സ്ത്രീകളിലെ കാൻസര്‍ തടയാൻ വാക്സിൻ; ആറ് മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി
ഒൻപത് മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് വാക്സിൻ സ്വീകരിക്കാം

ന്യൂഡല്‍ഹി : സ്ത്രീകളിലെ കാൻസർ തടയാൻ വാക്സിൻ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് റാവു ജാദവ്.ഒൻപത് മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് വാക്സിൻ സ്വീകരിക്കാമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി വ്യക്തമാക്കി. വാക്സിനെ കുറിച്ചുള്ള ഗവേഷണം ഏതാണ്ട് പൂർണമായെന്നും പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.മുപ്പത് വയസ്സിന് മുകളിലുള്ള സ്ത്രീകളെ ആശുപത്രികളില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇതിനു പുറമെ രോഗം നേരത്തേ കണ്ടെത്തുന്നതിനായി ഡേകെയർ കാൻസർ സെന്ററുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാൻസർ ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ കസ്റ്റംസ് തീരുവയും സർക്കാർ ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്തനാര്‍ബുദം, വായിലെ അര്‍ബുദം, സെര്‍വിക്കല്‍ അര്‍ബുദം എന്നീ കാന്‍സര്‍ വകഭേദങ്ങള്‍ക്കുളള വാക്‌സിന്‍ ആണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാവുകയെന്നും മന്ത്രി വ്യക്തമാക്കി.