പാലാ നഗരസഭയിൽ ഇന്ന് അവിശ്വാസ പ്രമേയം; അധ്യക്ഷൻ ഐസിയുവിൽ
ഭരണപക്ഷത്ത് കേരള കോൺഗ്രസ് (എം)-10, സിപിഎം-നാല് സിപിഐ-ഒന്ന് എന്നതാണ് കക്ഷിനില

കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫ് സ്വതന്ത്ര കൗൺസിലർ നൽകിയ അവിശ്വാസപ്രമേയം ഇന്നു രാവിലെ 11നു ചർച്ച ചെയ്യാനിരിക്കെ നഗരസഭാധ്യക്ഷൻ ഷാജു വി. തുരുത്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെഞ്ചുവേദന അനുഭവപ്പെട്ട ഷാജുവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മരിയൻ മെഡിക്കൽ സെന്ററിൽ തീവ്രപരിചരണ വിഭാഗത്തിലാണു ഷാജു.
ധാരണയനുസരിച്ച് ഷാജു അധ്യക്ഷസ്ഥാനം രാജിവയ്ക്കുമെന്നാണു കേരള കോൺഗ്രസ് (എം) നേതൃത്വം പറയുന്നത്. കൗൺസിലർ തോമസ് പീറ്ററിന് അവസാനത്തെ ഒൻപത് മാസം നഗരസഭാധ്യക്ഷ സ്ഥാനം നൽകുന്നതു സംബന്ധിച്ച് കരാർ ഉണ്ടായിരുന്നതായും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.
ധാരണ പാലിക്കാത്ത ഷാജു വി. തുരുത്തനെ പുറത്താക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് അനുകൂലിക്കുന്നത് രാഷ്ട്രീയമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് നേതൃത്വം സംശയിക്കുന്നു.
ഭരണപക്ഷത്ത് കേരള കോൺഗ്രസ് (എം)-10, സിപിഎം-നാല് സിപിഐ-ഒന്ന് എന്നതാണ് കക്ഷിനില. സിപിഎമ്മിൽ നിന്ന് പുറത്താക്കാപ്പെട്ട ബിനു പുളിക്കക്കണ്ടവും ബിനുവിനൊപ്പമുള്ള ഷീബ ജിയോയും എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കുകയോ കത്തിൽ ഒപ്പിടുകയോ ചെയ്തിട്ടില്ല. യുഡിഎഫിൽ കോൺഗ്രസ്-അഞ്ച്, കേരള കോൺഗ്രസ്-മൂന്ന്, യുഡിഎഫ് സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെ ഒൻപത് അംഗങ്ങളാണുള്ളത്.