കെ - സ്മാർട്ട് പുതിയ സർവീസ് നിരക്ക് - അക്ഷയ സംരംഭകർ പ്രതിസന്ധിയിലേക്ക്

കോട്ടയം:
നേരത്തെ ഉണ്ടായിരുന്ന ഐ എൽ ജി എം എസ് സൈറ്റിൽ നിന്ന് കെ- സ്മാർട്ട് സൈറ്റിലേക്ക് സേവനങ്ങൾ എത്തിയപ്പോൾ 10 വർഷം മുൻപ് സർക്കാർ നിശ്ചയിച്ചു നൽകിയിരുന്ന കുറഞ്ഞ സേവന നിരക്ക് വീണ്ടും കുറച്ചതു മൂലം അക്ഷയ പ്രസ്ഥാനം അടച്ചുപൂട്ടലിൻ്റെ വക്കിലേക്കു നീങ്ങുകയാണെന്ന് അക്ഷയ സംരംഭകരുടെ സംഘടനയായ ഫേസ് കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആരോപിച്ചു.
സർക്കാരിൻ്റെ ഡിപ്പാർട്ട്മെൻ്റ് ഫീസും സേവന നിരക്കും വർഷാവർഷം ഒന്നും രണ്ടും മൂന്നും മടങ്ങ് വർദ്ധിപ്പിക്കുമ്പോൾ, ഒരു അപേക്ഷകന് വേണ്ട മുഴുവൻ വിവരങ്ങളും ടൈപ്പ് ചെയ്ത് രേഖകളും മറ്റും സ്കാൻ ചെയ്ത് സർക്കാർ ജീവനക്കാരുടെ ജോലി ഭാരം പാതിയോളം കുറയ്ക്കുന്ന അക്ഷയ സംരംഭങ്ങൾക്ക് നൽകുന്ന സേവന നിരക്ക് വീണ്ടും കുറയ്ക്കുന്നതിലെ നീതികരണം എന്തെന്ന് സംഘടന ചോദിക്കുന്നു.
ഇന്നലെ സർക്കാർ ഇറക്കിയ ഉത്തരവിലെ കെ- സ്മാർട്ട് സർവീസ് നിരക്ക് ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണെന്നും അക്ഷയ സംരംഭത്തിനാവശ്യമായ ഭീമമായ തുകയോടൊപ്പം അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ ജീവനക്കാരുടെ ശമ്പളം, വാടക, വൈദ്യുതി , ഇൻറർനെറ്റ് ചാർജുകൾ വരെയും സ്വന്തം നിലയിൽ മുടക്കി സ്ഥാപനമാരംഭിച്ച സംരംഭകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഉത്തരവാണ് സർക്കാർ ഇറക്കിയത് എന്നും ഫേസ് പറയുന്നു.
ഈ ഉത്തരവ് നിരുപാധികം പിൻവലിക്കണമെന്നും സംരംഭകരുമായി കൂടിയാലോചിച്ച് , പൊതുജനങ്ങൾക്ക് എന്നും ഉപകാരപ്രദമായ അക്ഷയ പ്രസ്ഥാനം നിലനില്ക്കത്തക്കവിധം കാലാനുസൃതമായ സർവീസ് ചാർജ് ഏർപ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൻപതോളം സംരംഭകർ ജില്ലാ ഓഫീസിൽ നേരിട്ട് എത്തി തങ്ങളുടെ പ്രമേയം ജില്ലാ പ്രോജക്ട് മാനേജർക്ക് കൈമാറി. സംഘടനയുടെ ജില്ലാ പ്രസിഡണ്ട് പ്രതീഷ് വി ജേക്കബ്, ജില്ലാ സെക്രട്ടറി പ്രവീൺകുമാർ എം എസ്, ട്രഷറർ ജിജിമോൾ, സംസ്ഥാന നിർവാഹക സമിതിയംഗം ശിവകുമാർ ടി എസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.