അടിസ്ഥാന സൗകര്യങ്ങളില്ല; ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർഥി സമരം
ഹോസ്റ്റൽ നിർമാണം പൂര്‍ത്തിയാക്കുക, ലാബ് പ്രവര്‍ത്തനമാരംഭിക്കുക, ഓപറേഷന് തീയറ്ററും ക്ലാസ് മുറിയും നിർമിക്കുക, അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിൽ മെഡിക്കല്‍ വിദ്യാർഥികള്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച മുതല്‍ കറുത്ത റിബണുപയോഗിച്ച് വായ്മൂടിക്കെട്ടി പഠിപ്പുമുടക്കി സമരമാരംഭിച്ചു. ഇതു നാലാം തവണയാണ് വിദ്യാർഥികള്‍ സമരം നടത്തുന്നത്.ഹോസ്റ്റൽ നിർമാണം പൂര്‍ത്തിയാക്കുക, ലാബ് പ്രവര്‍ത്തനമാരംഭിക്കുക, ഓപറേഷന് തീയറ്ററും ക്ലാസ് മുറിയും നിർമിക്കുക, അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.കഴിഞ്ഞ തവണ സമരം നടത്തിയപ്പോള്‍ ഏപ്രില്‍ 30 നുമുമ്പ് എല്ലാ വിഷയങ്ങളും പരിഹരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഒരു വാഗ്ദാനം പോലും നടപ്പായില്ല. നിലവില്‍ ആണ്‍കുട്ടികള്‍ക്കായി നിർമിച്ച ഹോസ്റ്റലിലാണ് പെണ്‍കുട്ടികള്‍ താമസിക്കുന്നത്. ബാക്കി കുട്ടികള്‍ പല സ്ഥലങ്ങളിലായിട്ടാണ് താമസം. പുതിയതായി 100 കുട്ടികള്‍ കൂടിയെത്തുമ്പോള്‍ വീണ്ടും താമസ സൗകര്യമില്ലാതാകും. പഠിക്കുന്നതിന് 50 പേര്‍ക്കുള്ള ഒരു ക്ലാസ് മുറിയാണുള്ളത്. ഇവിടെ പരീക്ഷ നടക്കുമ്പോള്‍ മറ്റു കുട്ടികള്‍ പുറത്തിറങ്ങി നില്‍ക്കണം. പലപ്പോഴും ഓണ്‍ലൈനായിട്ടാണ് ക്ലാസ്. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ലാബ് കണ്ടിട്ടുപോലുമില്ല. തീയറ്ററില്ലാത്തതിനാല് ഓപറേഷന് നടക്കുന്നില്ല. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഓപറേഷന് സംബന്ധിച്ച് ക്ലാസെടുക്കുന്നില്ല.
ആശുപത്രിയുടെ എല്ലാ ബ്ലോക്കുകളിലും പഠനമുറികള്‍ ആവശ്യമാണ്. ഇതുവരെ ഒന്നുപോലും പൂര്‍ത്തിയായിട്ടില്ല. ഒരെണ്ണം നിർമിച്ച് പാതിവഴിയില്‍ നിർത്തി വെച്ചിരിക്കുകയാണ്.പല വകുപ്പുകളിലും അധ്യാപകരില്ല. പരിശോധന സമയങ്ങളില്‍ ഉദ്യോഗസ്ഥരെ നിയമിക്കും. പരിശോധന പൂര്‍ത്തിയായാല്‍ ഉദ്യോഗസ്ഥര്‍ സ്ഥലംമാറി പോകും. ത്വക്ക് രോഗം സംബന്ധിച്ച് പഠിപ്പിക്കാന്‍ ഇതുവരെ അധ്യാപകര്‍ വന്നിട്ടില്ല. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് ക്ലാസെടുത്തിട്ടില്ലെന്നും വിദ്യാർഥികള്‍ പറഞ്ഞു.