വയനാട് പുനരധിവാസം: മാസ്റ്റർപ്ലാനിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. പുനരധിവാസവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മാസ്റ്റർപ്ളാനിന്റെ രൂപരേഖ കഴിഞ്ഞമന്ത്രിസഭാ യാേഗത്തിൽ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു. ഇത് വിശദമായി ചർച്ചചെയ്ത് പുനരധിവാസം എങ്ങനെ വേണമെന്ന കാര്യത്തിലാണ് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനത്തിലെത്തിയത്.
750 കോടിയോളം രൂപ ചെലവിൽ രണ്ട് ടൗൺഷിപ്പുകളിലായി പുനരധിവാസത്തിനായുള്ള വീടുകൾ പണിയുന്നതിനും അതിനുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപാേകുന്നതിനുള്ള നടപടികളുമാണ് ഇന്നത്തെ മന്ത്രിസഭായോഗം ചർച്ചചെയ്തത്. പദ്ധതിയുടെ വിശദാംശങ്ങളും തീരുമാനങ്ങളും വൈകിട്ട് 3.30ന് നടത്തുന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കും.
ആയിരം സ്ക്വയർഫീറ്റുകളുള്ള ഒറ്റനില വീടുകളായിരിക്കും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുക എന്ന് കരട് മാസ്റ്റർ പ്ളാനിൽ പറഞ്ഞിട്ടുള്ളത്. പദ്ധതിയുടെ മേൽനോട്ടത്തിനും നടത്തിപ്പിനും ഓരോ ഏജൻസികളുണ്ടാവും. ഇത് ആരൊക്കെയാണെന്ന കാര്യത്തിൽ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട് എന്താണ് റിപ്പോർട്ട്.
അതിനിടെ വീടുകൾ നിർമ്മിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തവരുമായുളള മുഖ്യമന്ത്രിയുടെ ആദ്യഘട്ട കൂടിക്കാഴ്ചകൾക്ക് ഇന്ന് തുടക്കമാവുകയാണ്. കർണാടക സർക്കാരിന്റെ പ്രതിനിധികളുമായിട്ടായിരിക്കും ആദ്യഘട്ടത്തിൽ കൂടിക്കാഴ്ച നടക്കുക.50 വീടുകൾ നിർമ്മിച്ചുനൽകാമെന്ന് പറഞ്ഞവരുമായാണ് ആദ്യഘട്ടത്തിലെ കൂടിക്കാഴ്ച . ഇതിനുശേഷമായിരിക്കും മറ്റുള്ളവരെ കാണുന്നത് എന്നാണ് റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
അതിനിടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റുകളിൽ സർവേ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനായി സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിലാണ് സംഘം സ്ഥലം പരിശോധിക്കുന്നത്.കൃഷി, വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത മഹസർ നടപടിക്കും തുടക്കമായിട്ടുണ്ട്. പത്തു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവേ നടപടികൾ നടത്തുന്നത്.