മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു; വെള്ളപ്പൊക്ക ഭീഷണി
തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം
മൂവാറ്റുപുഴ: കനത്ത മഴയിൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്ന് നഗരത്തിൽ വെള്ളപ്പൊക്ക ഭീഷണി. ദുരന്ത സാഹചര്യം നേരിടാൻ മുന്നൊരുക്കം ആരംഭിച്ചു. കനത്ത മഴക്ക് പുറമെ മലങ്കര ഡാമിന്റെ ആറ് ഷട്ടറിൽ നാലെണ്ണവും ഒരു മീറ്റർ ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കാൻ ആരംഭിച്ചതോടെയാണ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായത്.ഇതിനുപുറമെ, വെള്ളൂർക്കുന്നം കോർ മലയിലടക്കം മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മുന്നൊരുക്കം തുടങ്ങിയത്. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലും മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള പ്രദേശങ്ങളിലും റവന്യൂ, പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തും.മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, മൂവാറ്റുപുഴയാറിന്റെയും തൊടുപുഴയാറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയാൽ ഇവിടെയുള്ളവരെ മാറ്റി താമസിപ്പിക്കുന്നത് ഒമ്പത് ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കുന്നതിനും നടപടി എടുത്തിട്ടുണ്ട്.