തൂഫാൻ; ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
വനാതിർത്തി നിർണ്ണയത്തിൽ ജനവാസ മേഖലകൾ ഒഴിവാക്കും
സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ സർക്കാർ ആരംഭിച്ച 'തൂഫാൻ' ലഹരി വിരുദ്ധ പദ്ധതി അതിശക്തമായി മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മയക്കുമരുന്ന് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെയോ അവരെ സഹായിക്കുന്ന പൊതുപ്രവർത്തകരെയോ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പൂർണ പിന്തുണയുണ്ടെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
വനാതിർത്തി നിർണ്ണയത്തിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കസ്തൂരിരംഗൻ കമ്മിറ്റി ആദ്യം 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി നിർദേശിച്ചത്. ഉമ്മൻ വി ഉമ്മൻ കമ്മിറ്റി നടത്തിയ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇത് 123 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്ററായി കുറച്ചു. പിന്നീട് വില്ലേജ് വിഭജനത്തെ തുടർന്ന് 131 വില്ലേജുകളായെങ്കിലും കഴിഞ്ഞ സർക്കാർ ഇത് 98 വില്ലേജുകളായി ചുരുക്കി. നിലവിലെ കരട് റിപ്പോർട്ടിന്റെ കാലാവധി നീട്ടുന്നതിനുള്ള പുതിയ ഡ്രാഫ്റ്റ് മാത്രമാണ് ഇപ്പോൾ വന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി ലോല മേഖലയായി കണക്കാക്കുന്ന പതിനായിരത്തോളം ചതുരശ്ര കിലോമീറ്ററിൽ ഏകദേശം 9,200 ചതുരശ്ര കിലോമീറ്ററും റിസർവ് വനമാണ്. 98 വില്ലേജുകളിലായി 8,590 ചതുരശ്ര കിലോമീറ്ററായി പരിധി പരിമിതപ്പെടുത്തണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ശക്തമായ നിലപാട്. വനത്തോടൊപ്പം ജനവാസ കേന്ദ്രങ്ങളുള്ള വില്ലേജുകളിൽ ജനവാസ മേഖലകൾ പൂർണമായും ഒഴിവാക്കി വനപ്രദേശം മാത്രം ഉൾപ്പെടുത്തണമെന്നും ഒരു വില്ലേജും പൂർണമായി വനാതിർത്തിയായി പ്രഖ്യാപിക്കരുതെന്നും വിദഗ്ധ സമിതിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ പരിധിവിട്ട് കടമെടുക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വസ്തുതകൾ പഠിക്കാതെയും ധവളപത്രം പരിശോധിക്കാതെയുമാണ് ഇത്തരം പ്രചരണങ്ങൾ. മുൻപ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമായിരുന്നെങ്കിൽ നിലവിൽ കേന്ദ്രം അത് മൂന്ന് ശതമാനമായി വെട്ടിക്കുറച്ചു. ഊർജമേഖലയ്ക്ക് അധികമായി അനുവദിച്ചിരുന്ന 0.5 ശതമാനം കടമെടുപ്പ് ആനുകൂല്യവും ഇപ്പോൾ ലഭിക്കുന്നില്ല. ഇതിനൊപ്പം 15-ാം ധനകാര്യ കമ്മീഷൻ വഴി ലഭിച്ചിരുന്ന 55,000 കോടി രൂപയുടെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് 16-ാം ധനകാര്യ കമ്മീഷൻ അനുവദിക്കാതിരുന്നതും വലിയ തിരിച്ചടിയായി. ഈ തുക തുടർന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുൻ ധനമന്ത്രി ബജറ്റ് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നികുതി വിഹിതത്തിലുണ്ടായ കുറവിലൂടെ കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട തുകയിലും ഏകദേശം 20,000 കോടി രൂപയുടെ ഇടിവുണ്ടായി.
ബജറ്റിന് പുറത്ത് കിഫ്ബി വഴിയുള്ള 38,000 കോടി രൂപയുടെ ബാധ്യതയും തീർക്കാനുണ്ട്. വരുമാനത്തിലും കടമെടുപ്പ് പരിധിയിലും വലിയ കുറവുണ്ടായിട്ടും കേന്ദ്രം വെട്ടിക്കുറച്ച പരിധിക്കുള്ളിൽ നിന്നുകൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മുൻകാലത്തെ കുടിശികകൾ കൂടി തീർത്തുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോകത്ത് കടമെടുക്കാതെ പ്രവർത്തിക്കുന്ന ഒരു സർക്കാരുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അപേക്ഷകളുടെ പരിശോധന വേഗത്തിൽ പൂർത്തിയാക്കി ഈ ആഴ്ച്ച തന്നെ തുക വിതരണം ചെയ്തു തുടങ്ങും. വയനാട് തുരങ്കപാതയിലെ മണ്ണിടിച്ചിൽ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് ഉടൻ സർക്കാരിന് ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലയണൽ മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കായിക വകുപ്പ് നൽകിയ പരാതി തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. ജിഎസ് ടി ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ടുകളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഓണക്കാലത്ത് സർക്കാരിന്റെ എല്ലാ വകുപ്പുകളും മികച്ച രീതിയിൽ പ്രവർത്തിച്ചു. കെഎസ്ആർടിസി സൗജന്യ യാത്രകൾ നൽകിയിട്ടും റെക്കോർഡ് കളക്ഷൻ നേടി. സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി 13 അവശ്യസാധനങ്ങൾ ജനങ്ങളിൽ എത്തിച്ച് വിപണി സജീവമാക്കാനും സാധിച്ചു. വിനോദസഞ്ചാര വകുപ്പ് മികച്ച രീതിയിൽ ഓണപ്പരിപാടികൾ സംഘടിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
റെയിൽവേ വിഭജനത്തിനെതിരെയുള്ള സംസ്ഥാനത്തിന്റെ ശക്തമായ എതിർപ്പ് പ്രധാനമന്ത്രിയെയും റെയിൽവേ മന്ത്രിയെയും നേരിൽ കണ്ട് അറിയിക്കും. പ്രിയദർശിനി പദ്ധതിയിൽ സ്വകാര്യ മേഖലയെക്കൂടി സംരക്ഷിക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ പരിശോധിച്ചു നടപ്പിലാക്കും. തിയേറ്ററുകളിൽ ഭക്ഷ്യസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് സംബന്ധിച്ച പരാതി സർക്കാർ പരിശോധിക്കും. പുതിയ നികുതികൾ അടിച്ചേൽപ്പിക്കാതെ വിപണിയെ ഉത്തേജിപ്പിച്ച് സർക്കാരിന്റെ വരുമാനം വർധിപ്പിക്കുന്ന സാമ്പത്തിക നയമാണ് സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


