സംസ്ഥാന സര്‍ക്കാരിന്‌റെ നേതൃത്വത്തിലുള്ള ആഗോള അയ്യപ്പസംഗമം സെപ്റ്റംബറില്‍ പമ്പയില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ മൂന്നാം വാരം സംഘടിപ്പിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡ് 75ാം വാര്‍ഷികത്തിന്റെ കൂടി ഭാഗമായി പമ്പയില്‍ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തില്‍ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരെ പങ്കെടുപ്പിക്കും. ശബരിമലയെ ഒരു ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള തീര്‍ത്ഥാടന കേന്ദ്രമായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സംഗമം നടത്തുന്നതെന്ന് മന്ത്രി അവകാശപ്പെട്ടു.
സെപ്റ്റംബര്‍ 16 നും 21 നും ഇടയിലാണ് പരിപാടി ഉദ്ദേശിക്കുന്നത്. 3000 പ്രതിനിധികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കുന്നതിനായി പമ്പയില്‍ തീര്‍ത്ഥാടന കാലത്ത് ഉണ്ടാക്കുന്നതുപോലെയുള്ള ജര്‍മ്മന്‍ പന്തല്‍ നിര്‍മ്മിക്കും.
മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായും മറ്റ് മന്ത്രിമാര്‍ രക്ഷാധികാരികളായും, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി പരിപാടിയുടെ സ്വാഗത സംഘം രൂപീകരിക്കും. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളെയും ഉള്‍പ്പെടുത്തും. പത്തനംതിട്ട കളക്ടറുടെ നേതൃത്വത്തില്‍ ഒരാഴ്ചയ്‌ക്കകം പമ്പയില്‍ സ്വാഗത സംഘം വിളിച്ചു ചേര്‍ത്ത് പരിപാടിയുടെ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു