തദ്ദേശസ്ഥാപന വാർഡ് പുനർവിഭജനപ്രക്രിയ പൂർത്തിയായി ജില്ലാപഞ്ചായത്ത് വാർഡ് അന്തിമവിജ്ഞാപനമായി

കോട്ടയം: 14 ജില്ലാ പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയപ്രക്രിയ പൂർത്തിയായി. കോട്ടയം ജില്ലയിൽ ആകെ 1611 തദ്ദേശ സ്വയംഭരണ വാർഡുകളാണുള്ളത്. പുനർവിഭജനത്തിനു മുമ്പ്- 1512 എണ്ണമായിരുന്നു.
ജില്ലയിൽ ഗ്രാമപഞ്ചായത്ത് (ബ്രാക്കറ്റിൽ പുനർവിഭജനത്തിനു മുമ്പത്തെ എണ്ണം) വാർഡുകൾ:1223 (1140) - ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ: 157 (146), ജില്ലാ പഞ്ചായത്ത് വാർഡുകൾ: 23(22), നഗരസഭാവാർഡ്: 208(204)
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ ചെയർമാനും വിവിധ സർക്കാർ വകുപ്പ് സെക്രട്ടറിമാരായ ഡോ.രത്തൻ യു ഖേൽക്കർ, കെ.ബിജു, എസ്.ഹരികിഷോർ, ഡോ.കെ.വാസുകി എന്നിവർ അംഗങ്ങളും തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ജോസ്‌നമോൾ.എസ് സെക്രട്ടറിയുമായുള്ള ഡീലിമിറ്റേഷൻ കമ്മീഷനാണ് വാർഡ് വിഭജനപ്രക്രിയനടത്തിയത്.
മൂന്ന് ഘട്ടങ്ങളിലായാണ് വാർഡ് പുനർവിഭജനപ്രക്രിയ നടന്നത്.ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തിൽ ബ്‌ളോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വാർഡ് പുനർവിഭജനം നടത്തിയത്.
2011 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിൽ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 21900ൽ നിന്നും 23612 ആയി.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡീലിമിറ്റേഷൻ കമ്മീഷന് പരാതിയോ ആക്ഷേപമോ സമർപ്പിച്ചിരുന്നവരിൽ ഹീയറിംഗിന് ഹാജരായ മുഴുവൻ പേരെയും നേരിൽ കേട്ട് , പരാതികൾ പരിശോധിച്ചാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ.ഷാജഹാൻ അറിയിച്ചു.
ഇതാദ്യമായാണ് വാർഡ് വിഭജനത്തിന്റെ ഭാഗമായി തദ്ദേശവാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കിയത്. തിരഞ്ഞെടുപ്പ് ആവശ്യത്തിന് പുറമെ സർക്കാരിനും തദ്ദേശസ്ഥാപനങ്ങൾക്കും വിവിധ ഏജൻസികൾക്കും വികസന ആവശ്യങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ ഭൂപടം ഉപയോഗിക്കാനാകും. ഇൻഫർമേഷൻ കേരള മിഷൻ പൂർണമായും ഓപ്പൺ സോഴ്‌സ് സാങ്കേതികത അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്യൂഫീൽഡ് ആപ്പ് ഉപയോഗിച്ചാണ് വാർഡുകളുടെ ഭൂപടം തയാറാക്കിയിട്ടുള്ളത്. പൂർത്തീകരിച്ച മാപ്പുകൾ പൊതുജനങ്ങൾക്ക് കാണാനും പ്രിന്റ് എടുക്കുന്നതിനും പൂർണസുരക്ഷ ഉറപ്പാക്കി എച്ച്.റ്റി.എം.എൽ ഫോർമാറ്റിൽ വെബ്‌സൈറ്റിൽ ലഭ്യമാണ്. വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടിവകുപ്പിന്റെ e-gazette വെബ് സൈറ്റിൽ ( www.compose.kerala.gov.in) ലഭിക്കും.