ശബരിമല തീർത്ഥാടനകാല തയ്യാറെടുപ്പിന് പൊതുമരാമത്ത് വകുപ്പിൽ കോർ ടീം രൂപീകരിച്ചു: മന്ത്രി പി. എ. മുഹമ്മദ് റിയാസ്

Aug 7, 2025
ശബരിമല തീർത്ഥാടനകാല തയ്യാറെടുപ്പിന് പൊതുമരാമത്ത് വകുപ്പിൽ കോർ ടീം രൂപീകരിച്ചു: മന്ത്രി പി. എ. മുഹമ്മദ് റിയാസ്
sabarimala

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക കോർ ടീം രൂപീകരിച്ചതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായ ടീമിൽ  അഡീഷണൽ സെക്രട്ടറി, കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടർ, കെ.ആർ.എഫ്.ബി (പി.എം.യു) പ്രൊജക്ട് ഡയറക്ടർ, നിരത്ത്, പാലങ്ങൾ, ദേശീയപാത, ഡിസൈൻ വിഭാഗം ചീഫ് എഞ്ചിനീയർമാർ, റിക്ക്, പ്രതീക്ഷ - ആശ്വാസ് മാനേജിംഗ് ഡയറക്ടർമാർ എന്നിവർ അംഗംങ്ങളാണ്. ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായുള്ള പ്രവൃത്തി വിലയിരുത്തലിനായി ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

        ഓരോ ജില്ലകളിലും പ്രവൃത്തി വിലയിരുത്തുന്നതിനുള്ള  ചുമതല ഓരോ ചീഫ് എഞ്ചിനീയർമാർക്കായി നൽകി. പ്രത്യേക ഇൻസ്‌പെക്ഷൻ ടീമും ഓരോ ജില്ലകൾക്കായി രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 25-ന്  മുൻപ് പരിശോധന നടത്തി ഈ ടീം റിപ്പോർട്ട് നൽകണം. തീർത്ഥാടന കാലം അവസാനിക്കും വരെ ഈ സംഘത്തിന്റെ പരിശോധന തുടരും. ജില്ലകളിലെ എല്ലാ വിംഗുകളുടെയും പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയർമാർക്കും നൽകി.

        നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. സാങ്കേതികാനുമതി, ടെണ്ടർ നടപടികൾ പൂർത്തിയാക്കൽ തുടങ്ങിയവയും സമയബന്ധിതമായി നടപ്പാക്കണം. തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമായിരിക്കണം. ചില റോഡുകളിൽ അപകടങ്ങൾ ഉണ്ടാകുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. അത്തരം റോഡുകളിൽ ആവശ്യമായ സുരക്ഷാപരിശോധനകൾ നടത്തുകയും റോഡ്‌സ് സേഫ്റ്റി പ്രവർത്തനങ്ങൾ ഉറപ്പാക്കുകയും വേണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരെ കൂടി കണക്കിലെടുത്ത് വിവിധ ഭാഷകളിലുള്ള സൈനേജ് ബോർഡുകൾ ഉണ്ടെന്ന് ഉറപ്പാക്കണം. റോഡുകളുടെ ഇരുഭാഗങ്ങളും കാട് വെട്ടിത്തെളിച്ച് കാൽനട യാത്രക്കാർക്ക് കൂടി സൗകര്യം ഒരുക്കണം. തെരുവ് വിളക്ക് സംവിധാനവും ഡ്രെയിനേജ് സംവിധാനവും കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. റസ്റ്റ് ഹൗസുകളിൽ ആവശ്യമായ സൗകര്യങ്ങളെല്ലാം ഉണ്ടാകണം. പാലങ്ങളുടെ  കൈവരികളടക്കം  നല്ല രീതിയിൽ പരിപാലിക്കണം. പൂർത്തിയാക്കാൻ കഴിയുന്ന പാലങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ വേഗതയിൽ പൂർത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

        യോഗത്തിൽ ആരോഗ്യമന്ത്രി വീണാജോർജ്ജ്, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എ-മാരായ മാത്യു.ടി.തോമസ്, കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായണൻ, വാഴൂർ സോമൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു, അഡീഷണൽ സെക്രട്ടറി ഷിബു.എ, പത്തനംതിട്ട ജില്ലാ കലക്ടർ പ്രേംകൃഷ്ണൻ, ചീഫ് എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.