ഗവർണർ രാധാകൃഷ്‌ണൻ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി, തമിഴ്നാട് സ്വദേശി

ന്യൂഡൽഹി : മഹാരാഷ്ട്ര ഗവർണറും തമിഴ്നാട്ടുകാരനുമായ സി.പി. രാധാകൃഷ്‌ണൻ (68) എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി.
2016-20 കാലഘട്ടത്തിൽ കയർബോർഡ് ചെയർമാനായി കൊച്ചിയിൽ പ്രവർത്തിച്ചിട്ടുണ്ട്.2020- 22 കാലയളവിൽ കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി ആയിരുന്നു. നന്നായി മലയാളം സംസാരിക്കുന്ന അദ്ദേഹത്തിന്റെ സ്റ്റാഫിൽ ഏറെയും മലയാളികളാണ്.
ബി.ജെ.പി പാർലമെന്ററി ബോർഡ് യോഗത്തിനുശേഷം ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദയാണ് പേര് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഏകകണ്ഠമായി അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും, പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തുമെന്നും നദ്ദ പറഞ്ഞു. സെപ്‌തംബർ 9നാണ് തിരഞ്ഞെടുപ്പ്. ജഗ്‌ദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് ഒഴിവുവന്നത്.
സി.പി. രാധാകൃഷ്‌ണൻ മികച്ച ഉപരാഷ്ട്രപതിയായിരിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സ് അക്കൗണ്ടിൽ കുറിച്ചു. അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും പങ്കുവച്ചു.
ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്‌ണൻ എന്ന സി.പി. രാധാകൃഷ്‌ണൻ തിരുപ്പൂരിൽ 1957 ഒക്‌ടോബർ 20നാണ് ജനിച്ചത്. പൊതു ജീവിതത്തിന്റെ തുടക്കം ആർ.എസ്.എസ് സ്വയംസേവകനായിട്ടായിരുന്നു. 1974ൽ ഭാരതീയ ജനസംഘത്തിന്റെ തമിഴ്നാട് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി. 1996ൽ ബി.ജെ.പി തമിഴ്നാട് ഘടകം സെക്രട്ടറിയായി. കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് രണ്ടുതവണ ലോക്‌സഭയിലെത്തി. 2004-07 കാലത്ത് ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റായി.