മനുഷ്യ വന്യജീവി സംഘർഷം: നിയമഭേദഗതിക്ക് ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

Sep 2, 2026
മനുഷ്യ വന്യജീവി സംഘർഷം: നിയമഭേദഗതിക്ക് ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
v d satheesan c m

മനുഷ്യ-വന്യജീവി സംഘർഷത്തിൽ ശാശ്വത പരിഹാരത്തിന് കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ കർമ്മപദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ചേർന്ന മന്ത്രിമാരുടെയും വനാതിർത്തി മണ്ഡലങ്ങളെ പ്രതിനിധികരിക്കുന്ന എംഎൽഎമാരുടെയും എംപിമാരുടെയും സമ്മേളനം നിയമസഭാ ബാങ്ക്വെറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവി ശല്യം നിയന്ത്രിക്കാൻ 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ ഭേദഗതികൾ ആവശ്യമാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനും വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമുള്ള അധികാരം സംസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സംഘം കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. കാടിനുള്ളിൽ തന്നെ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കും. വയനാട് ഉൾപ്പെടെയുള്ള മേഖലകളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികമുള്ള കടുവകളെ മറ്റ് ടൈഗർ റിസർവുകളിലേക്ക് മാറ്റുന്ന കാര്യം കേന്ദ്രവുമായി ചർച്ച ചെയ്യും. വന്യജീവികളെ തുരത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളും കിടങ്ങുകൾ, വേലികൾ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.

വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും കാർഷിക വിളകൾ നശിക്കുന്നവർക്കുമുള്ള നഷ്ടപരിഹാരം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും കർഷകരും തമ്മിലുള്ള അകലം ഒഴിവാക്കി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും വനംവകുപ്പും പൊതുജനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണാനാകൂവെന്നും വനാതിർത്തികളിൽ ഭീതിയോടെ കഴിയുന്ന കർഷകർക്കും സാധാരണക്കാർക്കുമൊപ്പം സർക്കാർ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വന്യജീവി-മനുഷ്യ സംഘർഷം പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി കേരളത്തെ 14 മേഖലകളായി തിരിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതായി വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കർഷകരെ വിശ്വാസത്തിലെടുത്താകും പദ്ധതികൾ നടപ്പാക്കുക. വിളനാശത്തിനുള്ള നഷ്ടപരിഹാരം വർധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അടിയന്തര ഇടപെടലുകൾക്കായി നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക സമിതികളും പ്രാദേശിക കമാൻഡ് സെന്ററുകളും രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വന്യജീവി ആക്രമണങ്ങളിൽ ഇരയാകുന്നവർക്ക് മികച്ച നഷ്ടപരിഹാരവും ചികിത്സാ സഹായവും ഉറപ്പാക്കാൻ മോട്ടോർ വാഹന അപകടങ്ങളുടെ മാതൃകയിൽ ട്രൈബ്യൂണൽ സംവിധാനം വേണം. സോളാർ ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര, നബാർഡ് ഫണ്ട് ലഭ്യമാക്കണമെന്നും കാട്ടുപന്നികളെ നിയന്ത്രിക്കാൻ കേന്ദ്രനുമതിയോടെ കൃത്യമായ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതിലോല പ്രദേശ നിർണ്ണയത്തിൽ ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണമായി ഒഴിവാക്കി ജനങ്ങളുടെ താൽപര്യം സംരക്ഷിച്ചായിരിക്കും സർക്കാർ നടപടി സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിമാരായ എ പി അനിൽകുമാർ, കെ എ തുളസി, റോജി എം ജോൺ, എൻ ഷംസുദീൻ, ടി സിദ്ദിഖ്, പി കെ ബഷീർ, എംപിമാർ, എംഎൽഎ മാർ വനം മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ രാജേഷ് രവീന്ദ്രൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.