നിപ ബാധിച്ച സ്ത്രീ ഗുരുതരാവസ്ഥയിൽ; സമ്പർക്കപട്ടികയിൽ 49 പേർ
വ്യാഴാഴ്ചയാണ് വളാഞ്ചേരി സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പെരുന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മലപ്പുറം : നിപ ബാധിച്ച് ചികിത്സയിലുള്ള മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാൽപത്തിരണ്ടുകാരി ഗുരുതരാവസ്ഥയിൽ. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ വെന്റിലേറ്ററിലാണ്. ഇവർക്ക് മോണോക്ലോണൽ ആന്റി ബോഡി നൽകിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
അതേസമയം രോഗിയുടെ റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. 12 കുടുംബാംഗങ്ങൾ ഉൾപ്പെടെ 49 പേരാണ് സമ്പർക്കപട്ടികയിലുള്ളത്.
ഇതിൽ ആറുപേർക്കാണ് രോഗലക്ഷണമുള്ളത്. അഞ്ചുപേർ മഞ്ചേരി മെഡി.കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ എറണാകുളത്ത് ഐസൊലേഷനിൽ കഴിയുകയാണ്.നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിക്ക് വ്യാഴാഴ്ചയാണ് നിപ സ്ഥിരീകരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്.