വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് 1000 സ്ക്വയർഫീറ്റ് വീട് നിർമിച്ചു നൽകുമെന്ന് സംസ്ഥാന സർക്കാർ
ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിർമിച്ചു നൽകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് 1000 സ്ക്വയർഫീറ്റിൽ ഒറ്റനില വീട് നിർമിച്ചു നൽകുമെന്ന് സംസ്ഥാന സർക്കാർ. ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിർമിച്ചു നൽകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിലായിരിക്കും വീടുകൾ നിർമിക്കുക. ഭാവിയിൽ രണ്ടാംനില പണിയാൻ കഴിയുന്ന വിധത്തിലായിരിക്കും നിർമാണം നടത്തുക.വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരിഗണന. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തിൽ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിലങ്ങാട് ദുരിതബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. ദുരന്തബാധിത മേഖലയിൽ സെപ്റ്റംബർ രണ്ടിന് സ്കൂൾ പ്രവേശനോത്സവം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.