പേര് ലോക്ഭവന്‍ എന്നാക്കി ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് വിജ്ഞാപനം പുറപ്പെടുവിച്ചു. ലോക്ഭവന്‍ ഇനിമേല്‍ ആര്‍ക്കും പ്രവേശനമുള്ള ഗവര്‍ണറുടെ ഓഫീസായും ഔദ്യോഗിക വസതിയായും പ്രവര്‍ത്തിക്കും. ആഭ്യന്തര മന്ത്രാലയം ഈ 25നു പുറപ്പെടുവിച്ച ഉത്തരവു പ്രകാരം രാജ്ഭവന്റെ പേര് ലോക്ഭവന്‍ എന്നു മാറ്റിയിരിക്കുന്നു. പുതിയ പേര് പ്രാബല്യത്തിലായി. വിജ്ഞാപനത്തില്‍ തുടര്‍ന്നു.
ജനകീയ ഭരണത്തിന്റെ സൂചകമായി, 2023 മാര്‍ച്ച് 27ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ബംഗാള്‍ രാജ്ഭവന്റെ താക്കോലിന്റെ പ്രതീകം മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഏല്‍പ്പിച്ചിരുന്നെന്ന് ഡോ. സി.വി. ആനന്ദബോസ് എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. കേരള രാജ്ഭവനടക്കമുള്ളവയുടെ പേരും ഉടന്‍ മാറ്റും.


