കെ.എസ്.ആര്‍.ടി.സിയില്‍ മൂന്നാര്‍ കാണാം; നാല് ഉല്ലാസയാത്രാ സര്‍വീസുകള്‍
മൂന്നാർ ഡിപ്പോയിൽനിന്ന് തുടങ്ങി ഡിപ്പോയിൽ തിരിച്ചെത്തുന്നരീതിയിലാണ് സർവീസുകൾ

മൂന്നാർ : വിനോദസഞ്ചാര വികസനം മുന്നിൽകണ്ട് മൂന്നാറിൽ കെ.എസ്.ആർ.ടി.സി.യുടെ നാല് പുതിയ ഉല്ലാസയാത്രാ സർവീസുകൾ തുടങ്ങും. മൂന്നാർ ഡിപ്പോയിൽനിന്ന് തുടങ്ങി ഡിപ്പോയിൽ തിരിച്ചെത്തുന്നരീതിയിലാണ് സർവീസുകൾ.മൂന്നാറിന്റെ ഉൾപ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി. പുതിയ സർവീസുകൾ തുടങ്ങുമെന്ന് ഡബിൾഡെക്കർ ബസിന്റെ ഉദ്ഘാടന വേളയിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. കെ.എസ്.ആർ.ടി.സി.യുടെ വിനോദസഞ്ചാര വികസനം മുന്നിൽ കണ്ടുള്ള സർവീസുകൾ തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്നും അതുകൊണ്ട് സർവീസുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം ഡ്രൈവർമാർ മന്ത്രിക്കുനേരെ കരിങ്കൊടി വീശിയിരുന്നു. ഇതേ തുടർന്നാണ് കൂടുതൽ സർവീസുകൾ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചത്.
സർവീസുകൾ ഇങ്ങനെ
- രാവിലെ 8.45-ന് തുടങ്ങുന്ന സർവീസ് മാട്ടുപ്പട്ടി ഡാം, കുണ്ടള ഡാം, കോവിലൂർ, വട്ടവട എന്നിവിടങ്ങൾ സന്ദർശിച്ച് തിരിച്ചെത്തും.
- 9.30-ന് തുടങ്ങുന്ന സർവീസ് ദേവികുളം, പെരിയക്കനാൽ വെള്ളച്ചാട്ടം, സൂര്യനെല്ലി, ലക്ഷ്മി എസ്റ്റേറ്റ്, ടൈഗർ കേവ് എന്നിവ സന്ദർശിച്ചതിനുശേഷം തിരിച്ചെത്തും.
- 10-ന് തുടങ്ങുന്ന സർവീസ് നെറ്റിക്കുടി, സൈലന്റ് വാലി, സിഗ്നൽ പോയിന്റ്, ദേവികുളം, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങൾ സന്ദർശിച്ച് തിരിച്ചെത്തും.
- ഒന്നിന് തുടങ്ങുന്ന സർവീസ് ലക്ഷ്മി എസ്റ്റേറ്റ്, വിരിപാറ, ടൈഗർ കേവ്, മാങ്കുളം, ആനക്കുളം എന്നിവിടങ്ങൾ സന്ദർശിച്ചശേഷം തിരിച്ചെത്തും.