ചൈനയിൽ പടരുന്ന വൈറസ് ബാധ;ഭയം വേണ്ടെന്ന് വിദഗ്ധർ
എല്ലാ വർഷവും ശൈത്യകാലത്ത് അനുഭവപ്പെടുന്ന സാധാരണ പ്രശ്നം മാത്രമാണിതെന്നാണ് ചൈനീസ് അധികൃതരുടെ പ്രതികരണം.
ന്യൂഡൽഹി: ചൈനയില്‍ പടരുന്ന എച്ച്.എം.പി.വി വൈറസ് ബാധയില്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിദഗ്ധർ. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മതിയെന്നും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും ഡയറക്ടറേറ്റ് ഓഫ് ജനറല്‍ ഹെല്‍ത്ത് സര്‍വീസിലെ ഡോക്ടര്‍ അതുല്‍ ഗോയല്‍ പ്രതികരിച്ചു. ശ്വാസകോശസംബന്ധമായ അണുബാധകള്‍ക്കെതിരേയും പൊതുവായുള്ള മുന്‍കരുതലുകള്‍ പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"എച്ച്.എം.പി.വിക്ക് ആന്റിവൈറല്‍ ചികിത്സ നിലവില്‍ ലഭ്യമല്ല. അതിനാല്‍ തന്നെ മുന്‍കരുതലാണ് പ്രധാനം. 'മെറ്റന്യുമോ വൈറസ് ചൈനയില്‍ വ്യാപിക്കുന്നുവെന്ന വാര്‍ത്തകളാണ് ചുറ്റുമുള്ളത്. ആളുകള്‍ പരിഭ്രാന്തിയിലായിരിക്കുന്നു, എന്നാല്‍ ഞാന്‍ ആദ്യമേ പറയട്ടെ. സാധാരണ ജലദോഷത്തിന് കാരണമാവുന്ന തരത്തിലുള്ള ഒരു വൈറസ് തന്നെയാണ് ഈ രോഗത്തിന് പിന്നിലുമുള്ളത്. ചിലപ്പോല്‍ മാത്രം പനിയുടെ ലക്ഷണങ്ങളിലേക്ക് മാറും", ഡോ. അതുല്‍ ഗോയല്‍ വ്യക്തമാക്കി.
രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ശ്വാസകോശസംബന്ധിയായ രോഗങ്ങളുടെ കണക്കുകള്‍ ഞങ്ങള്‍ പരിശോധിച്ചു. ഡിസംബര്‍ മാസത്തില്‍ വലിയ തോതിലുള്ള വര്‍ധനവൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. അത്തരത്തിലുള്ള കേസുകള്‍ രാജ്യത്തെ ആരോഗ്യസ്ഥാപനവും നല്‍കിയിട്ടില്ല. ശൈത്യകാലത്ത് സാധാരണ നിലയിലുള്ള വൈറസ് വ്യാപനം മാത്രമ ഉണ്ടായിട്ടുള്ളൂ. സ്ഥിതിഗതികള്‍ ദേശീയ ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതിനാല്‍ തന്നെ സാധാരണ എടുക്കേണ്ട തരത്തിലുള്ള മുന്‍കരുതലുകളാണ് പൊതുജനങ്ങള്‍ സ്വീകരിക്കേണ്ടത്. ഡോക്ടര്‍ വ്യക്തമാക്കി.