നിർമ്മിത ബുദ്ധി സ്വീകരണത്തിലും നിയന്ത്രണത്തിലും ഇന്ത്യ മുന്നിൽ: കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ
കോട്ടയം ഐഐഐടിയുടെ ആറാമത് ബിരുദദാന ചടങ്ങിൽ കേന്ദ്രമന്ത്രി മുഖ്യാതിഥിയായി

ഇന്ത്യ നിർമ്മിത ബുദ്ധി(AI) പരീക്ഷിക്കുക മാത്രമല്ല, എ ഐ-ക്ക് അർഹമായ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരന്തരം നയങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു. കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) യുടെ ആറാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി. ഇന്ത്യ നിർമ്മിത ബുദ്ധിയുടെ (AI) അവസരങ്ങൾ പ്രയോജനപ്പെടുത്തുക മാത്രമല്ല, പങ്കാളികളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് AI എങ്ങനെ നിയന്ത്രിക്കപ്പെടാം എന്നത് രൂപപ്പെടുത്തുന്നുവെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
നിർമ്മിത ബുദ്ധി, ബഹിരാകാശം, ഡ്രോണുകൾ പോലുള്ള അടുത്ത തലമുറ മേഖലകൾ, ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയത്തിലെ പുരോഗതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെൻറ് സംരംഭങ്ങളെ കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. ഫ്രാൻസുമായി സഹകരിച്ച് ഇന്ത്യ സഹ-അധ്യക്ഷത വഹിച്ച പാരീസിൽ അടുത്തിടെ നടന്ന AI ആക്ഷൻ ഉച്ചകോടിയെ പരാമർശിച്ച് അവിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി AI ഒരു ദേശീയ പ്രശ്നമല്ല, ആഗോള ഉത്തരവാദിത്തമാണെന്ന് പറഞ്ഞതിനെ മന്ത്രി എടുത്തു കാട്ടി. AI ധാർമ്മികവും ഉൾക്കൊള്ളുന്നതും വിശ്വസനീയവുമാകേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.
ഇന്ത്യയിൽ നവീകരണവും സ്വാശ്രയത്വവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന സംരംഭങ്ങളെ കേന്ദ്രമന്ത്രി പരാമർശിച്ചു. കമ്പ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും, തദ്ദേശീയ AI കഴിവുകൾ വികസിപ്പിക്കുന്നതിനും, AI പ്രതിഭകളെ ആകർഷിക്കുന്നതിനും, AI സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്നതിനുമായി ₹10,300 കോടി ബജറ്റ് വിഹിതത്തോടെ ആരംഭിച്ച 'ഇന്ത്യ AI മിഷൻ' അവർ എടുത്തുകാട്ടി. കൂടാതെ, ആരോഗ്യ സംരക്ഷണം, കൃഷി, സുസ്ഥിര നഗരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മൂന്ന് കേന്ദ്രങ്ങൾ നിർമ്മിത ബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) 2023 ൽ പ്രഖ്യാപിച്ചു, കൂടാതെ വിദ്യാഭ്യാസത്തിനായി സമർപ്പിച്ചിരിക്കുന്ന മറ്റൊരു മികവിന്റെ കേന്ദ്രം ഈ വർഷത്തെ ബജറ്റിൽ അവതരിപ്പിച്ചു.
ബഹിരാകാശ സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് സംസാരിക്കവെ, ബഹിരാകാശ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി IN-SPACE ഗവൺമെൻ്റിതര സ്ഥാപനങ്ങളുമായി (NGE) 70 ലധികം ധാരണാപത്രങ്ങളിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഹരിത ഹൈഡ്രജന്റെയും അതിന്റെ ഉപോല്പന്നങ്ങളുടെയും ഉത്പാദനം, ഉപയോഗം, കയറ്റുമതി എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമായി ഇന്ത്യയെ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ, 2023 ജനുവരിയിൽ ആരംഭിച്ച ദേശീയ ഹരിത ഹൈഡ്രജൻ മിഷനും കേന്ദ്ര മന്ത്രി പ്രതിപാദിച്ചു.
ഇന്ത്യ സെമികണ്ടക്ടർ മിഷൻ (2021), നാഷണൽ ക്വാണ്ടം മിഷൻ (2023), വളർന്നുവരുന്ന മേഖലകളിലെ ഗവേഷണത്തിന് ദീർഘകാല ധനസഹായം നൽകുന്നതിനായി ₹1 ലക്ഷം കോടിയുടെ 'അനുസന്ധൻ' കോർപ്പസ് സ്ഥാപിക്കൽ തുടങ്ങിയ സംരംഭങ്ങളിലൂടെ ഗവേഷണവും നവീകരണവും വളർത്തുന്നതിനുള്ള ഗവൺമെൻ്റിന്റെ പ്രതിബദ്ധത കേന്ദ്രമന്ത്രി ആവർത്തിച്ചു. കൂടാതെ, ഐഐടികളിലും ഐഐഎസ്‌സിയിലും സാങ്കേതിക ഗവേഷണത്തിനായി 10,000 പിഎം റിസർച്ച് ഫെലോഷിപ്പുകൾക്കുള്ള നിർദ്ദേശവും, യുവാക്കളെ ഉൽപ്പാദന വൈദഗ്ധ്യത്താൽ സജ്ജരാക്കുന്നതിനായി നൈപുണ്യത്തിനായുള്ള അഞ്ച് ദേശീയ മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതും അവർ എടുത്തുപറഞ്ഞു.
ആഗോള നൂതനാശയ സൂചികയിൽ ഇന്ത്യയുടെ റാങ്ക് 2015-ൽ 81-ാം സ്ഥാനത്തായിരുന്നത് 2024-ൽ 39-ാം സ്ഥാനത്തേക്ക് ഉയർന്നതായി അവർ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പേറ്റന്റ്-ജിഡിപി അനുപാതവും ശ്രദ്ധേയമായ വളർച്ച കൈവരിച്ചു, 2013-ൽ 144-ൽ നിന്ന് 2023-ൽ 381 ആയി. 2023-ൽ WIPO പ്രകാരം ആഗോള ബൗദ്ധിക സ്വത്തവകാശ ഫയലിംഗിൽ ആറാം സ്ഥാനം നേടി. ഇന്ത്യയുടെ നെറ്റ്‌വർക്ക് റെഡിനസ് ഇൻഡക്സ് റാങ്കിംഗ് 2019-ൽ 79-ാം സ്ഥാനത്ത് നിന്ന് 2024-ൽ 49-ാം സ്ഥാനത്തേക്ക് ഉയർന്നു, ഇത് കൂടുതൽ നവീകരണത്തിലേക്കും സ്വാശ്രയത്വത്തിലേക്കുമുള്ള രാജ്യത്തിന്റെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു.
ഗവൺമെൻ്റ് പങ്കാളികളിൽ നിന്ന് വിപുലമായ നിർദ്ദേശങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും AI-ക്ക് ആവശ്യമായ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നയങ്ങൾ നിരന്തരം രൂപപ്പെടുത്തുന്നുണ്ടെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
കോട്ടയത്തെ ഐഐഐടിയുടെ നേട്ടങ്ങളെ അഭിനന്ദിച്ചുകൊണ്ട്, നവീകരണവും സംരംഭകത്വവും വളർത്തുന്നതിനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയെ മന്ത്രി അഭിനന്ദിച്ചു. ഒരു അടൽ ഇൻകുബേഷൻ സെന്ററും രണ്ട് എംഎസ്എംഇ സെന്ററുകളും ഉൾപ്പെടെ മൂന്ന് ഇൻകുബേഷൻ സെന്ററുകൾ സംരംഭങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് ശ്രീമതി നിർമ്മല സീതാരാമൻ എടുത്തുപറഞ്ഞു. ബിരുദ വിദ്യാർത്ഥികളുടെ സംഭാവനകൾ ഉൾപ്പെടെ ഫാക്കൽറ്റിയും വിദ്യാർത്ഥികളും പ്രസിദ്ധീകരിച്ച 400-ലധികം ഗവേഷണ പ്രബന്ധങ്ങളുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശക്തമായ ഗവേഷണ ആവാസവ്യവസ്ഥയെയും അവർ പ്രശംസിച്ചു.
സാങ്കേതികവിദ്യ, ഗവേഷണം, നവീകരണം എന്നിവയിൽ ആഗോള നേതാവെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്ന ഗവൺമെൻ്റിന്റെ കാഴ്ചപ്പാടിനെ ഉള്‍ക്കൊണ്ടുകൊണ്ട്, ഐഐഐടി കോട്ടയത്തിന് ഈ പരിപാടി ഒരു സുപ്രധാന നാഴികക്കല്ല് കുറിച്ചു.