എ വി റസലിന്റെ സംസ്‌കാരം ഇന്ന് പകൽ 12ന്
തെങ്ങണയിലെ വീട്ടുവളപ്പിൽ

കോട്ടയം : അപ്രതീക്ഷിതമായി പൊലിഞ്ഞ സി പി എം ജില്ലാ സെക്രട്ടറി എ വി റസലിന് കർമവീഥികളുടെ കണ്ണീർ പ്രണാമം. അതിരുകളില്ലാതൊഴുകിയ സ്‌നേഹക്കടലിൽ അലിഞ്ഞാണ് വിലാപയാത്ര തെങ്ങണ ആഞ്ഞിലിമൂട്ടിൽ വീട്ടുമുറ്റത്തെത്തിയത്. സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലും ദീർഘനാൾ പ്രവർത്തന കേന്ദ്രമായിരുന്ന ചങ്ങനാശേരി ഓഫീസിലും ഒരുനോക്കുകാണാൻ ആയിരങ്ങളെത്തി. ഞായർ പകൽ 12 ന് വീട്ടുവളപ്പിലാണ് സംസ്‌കാരം.
തിരുനക്കരയിലെ ജില്ലാ കമ്മിറ്റി ഓഫീസായ ബി ടി ആർ മന്ദിരത്തിലേക്കാണ് ആദ്യം മൃതദേഹമെത്തിച്ചത്. ചെന്നൈയിൽ നിന്ന് രാവിലെ ഒമ്പതോടെ മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു. മന്ത്രി വി എൻ വാസവൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ എന്നിവർ ചെന്നൈയിൽനിന്ന് അനുഗമിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, കോട്ടയത്തെ ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. പിന്നീട് കർമ കേന്ദ്രമായ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെയെത്തി അന്ത്യാഭിവാദ്യമർപ്പിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി എൻ വാസവൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ഡോ. പി കെ ബിജു, കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പാർടി പതാക പുതപ്പിച്ചു. മുതിർന്ന നേതാവ് വൈക്കം വിശ്വൻ ഉൾപ്പെടെയുള്ളവർ അന്ത്യാഭിവാദ്യം അർപ്പിച്ചു. തുടർന്ന് ചങ്ങനാശേരി എസി ഓഫീസിൽ പൊതുദർശനത്തിനു ശേഷം തെങ്ങണയിലെ ആഞ്ഞിലിമൂട്ടിൽ വീട്ടിലേക്കെത്തിച്ചു.