ആരോഗ്യമേഖലയ്‌ക്കെതിരേയുള്ള ആക്രമണത്തെ പൂച്ചെണ്ടായി സ്വീകരിക്കുന്നു: മന്ത്രി വീണാ ജോർജ്
80 കോടി രൂപ മുടക്കിയുള്ള ചങ്ങനാശേരി ജനറൽ ആശുപത്രി നവീകരണത്തിന് തുടക്കം

80 കോടി രൂപ മുടക്കിയുള്ള ചങ്ങനാശേരി ജനറൽ ആശുപത്രി നവീകരണത്തിന് തുടക്കം
കോട്ടയം: കേരളത്തിന്റെ ആരോഗ്യമേഖലയ്‌ക്കെതിരേ അതിശക്തവും ആസൂത്രിതവുമായ ആക്രമണങ്ങൾ ഉണ്ടെന്നും അവയെ പൂച്ചെണ്ടായി സ്വീകരിക്കുന്നുവെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഒരുവർഷം സൗജന്യ ചികിത്സയ്ക്കായി സർക്കാർ 1600 കോടിയോളം രൂപ ചെലവഴിക്കുന്നതിന് പുറമേ കിഫ്ബിയിലൂടെയും ആർദ്രം മിഷനിലൂടെയും വിപുലമായ വികസനപ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കൂടുതൽ ശക്തമായി സാധാരണക്കാരെ ചേർത്തുപിടിച്ച് ആരോഗ്യമേഖലയെ ഉയർത്തുമെന്നും അതിനുദാഹരണമാണ് ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ ജനറൽ ആശുപത്രിയുടെ നവീകരണമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയിലൂടെ 80.41 കോടി രൂപ മുടക്കിയാണ് അഞ്ചുനില ആശുപത്രി കെട്ടിടം ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങൾ ഒരുങ്ങുന്നത്. ആർദ്രം പദ്ധതിയിലൂടെ 2.05 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന അസ്ഥിരോഗ വിഭാഗം ഒ.പി., ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിലൂടെ ഒരു കോടി രൂപ ചിലവഴിച്ചു നിർമിച്ച നേത്രരോഗ വിഭാഗം ഓപ്പറേഷൻ തിയേറ്റർ, 1.87 കോടി രൂപയുടെ മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും ഫിസിയോതെറാപ്പി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു.
ജനറൽ ആശുപത്രി പരിസരത്തുനടന്ന ചടങ്ങിൽ ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷതവഹിച്ചു
ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ മണിയമ്മ രാജപ്പൻ, സുജാത സുശീലൻ, നഗരസഭ വൈസ് പ്രസിഡന്റ് മാത്യൂസ് ജോർജ്, സ്ഥിരംസമിതി അധ്യക്ഷരായ എൽസമ്മ ജോബ്, നഗരസഭാംഗം ബീന ജോബി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ജനറൽ ആശുപത്രി സൂപ്രണ്ട് ബി. കെ. പ്രസീദ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, ആർ.എം.ഒ. ഏഞ്ചല ജോർജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സി. ജോസഫ്, കെ.ഡി. സുഗതൻ, പി.എച്ച്. നാസർ, കെ. ടി. തോമസ്, കെ.എൻ. മുഹമ്മദ് സിയ, ലാലിച്ചൻ കുന്നിപ്പറമ്പിൽ, ജോസ്‌കുട്ടി നെടുമുടി, മൈത്രി ഗോപീകൃഷ്ണൻ, സജി ആലുംമൂട്ടിൽ, പി.ആർ. ഗോപീകൃഷ്ണപിള്ള, മൻസൂർ പുതുവീട്, ജെയിംസ് കാലാവടക്കൻ, സുധീർ ശങ്കരമംഗലം, നവാസ് ചുടുകാട്, ബെന്നി സി. ചീരഞ്ചിറ എന്നിവർ പങ്കെടുത്തു.
ഫോട്ടോക്യാപ്ഷൻ:
ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു. ജോബ് മൈക്കിൾ എം.എൽ.എ. സമീപം.