മാലിന്യമുക്ത നവകേരളം: തദ്ദേശസ്ഥാപനതല പ്രഖ്യാപനം 30ന്

കോട്ടയം: കോട്ടയത്തെ മാലിന്യമുക്തജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. അന്താരാഷ്ട്ര സീറോവേസ്റ്റ് ദിനമായ മാർച്ച് 30ന് മാലിന്യമുക്ത നവകേരളം തദ്ദേശസ്ഥാപനതല പ്രഖ്യാപനം നടക്കും. ഏപ്രിൽ അഞ്ചിനാണ് ജില്ലാതല പ്രഖ്യാപനം. ഇതിനുള്ള സംഘാടകസമിതി രൂപവത്കരണയോഗം മാർച്ച് 22ന് ചേരാൻ തുറമുഖ-സഹകരണ-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ തീരുമാനിച്ചു. സി.കെ. ആശ എം.എൽ.എ., ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ ബിനു ജോൺ, മാലിന്യമുക്ത നവകേരളം കോ ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ എന്നിവർ സംസാരിച്ചു.
രണ്ടുവർഷമായി നടന്നുവരുന്ന മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് വാർഡ്, ഗ്രാമപഞ്ചായത്ത്/നഗരസഭ, ബ്ലോക്ക്, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിൽ മാലിന്യമുക്ത പ്രഖ്യാപനം നടത്തും. ഇതിന്റെ ഭാഗമായി മാർച്ച് 22ന് ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത്/നഗരസഭാ വാർഡുകളിലും വാർഡുതല പ്രഖ്യാപനം നടത്തും. ജനപ്രതിധികളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ സ്റ്റാറ്റസ് റിപ്പോർട്ട് അവതരിപ്പിക്കുകയും മികച്ച പ്രവർത്തനം നടത്തിയ സ്ഥാപനങ്ങളെയും സംഘടനകളെയും വ്യക്തികളെയും ആദരിക്കുകയും ചെയ്യും.
മാർച്ച് 30ന് ഉച്ചകഴിഞ്ഞ് മൂന്നിന് അതതു തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്ന തദ്ദേശസ്ഥാപനതല പ്രഖ്യാപനത്തിന്റെ ഭാഗമായി ശുചിത്വ പ്രഖ്യാപനറാലി നടത്തും. മികച്ച പ്രവർത്തനം നടത്തിയ സ്ഥാപനങ്ങൾ, അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ എന്നിവയെ ആദരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ശുചിത്വ പ്രഖ്യാപനം തൽസമയം സംപ്രേഷണം ചെയ്യും. പ്രഖ്യാപനത്തിന്റെ സ്മാരകമായി' വേസ്റ്റ് ടു ആർട്ട്' എന്ന ആശയം മുൻനിർത്തി മാതൃകകൾ (ഇൻസ്റ്റലേഷൻ) സ്ഥാപിക്കും.
പ്രഖ്യാപനത്തിനു മുന്നോടിയായി 22,23 തീയതികളിൽ മുഴുവൻ പൊതുസ്ഥലങ്ങളും നിരത്തുകളും ജലാശയങ്ങളും വൃത്തിയാക്കുന്നതിനുള്ള മെഗാ ക്ലീനിങ് നടത്തും. പ്രധാന ജങ്ഷനുകളുടെ സൗന്ദര്യവത്കരണവും നടത്തും.
ഏപ്രിൽ മൂന്നിനു നടക്കുന്ന ബ്ലോക്കുതല പ്രഖ്യാപനത്തിൽ ബ്ലോക്കു പഞ്ചായത്തിലെ ജനപ്രതിനിധികളും പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും പങ്കെടുക്കും. വിവിധ പഞ്ചായത്തുകളിൽനിന്ന് തിരഞ്ഞെടുത്ത മികച്ച മാതൃകകളുടെ അവതരണവും നടക്കും.
ഏപ്രിൽ അഞ്ചിന് വൈകീട്ട് തിരുനക്കര മൈതാനത്ത് നടക്കുന്ന ജില്ലാതല പ്രഖ്യാപനത്തിൽ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുമുള്ള ജനപ്രതിനിധികളും പൊതുജനങ്ങളും പങ്കെടുക്കും. നാഗമ്പടത്തുനിന്ന് റാലിയും നടക്കും. പരിപാടിയുടെ കൂടുതൽ കാര്യങ്ങൾ 22ന് ചേരുന്ന സംഘാടകസമിതി രൂപവത്കരണയോഗത്തിൽ തീരുമാനിക്കും.